ആകെ പേജ്‌കാഴ്‌ചകള്‍

2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

അസ്തമയം ......

അസ്തമയം ..............
-------------------------------
സ്വപ്ന മയൂഖം നെഞ്ചിലേറ്റി
ചിത്തിര തോണിയിൽ യാത്ര പോണം
ചിത്ര കൂടത്തിൽ രാവ് പാർക്കാൻ
നൊമ്പര പൂവുകൾ കുമ്പിളിൽ പേറി
മാനസ മുറ്റത്ത് കോലം വരക്കണം
ഒറ്റ കൊമ്പിൽ ഊഞ്ഞാലു കെട്ടി
മോഹങ്ങളൊക്കയും ആട്ടി കളിക്കണം
കണ്ണിലെ സൂര്യന്റയന്തി ചുവപ്പുകൾ
വെള്ളി വരകളിൽ തഴുകി തലോടുമ്പോൾ
നീരുകൾ വറ്റി കുറിയിട്ട ചർമ്മത്തിൽ
പാഴ് വാക്ക് ചോപ്പിച്ച മൈലാഞ്ചി തേക്കണം
കാത്തിരിപ്പിന്റെ കോരിത്തരിപ്പുകൾ
മറവിയുടെ കടലിൽ നിമജ്ജനം ചെയ്യണം
സ്വപ്നങ്ങളൊക്കയും ഉരുളയായി വെച്ച്
മോഹ പ്രേതങ്ങളെ കൈകൊട്ടി വിളിക്കണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ടോൾ ഭീമൻ ......
------------------------------
വീട്ടിലേക്കുള്ള വഴികൾ കൂടി
ടോൾ ഭീമനു തീരെഴുതുമ്പോൾ
ആകാശ സഞ്ചാരത്തിനു പറവയും
അമിഞ്ഞ പാലിന് കൈകുഞ്ഞും
നികുതി ചുമത്താൻ ബാക്കിയാവും
കിണറ്റിലൂറുന്ന ജലകണത്തിനൊരുന്നാൾ
കണക്കു വെച്ചവർ നികുതി വാങ്ങും .....
അഴിമതിയുടെ ഓട്ട കുത്തിയ ഖജനാവിൽ
നികുതിദായകന്റെ നിലവിളികൾ കേൾക്കാം .......

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

ചോര മണക്കുന്ന സിറിയ ...

ചോര മണക്കുന്ന സിറിയ ..
-----------------------------------
അധികാരത്തിന്റെ രാസ പ്രയോഗങ്ങൾ
പിഞ്ച് ജീവനുകൾ കവർന്നെടുകുമ്പോൾ
മരണമയച്ച കാപാലികരെ ഇരുട്ടിൽ
തപ്പുകയാണ്‌ ലോകം

സമര വീര്യങ്ങളുടെ തലച്ചതച്ചു
രഥ മുരുട്ടുന്നവർ ഓർക്കുന്നില്ലേ
സ്വേച്ഛാധിപതികളുടെ
തകർന്നടിഞ്ഞ കഥകൾ
അധികാരത്തിന്റെ
അന്ത:പുരങ്ങളിലിരുന്ന്
മരണ മെറിഞ്ഞു കളിക്കുന്നവർ
ഫറോവയും ഗദ്ധാഫിയും
ഒലിച്ചിറങ്ങിയ പരാജയ കുഴിലേക്ക്
വലിച്ചെറിയപ്പെടുക തന്നെ ചെയ്യും

മതവും രാഷ്ട്രീയവുമില്ലാത്ത
പോരാട്ടത്തെ പൂ പേരിട്ടു
പ്രണയ മരണങ്ങളായാസ്വതിക്കുന്നു
ലോക പോലീസുകൾ

നിണം പറ്റിപിടിച്ച സിറിയൻ മണ്ണിൽ
മരണം ഭയക്കാത്ത തീ പന്തങ്ങൾ
സ്വാതന്ത്ര്യത്തിന്റെ തഖ്ബീർ മുഴക്കുമ്പോൾ
ഇരയേയും വേട്ടക്കാരനേയും സമര വീര്യരാക്കി
തീ ബാണമയക്കാൻ കോപ്പ് കൂട്ടുന്നുണ്ട്
സമാധാനതിന്റെ യുദ്ധക്കൊതിയന്മാർ

ആയുധ വ്യാപാരികൾ
മനുഷ്യ ജീവനുകൾ ലേലം ചെയ്യുമ്പോൾ
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
മൗനവ്രതം പൂണ്ടിരിക്കയാണോ ...?

