കുമാരേട്ടൻ
-----------------------------------------------
കുമാരേട്ടാ ഇന്ന് ഉറങ്ങുന്നില്ലേ"?
നിലത്തിരുന്ന് ഡബിൾ കട്ടിലിന്റെ കാലിൽ ചാരി "ജീവഹാനി"യുടെ അവസാന പഫ്ഫ് ആഞ്ഞു വലിക്കുകയാണ് കുമാരേട്ടൻ
"എന്റെ അശറഫെ... ഉറങ്ങാന്‍ പൂതി ഇല്ലേറ്റല്ല
ഞി കണ്ടോ ശാന്തേന്റെ കത്ത്" ?
"കഴിഞ്ഞ മാസം ശമ്പളം കിട്ടീറ്റ്
മെസ്സിന്റെ പൈസ കൂടി കൊടുക്കാണ്ടാ
ഞാന്‍ നാട്ടീ പൈസ അയച്ചത്,
ഞി കണ്ടതല്ലേ ?"
ഇപ്പം ഇതാ
പിന്നെ ബന്നുക്ക് പൈസക്ക് കത്ത്
ഞാനെട പോണ്ട്യെ പയിസക്ക് ?
നാട്ടിൽ കൂലി വിലയായിരുന്നു, കുടുംബം അല്ലലില്ലാതെ പോയിരുന്നു ആ ഇടക്കാണ് അത്തറിന്റെ മണവും റോത്മൻ സിഗരറ്റും കുമാരേട്ടന് മോഹമുദിപ്പിച്ചത്
കിട്ടുന്ന കൂലിക്ക് അരിയും ചില്ലാനവും വാങ്ങി ഇത്തിരി "മോന്താനും" ഉണ്ടാവുമെന്ന് കുരമാരേട്ടന്‍ പറയുമായിരുന്നു.
ഗൾഫിൽ എത്താനായിരുന്നു പണി എത്തിയപ്പോൾ കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല ഒളിഞ്ഞു പൊത്തിയും അവിടവിടങ്ങളിൽ ജോലി. പക്ഷെ നാട്ടിൽ കൃത്യമായി പണം അയക്കുമായിരുന്നു.
ഒപ്പിട്ടു വാങ്ങുന്ന പൈസയും അത്തറിന്റെ മണമുള്ള കത്തും ശാന്തയില്‍ ചില്ലറയല്ലാത്ത മാറ്റമുണ്ടാക്കി,
പുല്ലരിഞ്ഞ കൈക്ക് തെരുപ്പ്, ചാണക കൂട്ടയും കൊണ്ട് മല കയറിയവള്‍ക്ക് നടക്കാന്‍ വയ്യ, കൊട്ടക്കാരന്റെ മീനിനു ടേസ്റ്റ് ഇല്ല, റേഷനരിക്ക് വേവ് പോരാ. ഓണത്തിനും വിഷു വിനും വാങ്ങിക്കുമായിരുന്നു ഉടുപ്പും, ചിക്കനും മാസത്തില്‍ പലദിവസം വരെ എത്തി.
ഉറക്കും വിശ്രമവും ദിര്‌ഹമിനു പകരം നല്‍കി വീടുകാരെ സുഖമായി ഉറക്കുന്ന പ്രവാസിയുടെ നേര്ചിത്രമാണ് കുമാരേട്ടന്‍,
മകള്‍ വലുതാവുന്നതും ജോലി സാധ്യതകൾ മങ്ങുന്നതും കുമാരേട്ടനെ തളര്‍ത്തി കൊണ്ടിരുന്നു എന്നാലും ശാന്തയുടെ ഒരാവശ്യവും കുമാരേട്ടന്‍ സാധിപ്പിക്കാതിരുന്നില്ല.
'ഓള് എന്റൊടി ഇറങ്ങി പോന്നിറ്റ് ഒരു സോകോം കിറ്റീക്കില്ല ഓളെ പോലത്തോള് സാരീം ചൊരിദാറും ഇട്ട് പോവുമ്മം ഒക്കു ഇണ്ടാവൂലെ ഒരു പൂതി. ഞമ്മള്‍ ഈട കഷ്ട പെടുന്നത് ഓലിക്കല്ലേ?
ഒഴിഞ്ഞ പേഴ്സ് നോക്കി കുമാരേട്ടന്‍ പറഞ്ഞു തീര്‍ക്കും.
"എനക്കിനി ഒരു ആശേ ഉള്ളൂ എന്റെ മോളെ ഒരുത്തനെ ഏല്‍പ്പിക്കണം.
കുറച്ചു സ്വര്‍ണം ഒക്കെ ഞാന്‍ വാങ്ങി ശാന്തയെ ഏൽപ്പിച്ചിട്ടുണ്ട് ഒന്ന് രണ്ടു പവന്‍ കൂടി ആയാല്‍ സങ്ങതീ നടക്കും
എന്നിട്ട് ബേണം എനിക്ക് നാട്ടില്‍ കൂടാന്‍".
കുമാരേട്ടന്റെ വാക്കുകള്‍ എന്നെ വീണ്ടും നാടിലെത്തിച്ചു ...
