ആകെ പേജ്‌കാഴ്‌ചകള്‍

2015 മാർച്ച് 22, ഞായറാഴ്‌ച

ഒരു ജലദിനം കൂടി കഴിയുമ്പോൾ

ഒരു ജലദിനം കൂടി കഴിഞ്ഞു
---------------------------------------------
വരും തലമുറയെ കുറിച്ച് പാടുന്നവരും പറയുന്നവരും സ്വന്തം വീടിനു പുറത്ത് മഴ വെള്ള സംഭരണി ഉണ്ടാക്കിയാലേ വീട്ട് നമ്പർ ഇടുകയുള്ളൂ എന്ന് പറഞ്ഞാൽ അവിടെ കൈമടക്ക് കൊടുത്ത് സാധിപ്പിചെടുക്കും, വയൽ നികത്തുന്നതിനെതിരെ ആരെങ്കിലും സമരം ചെയ്‌താൽ അതിന്റെ നേതാവിനെ സൽകരിചു പ്രശനം ഒതുക്കും , പിന്നെയും അവൻ പറയും ജല ചൂഷണം വരും തലമുറയുടെ ആധി.. ചെയ്യേണ്ടവർ ചെയ്യാതിരിക്കും കാലം വരെ എല്ലാം വനരോദനങ്ങൾ മാത്രമായി അവസാനിക്കും..
ഇവിടെ സർക്കാരുകൾക്ക് ചെയ്യാനുള്ളത്
ഭൂഗര്ഭ ജല സ്രോതസ്സ് കുറഞ്ഞ നാടുകളിൽ സമുദ്ര ജലം ശുദ്ധീകരിച്ചാണ് ജല വിതരണം നടത്തുന്നത്. സാങ്കേതിക വിദ്യയും അതിലേറെ അഭ്യസ്ത വിദ്യരും ഉള്ള നമ്മുടെ നാട്ടിൽ ജല ശുദ്ധീകരണ ശാല (desalination plants) ഉണ്ടാക്കി ജല ശുദ്ധീകരണം നടത്തി വ്യാവസായിക ആവശ്യങ്ങൾക്കുള്ള ജലം കണ്ടെത്തിയാൽ ഒരു പരുധിവരെ ഭൂഗര്ഭ ജല ചൂഷണം തടയാം അതിനു ചിലവാകുന്ന പണവും ചെറിയ ലാഭവും വ്യവസായികളിൽ നിന്നും ഈടാക്കാം, ഇവിടെ വളരെ ചെലവ് കുറഞ്ഞ കരാറിൽ വ്യവസായം തുടങ്ങുകയും പിന്നീട് ചൂഷണം നടത്തുകയും ചെയ്യുന്ന കുടിവെള്ള കമ്പനികൾ പല നേതാക്കളുടെയും ബിനാമികളാണ് അവരിൽ നിന്നും അർഹമായ നീതി പ്രതീക്ഷിക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനായ് ഭൂഗര്ഭ ജലമെടുപ്പ് തടയുകയും അവർക്ക് ശുദ്ധീകരിച്ച വെള്ളം (കടൽവെള്ളം ) ലഭ്യമാക്കുകയും ചെയ്‌താൽ തൊഴിലവസരവും ജല ചൂഷണവും തടയാം.
ഒപ്പം ജനങ്ങളും സഹകരിക്കുക
വീടുകളിൽ മലിനീകരണ പ്ലാന്റുകളും മഴ വെള്ള സംഭരണിയും പ്രോസാഹിപ്പിക്കുക. വെട്ടി ഒപ്പിച്ച ചെടികളും വെള്ളമിറങ്ങാത്ത പുൽമെത്തയും വീടിനു അലങ്കാരമായ് സ്ഥാപിച്ചെടുക്കുമ്പോൾ അതിനു വേണ്ടി ചിലവിടുന്ന വെള്ളം വരും തലമുറയുടെ നീക്കിയിരിപ്പ് ആവാതിരിക്കാൻ ശ്രദ്ധിക്കുക .ആഡംബര കാറ് മുതൽ ഇന്റർ ലോക്കിട്ട മുറ്റം വരെ അമിതമായ വെള്ളമുപയോഗിച്ച്‌ കഴുകുന്നത് കാണാം, അത്തരം ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്ടുത്തുക. സ്വന്തം കിണാരാണെങ്കിലും നിങ്ങൾ വറ്റിചെടുക്കുന്നത് അയൽകാരന്റെ കൂടി അവകാശമെന്നോർക്കുക
ടിവിയും ഫ്രിഡ്ജും എ സിയും ആയിരുന്നു ഇതുവരെ ആഡംബര ചിന്നങ്ങൾ ഇന്നത് മാറി കാവൽക്കാരനും തോട്ടക്കാരനും പരിചാരകരും എല്ലാ വീട്ടിലും വേണം എന്ന് ആഗ്രഹിക്കുന്നിടത്ത് എത്തിയിരിക്കുന്ന കാര്യങ്ങൾ. വില കൊടുത്ത് വാങ്ങാൻ ആവശ്യമായ ഉൽപന്നങ്ങൾ വിപണിയിൽ ഇല്ലങ്കിൽ പണമെന്തിനു കൂട്ടരേ..? ഉപയോഗിച്ച് വലിച്ചെറിയുന്നതിനോടപ്പം അതുണ്ടാക്കാനുള്ള വഴി കൂടി തുറക്കുക , ഉള്ളത് സംരക്ഷിക്കാനും ......
അഷ്‌റഫ്‌ എസ്സം വരിക്കോളി