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

തിരമാലകൾ ....

തിരമാലകൾ ......
-------------------------------------
നിശബ്ദതയുടെ കൂട്ടിരിപ്പുകാരന്റെ
മനസ്സിലിരമ്പിയ സാഗരചുരുളുകൾ
കവിതയായി തീരമണിഞ്ഞു
ദീര്‍ഘ മൗനങ്ങൽ ഒരുക്കി കൂട്ടിയ
പ്രളയ മായിരുന്നു വരികൾ
തിന്മയുടെ ചില്ലക്ഷരം പേറി
നടക്കുന്നവരുടെ അന്ത്യ കൂദാശ
സ്വകാര്യതയിലേക്ക് മതിലുകൾ തീർത്ത്
നഗ്നരാവുന്നവർക്കുള്ള താക്കീത്
അലസതയുടെ പുതപ്പിനുള്ളിൽ
കൂർക്കം വലിക്കുന്നവർക്കുള്ള
സമരാഹ്വാനം
പൈതൃക പ്രതിമകൾ നോക്കി
കാർക്കിച്ചു തുപ്പുന്നവന്
ചിരിത്ര വിജയങ്ങളുടെ ശരറാന്തൽ
സത്യങ്ങളുടെ പുടവയണിയിച്ച
അസത്യങ്ങൾ കെതിരെയുള്ള
നേർക്ക്‌ നേർ പോരാട്ടം .
തിരകളൊടുങ്ങുന്നില്ല തീരം
വെളുക്കും വരെ .....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

ബലിയാട് .......
------------------------------------------
നീറും വ്രണങ്ങളിൽ കണ്ണീരൊലിപ്പിച്ചു
ഗദ്ഗദ കണ്ഠനായവൻ മൊഴിഞ്ഞു
പട്ടിണിതൻ അഗ്നിനാളം ഭയന്നു
ഉമ്മയെന്നെ കാത്തു വെച്ചത്
സിംഹ മടയിലായിരുന്നുമ്മാ

ശാപ വാക്കുകൾ പ്രാതലിച്ചും
കുത്ത് വാക്കുകളത്തായ മുണ്ടും
ആക്ഷേപ ശരശയ്യയിൽ
ചോര മണക്കുന്ന കീറപായിൽ
യെൻ ജീവനിരിപ്പുണ്ട് മൃതപ്രായനായി
ആയുസ്സടങ്ങാനിനിയെത്ര നാൾ

ഉമ്മയുടെ മാംഗല്യം കവര്ന്നവൾ
ദുര്ഗ്ഗയായി വന്നു ചെവിയിലോതും
മന്ത്രങ്ങൾ
അഗ്നിയിൽ കരിച്ചെന്റെ ഉടലാകെ ഉമ്മാ
വിശപ്പ് മാറിയില്ലോരുന്നാളും
ശ്വസിക്കാനായില്ല പല നാളിലും
ഈ കൊച്ചു ജീവൻ നുള്ളിയെടുത്തുമ്മ
തെരുവിലെറിഞ്ഞിരുന്നെങ്കിൽ
ഒരു പുഴുവിനെങ്കിലും വിശപ്പടങ്ങിയേനെ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 21, ബുധനാഴ്‌ച

പൂമ്പാറ്റ ...................