കഴിഞ്ഞ ലീവിന് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ശാന്തയെ കണ്ടിരുന്നു കടുകെണ്ണ യുടെയും വിയര്‍പ്പിന്റെയും വാസനക്ക് പകരം
നല്ല ശംബൂ വിന്റെ മണവും തേച്ചു മിനുക്കിയ ചുരിദാറും ഒരു ബേഗും.
"അല്ല ശാന്തേ ഇഞ്ഞിപ്പം ട്ടീച്ചറായൊ? " എന്റെ കൂട്ടുകാരന്റെ കമന്റ്.
"ഉയീ.. ഇങ്ങകെന്താ ഇത് ഞാന്‍ കയിഞ്ഞ ഓണത്തിന് എടുത്തതാ ഇപ്പം ബാങ്കില് പോന്നത് കൊണ്ട് ഇട്ടെല്ലെ".?
"കുമാരേട്ടന്‍ വിളികലുണ്ടോ"?.
"ഹും..ബിളിക്ക്ന്നു ഇങ്ങകെന്താ ഞാനും മോളും ഇങ്ങനെ അങ്ങ് കയീന്ന് എന്നല്ലാണ്ട് ."
എതിരെ വന്ന ഓട്ടോ കൈ കൊട്ടി വിളിച്ചു അവള്‍ അതില്‍ യാത്രയായി.
"ശാന്തയോ കുമാരേട്ടനോ ആരാണ് നേര്" ?..
ചിന്തിച്ചു വീടിലേക്ക് നടന്നു വൈകുന്നേരം ചിരുത വന്നു, കുമാരേട്ടന്റെ അമ്മ,
"ഉമ്മെറ്റിയാരെ ആയ്യാറാപിളെന്റെ പെട്ടീല് ബെത്തിലെന്റെ മൂകുണ്ടോ നോക്കീ അനക്ക് മുറുകോന്‍ മുട്ടീറ്റ...ഇത്തിരി പോഹെലയും ബേണേ..."
ചിരുത ഇന്നും ചിരുത തന്നെ ഞാന്‍ എന്റെ ബാല്യത്തിലും യവ്വനത്തിലും ഇപ്പോളിതാ വാര്‌ദക്യതിലും കാണുന്ന ചിരുത.. പ്രായം ചര്‍മത്തില്‍ ചുളിവ് തീര്‍ത്തെങ്കിലും ഇന്നും നടന്നു അങ്ങാടി വരെ പോകും.
"ചിരുതെച്ചീ ശാന്തയുടെ വിവരം എന്താ" എന്നിലെ അന്വേഷി ഒരു ചോദ്യ മെറിഞ്ഞു.
"ഹും ..അസത്ത് എന്റെ മോന്‍ കഷ്ട പെട്ട് ഉണ്ടാക്കുന്നത് "കൊസേലടിച്ചു" തീർക്കാൻ വന്ന കുരിപ്പല്ലേ ഒള്"
ഒരു കൊച്ചു പാട്ടയുമായി പാല് വാങ്ങാന്‍ വന്ന ശാലിനി, കുമാരേട്ടന്റെ മോള് , ഞാന്‍ ചോദിച്ചു
"ശാലിനിയെ ഇപ്പൊ പുറത്തൊന്നും കാണുന്നില്ലാലോ "
"ഒരു പാട് പഠിക്കാന്‍ ഉണ്ട് അടുത്ത മാസം എക്‌സാമ പാസ്സായാല്‍ അവിടെത്തന്നെ ജോലി തരാമെന്നു പറഞ്ഞിടുണ്ട് "
തൂണിന്റെ മറയിലൊട്ട് മാറി നിന്ന് ശാലിനി പറയാന്‍ തുടങ്ങി..
"എവിടെ ?"
സഹകരണ ഹൊസ്പിറ്റല്..,എന്നിറ്റ് വേണം എന്റെ അച്ഛന ഇവിടെ തന്നെ നിര്‍ത്താന്‍ എത്ര കാലാന്നെച്ചാ ...അച്ചനിങ്ങനെ .....ശാലിനിയുടെ വാക്കുകളിലെ സ്നേഹവും സങ്കടവും ..ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു...
"ഇഞ്ഞെന്താടോ മിണ്ടാത്തെ?"
കുമാരേട്ടന്റെ ശബ്ദം എന്നെ തിരിച്ചു വിളിച്ചു
"ഹേ ഒന്നൂല നമുക്ക് ഉറങ്ങാം"..
കാലത്ത് ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ ഞാൻ കാണുന്നത് കുമാരേട്ടനെ ഒന്ന് രണ്ടു പേര്‍ താങ്ങി പിടിച്ചു കിടതുന്നതാണ്.
കൂട്ടുകാരോട് ഞാന്‍ കാര്യം തിരക്കി ഒരു ഫോണ്‍ വന്നതാ..ശാന്ത ആരുടെയോ കൂടെ ...
പോകുമ്പോള്‍ മകളെ കല്യാണത്തിന് കുമാരേട്ടന്‍ ഒരുക്കി വെച്ച സ്വര്‍ണവും ........!
ജീവിതത്തിലെ ഒരു പാട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരു "കോമ" യായി കിടക്കുന്ന കുമാരേട്ടന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം
അഷ്‌റഫ്.എസ്സം.വരിക്കോളി