ജലദിനം


ജലദിനം 

-----------------------
അന്ന് മഴവരുമ്പോൾ ആധിയായിരുന്നു
ചോർന്നൊലിക്കുന്ന മെൽകൂരക്ക് താഴെ
നിരത്തിവെക്കാനുള്ള പാത്രങ്ങളില്ലാഞ്ഞു 
അഴയിലിട്ട തുണിയുടെ പച്ച മാറാഞ്ഞ്
ഊതി ഊതി കണ്ണ് നിറയുന്ന വിറകിനെ ഓർത്ത്
വില്ല് പൊട്ടിയ കുടയുമായ് പോകുന്ന കുഞ്ഞിനെ ഓർത്ത്
ഇന്ന് മഴ കൗതുകമാണ്
നിറഞ്ഞിരിക്കാൻ വയലുകൾ ഇല്ലാഞ്ഞു
റോഡിലൂടെ പുഴയായ് ഒഴുകുന്ന മഴയെ കാണാൻ
ഓടയിലെ എച്ചിലുകൾകൊപ്പം നടന്നകലുന്ന
വഴിയാത്രക്കാരനെ കാണാൻ
ഋതുക്കൾ തെറ്റി വിരുന്നു പോകുന്നു മഴ മേഘങ്ങൾ
കാടാറുകൾ പാഴ്നിലമായി
കായലുകൾ മണി സൗധമായി
വരും തലമുറയോടെഴുതി പറയണം
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 20, വെള്ളിയാഴ്‌ച

ഹുബ്ബു റസൂൽ

ഹുബ്ബു റസൂൽ ...........
---------------------------------

റബീഇൻ നിലാവേറ്റെൻ
മനസ്സിന്റെ ഇരുളറകൾ
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ ..

ആ പാദ ദല മേറ്റ് പുളകിതമായൊരു
മക്കാ മണൽ തരിയായെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ

ആ കരമെന്നും മുത്തി മണത്തൊരു
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
ബദറിന്റെ നിഴലായി തീർന്നെങ്കിൽ

ലോകം ഹബീബെന്നോതിയ നൂറിന്റെ
നല്ലൊരു ഖാദിമായി തീർന്നുവെങ്കിൽ
ആ തിരുവുടലിൽ തട്ടിത്തെറിച്ചൊരു
ജലകണമായ് ഞാൻ  മാറിയെങ്കിൽ

ഖൗസറിൻ ചാരത്ത് തിരുമുഖം കാണുവാൻ
കരുണ നൽകീടണേ സർവ്വ നാഥാ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാ അത്തിനർഹരിൽ ചേർക്കു നാഥാ 

രബീഇൻ ................