പൂമ്പാറ്റ ...(ഒരു കുട്ടി കവിത )
---------------------------------------
പുള്ളി പുടവ വിരിച്ചു വെച്ച്
മുള്ളിലും പൂവിലുമുമ്മ വെച്ച്
കൈപുള്ള ചെടിയിലെ
മധുരമാം മധുവിനെ
ഓമന ചുണ്ടിനാൽ നുകര്ന്നെടുത്തു .
മഞ്ഞ ചിറകുള്ള മഞ്ഞിളം പാറ്റയും
പുള്ളികുടയുള്ള പൂ തുമ്പിയും
കാട്ടിലെ പൂവിന്റെ മധുരം നുകർന്നവർ
പാടത്തെ പൂവിനും ഗര്ഭമേകി
പൂവും പഴങ്ങളും മാവോളം പൂവിട്ടു
പൂവാലൻ കിളി പാട്ട് പാടി
കാടും മരിച്ചു പോയിന്നെന്റെ നാട്ടിൽ
പാടവും തൂർന്നുപൊയെന്റെ നാട്ടിൽ
പൂമ്പൊടി തേടിയ പൂമ്പാറ്റയിന്നു
പ്ലാസ്റ്റിക് പൂവിനെയുമ്മവെചു
മധുവില്ലതിൽ പിന്നെ പൂമ്പൊടിയും
ശാപം ചൊരിഞ്ഞവൾ യാത്രയായി
വേനലും മഞ്ഞും മഴയുമിന്നു
വൈരിയായി കാലം മറിഞ്ഞു വന്നു
നാട്ടിലും വീട്ടിലും വെള്ളമായി
പാടങ്ങളൊക്കെ കരിഞ്ഞു പോയി

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

ശാലിനി ടീച്ചർ

 (y) അദ്ധ്യാപക ദിനാശംസകൾ (y)

ശാലിനി ടീച്ചർ ........
-------------------------------
ആരാരുമല്ലാതിരുന്നിട്ടും
സാരിത്തലപ്പുകൊണ്ടെന്റെ
മഴ നനഞ്ഞു മൂര്‍ധാവിലെ
ഈറൻ മാറ്റിയ ശാലിനി ടീച്ചർ
എട്ടാം തരത്തിൽ പഠിക്കുമ്പോൾ
നിറുകയിലുമ്മവെച്ചു
ക്ലാസിലൊന്നാമനായപ്പോൾ
സ്നേഹാലിംഗനം ചെയ്തു
അറിവുകൾ കൊത്തി പെറുക്കും കാലം
സാരിത്തലപ്പുകൾ മറയാതിടം തേടി
ഒളികണ്ണയച്ചില്ല
സ്നേഹ വാക്കുകൾ ഹൃദയങ്ങളിൽ
കാമ വ്രണങ്ങൾ തീർത്തതില്ല
ടീച്ചറിൻ വദനം  ചുരത്തും
വിദ്യതൻ മധുരാക്ഷരങ്ങൾ
നുണയവേ
തടിച്ച കണ്ണട കൂടിനുള്ളിൽ
അമ്മയുടെ വാത്സല്യം കണ്ടു
ചേച്ചിയുടെ ശാസനകൾ കേട്ടു
നാളയുടെ സ്വപ്നങ്ങളും
ഇന്നലയുടെ ചരിത്ര പാഠങ്ങളും
മൊഴി മുത്തുകൾ പോലെ
സ്നേഹ പ്രവാഹമായി
സ്നേഹ മാതാവായി
അന്നു മിന്നു മെന്നുമോർക്കുന്നു
ഞാനെൻ ട്ടീച്ചറമ്മയെ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 18, ഞായറാഴ്‌ച

തളിരിനോട് പറയാൻ ....

തളിരിനോട് പറയാൻ 
================
പോക്കു വെയിലേറ്റ 
നരച്ച വഴിയിലാണ് 
നിന്റെ ജന്മം 

നീ പിഴയാണ് പോലും
വിശപ്പടക്കിയവന്റെ
എച്ചിലിൽ നിന്നും
തെറിച്ചു വീണ വിത്ത്

തോട്ടകാരന്റെ
സേചനമില്ലാത്ത
വേലികൾ കാവലില്ലാത്ത
തെരുവിന്റെ കാലൊച്ചകൾ
കേട്ടുണരേണ്ടവൾ

നിറമില്ലാത്ത നിന്റെ
ഇതളുകൾ നോക്കി
വർഗ്ഗബോധം മറന്ന
റോസാ പൂക്കളും
ഊറി ചിരിച്ചേക്കാം

കാമ കരിവണ്ടുകൾ
കാത്തിരിപ്പുണ്ട് 
നിന്നിളം മേനിക്കായ്
ജാതി ചോദിക്കില്ലവർ
പൂതി തീരും വരെ ..