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 11, ബുധനാഴ്‌ച

തുമ്പി

പൊക്കൻ (തുമ്പി )
--------------------------------
പിന്നാലെ പോകുമ്പോൾ
മിണ്ടാതെ പോകണം
അമർന്നിരിക്കുമ്പോൾ
വാലിൽ പിടിക്കണം
പിന്നെ ചിറകിലേക്കും
കയ്യിലോതുങ്ങിയാൽ
കല്ലെടുപ്പിക്കാം
വാലിൽ കെട്ടി ദൂരെ പറപ്പിക്കാം
ഉയര്ന്നു പറക്കുമ്പോൾ
നൂലിൽ പിടിച്ചു തന്നിലേക്കടുപ്പിക്കാം
നിസ്സഹായത കണ്ടു പൊട്ടിച്ചിരിക്കാം
കുതറി ഓടാൻ കഴിയാതെ
ചത്തു മലക്കുമ്പോൾ
ദൂരേ കളയാം
ഈ കാട്ടിലിനിയുമെത്ര തുമ്പികൾ
ഈ കാടെനിക്ക് സ്വന്തം
ഇതിലെ പൂത്തുമ്പിയും..........

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 9, തിങ്കളാഴ്‌ച

മഴ

മഴ ..............(കുട്ടി കവിത )
----------------
ആകാശത്തമ്പിളി മാമനെ കണ്ടില്ല
കൂരിരുൾ മുറ്റിയ മുകിലു മാത്രം
പെട്ടൊന്നൊരച്ചയും മിന്നലും കണ്ടു
ഞാനുമ്മയെ കെട്ടിപ്പിടിച്ചു നിന്നു

തെങ്ങും കവുങ്ങും നൃത്തമാടി
തെങ്ങോലെ പട്ടോ ന്നടിച്ചു വീണു
തുള്ളിക്കൊരു കുടം വെള്ളവുമായി
മുറ്റം നിറയെ മഴയുമെത്തി
മുറ്റം നിറഞ്ഞു കവിഞ്ഞൊഴുകി
തോടും വയലും നിറഞ്ഞൊഴുകി

മഴനാരു മെല്ലെയടങ്ങിയപ്പോൾ
ചേച്ചിയെ കൂട്ടി പുറത്തിറങ്ങി
ഇറവെള്ളമൊക്കെ തടഞ്ഞു വെച്ച്
കടലാസ് തോണി യൊഴുക്കി വിട്ടു
കുഞ്ഞുടുപ്പൊക്കെ നനഞ്ഞു കണ്ടു
ഉമ്മ വടിയുമായോങ്ങി നിന്നു

തവളകൾ പേക്രോം കരഞ്ഞ നേരം
പാറ്റകളല്ലാം പറന്നു വന്നു
തീയും വെളിച്ചവും തൊട്ട് മുത്തി
ചിറകു കൊഴിച്ചവർ യാത്രയായി

അഷ്‌റഫ്‌ എസ്സം വരിക്കോളി

ഒറ്റക്കട്ടിൽ

ഒറ്റക്കട്ടിൽ
-----------------------------
പ്രവാസത്തിന്റെ ഈ ഒറ്റക്കട്ടിലിൽ
ആയുസിന്റെ തിരിനാളങ്ങൾ
എരിഞ്ഞടങ്ങുമ്പോൾ 
നാളെ ഒരു കൂട്ട കരച്ചിലിന് മുമ്പെങ്കിലും
വീടണയാൻ കഴിയണം
ഷുഗറും പ്രഷറും
ഹാര്ട്ടിനും കിഡ്നിക്കും നേരെ
വാളോങ്ങി നിൽകുമ്പോൾ
കാലെടുത്ത് വെക്കാൻ
താഴെ ശൂന്യത മാത്രം
മണ്ണും മാളികയും സ്വപ്നം കണ്ടതും
വികാരവും വിചാരവും പങ്കു വെച്ചതും
ഈ ഒറ്റക്കട്ടിലിലായിരുന്നു
ഇരുളിലൊരു മഞ്ചിരാതെങ്കിലും
കത്തിച്ചു വെക്കാൻ
കരുത്തു തന്നവൻ ഈ ഒറ്റക്കട്ടിൽ
കത്തുന്ന ഖൽബിൽ കുളിരു കോരിയ
മരുക്കാറ്റിനൊടും
സാന്ത്വനം തന്ന സഹമുറിയരോടും
നന്ദി ചൊല്ലണം
മടക്കമില്ലാത്ത യാത്രക്ക് വിളിക്കും മുമ്പേ
ഒരു യാത്ര പോകണം ...
അഷറഫ് എസ്സം വരിക്കോളി

2015 മാർച്ച് 1, ഞായറാഴ്‌ച

ഇരകൾ

ഇരകൾ .
-----------------------
കാവൽക്കാരന്റെ വെടിയേറ്റു
ചോര കിനിയുന്ന ചങ്കുമായ്
വെള്ളരി പ്രാവുകൾ പറന്നുയർന്നു 
കനലുണങ്ങാത്ത കൂടുകളിൽ
പ്രതീക്ഷയുടെ മൻചിരാതുകൾ
വാക്കുറപ്പിൽ തെളിച്ചു വെച്ച്
പ്രാർഥനപ്പായയിൽ അവർ
പ്രഭാതം കാത്തിരിക്കുകയാണ്
സാത്താന്റെ വാക്കുകൾ പോലും
പുണ്യമായ് തോന്നുന്ന
നിസ്സഹായതയുടെ കൂരിരുട്ടിൽ
ചുണ്ടമർത്തി കണ്ണടച്ച് .............
അഷ്‌റഫ്‌ എസ്സം വരിക്കോളി

വഞ്ചിക്കപ്പെടുന്നവർ

വഞ്ചിക്കപ്പെടുന്നവർ
--------------------------------------
കോർപ്പറേറ്റ്കൾക്ക് വേണ്ടി
എഴുതി തള്ളിയ
കുടിശ്ശികയോളം വരില്ല
ഭാരതത്തിലെ പട്ടിണിയുടെ വലുപ്പം
എന്നിട്ടും വീണ്ടും വീണ്ടും
കുത്തക പ്രീണനം നടത്തുന്ന
സർക്കാറുകൾക്ക് മുന്നിൽ
ഓച്ചാനിച്ച് നിൽകുകയാണ്‌ ജനം
മദ്ദളം ചെണ്ടയോടും
ചെണ്ട മദ്ദളത്തോടും
സങ്കടം പറയുന്ന അറ്റമില്ലാത്ത കാഴ്ച
ഇല്ല കൂട്ടരേ നാം മാറ്റത്തിന്
സ്വയം തയാറാവാതിടം വരെ
നമ്മെ ആരും മാറ്റുകയില്ല
ആർത്തിയുടെ കൈകടത്തലുകൾ
തീ ഗോളങ്ങളായ്
തലയിൽ വീഴുന്നതിൻ മുന്നേ
ഒരു മുദ്രാവാക്യം ,
മത ജാതി രാഷ്ട്രീയ കുടിലതകൾക്കപ്പുറം
ഭാരതീയനായ് , മനുഷ്യനായ്
നന്മയുടെ, ഐക്യത്തിന്റെ,
സാധുജനത്തിന്റെ,
ഒരു സംഘശബ്ദം................ .

അഷ്‌റഫ്‌ എസ്സം വരിക്കോളി