എങ്കിലും നീ അറിയുക
നീരുണങ്ങാത്ത
മനസ്സുകളിനിയുമുണ്ടീഭൂമിയിൽ
ഒരുക്കി വെക്കുന്നുണ്ടവർ
നിനക്കായ്
കരുണ വറ്റാത്തൊരു ഹൃദയം....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

നവ രാഷ്ട്രീയം ............

 നവ രാഷ്ട്രീയം ...
-------------------------------------
പഠിക്കാൻ പോകുന്നവനെ
മസ്തിഷ്ക്കപ്രക്ഷാളനം നടത്തി 
കയ്യിൽ കൊടുത്തത്
കൊടിയും വടിവാളും 
നരച്ച മുദ്രാവാക്യവും

ശാന്തനായി ജോലിക്ക്
പോകുന്നവനെ
സമര വീര്യനാക്കാൻ
മദ്യവും ദിവസക്കൂലിയും

കുടുംബത്തിൽ കഴിയുന്നവന്
ഗുണ്ടായിസത്തിന്റെ
അവകാശ ബോധം
കാതിലോതിക്കൊടുത്ത്
തലസ്ഥാനത്ത് മുന്തിയ
കസേര ഒരുക്കുന്നവർ
അറിയുന്നില്ലേ ഒരു തലമുറയുടെ
പിന്നോട്ടുള്ള യാത്ര ...?

തീ നാളങ്ങൾ തേടി പോകുന്ന
ഇയ്യാം പാറ്റകളായി
ഇനിയുംവിളിക്കണോ
പാഴ് മുദ്രാവാക്യങ്ങൾ ..?

സമര വീര്യങ്ങളുടെ നന്മകൾ പേറുന്ന
മഹാരഥൻ മാരുടെ നാമം സ്മരിച്ചു
അഴിമതി പതാകകൾ തീയിലെറിയുക
സ്വയം നന്മയുടെ തീപന്ത മാവുക ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

സ്വാതന്ത്ര്യം ...

സ്വാതന്ത്ര്യ ദിനാശംസകൾ
-----------------------------
ഞാൻ ഭാരതീയൻ
അമ്മ രാജ്യത്തെ അമ്മയോളം
സ്നേഹമുണ്ടെനിക്ക്
ത്രിവര്ണ പതാകയും ,
ജനാധിപത്യവും ആദരണീയം
സ്വാതത്ര്യത്തിന്റെ മധുരം
നുണയുമ്പോൾ
അഴിമതി രാഷ്ട്രീയക്കാന്റെ
കരാള ഹസ്തങ്ങൾ
ചങ്കിൽ പിടി മുറുക്കുന്നു
ആംഗലേയാധിപത്യതിന്റെ
നിസ്വാതന്ത്ര്യത്തിൽ നിന്നും
അഴിമതിക്കാരന്റെ
അടിമത്തത്തിലേക്ക്
രാജ്യമെത്തുമ്പോൾ
വിശപ്പിന്റെ നിലവിളിയും
അപഹരിക്കപെടുന്ന സ്ത്രീത്വവും
മാറാരോഗങ്ങളുടെ വ്യാപനവും
ഉറക്കം കെടുത്തുന്നു
സ്മൃതി മന്ധപങ്ങളിൽ ഉയരുന്ന
ത്രി വര്ണ പതാകകൾ
സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ
പുതുക്കുമ്പോൾ
കള്ളപ്പണവും അഴിമതിയും
വാഴുന്നിടത്ത്
വിശക്കുന്നവന്റെ സ്വാതന്ത്ര്യത്തിനു
വീണ്ടുമൊരു ഗാന്ധി പിറന്നെങ്കിൽ
നല്ല നാടിന്റെ നല്ല നാളുകൾ
വീണ്ടെടുക്കാൻ ജാഗരൂകരാവുക
ജയ് ഭാരത്‌ .....ജയ് ഹിന്ദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പ്രവാസം ...

പ്രവാസം ---
--------------------------
പേരിനൊപ്പം ചേർത്ത് വെച്ച
വിദ്യയുടെ ആംഗലാക്ഷരങ്ങൾ
വയറ്റിലെ കത്തലടക്കാഞ്ഞു
ഞാനും അറബി നാട്ടിലേക്ക്
ആകാശ കപ്പലുകയറി
മോഹങ്ങളുടെ
ഹാർമോണിയ പെട്ടി തുറക്കവേ
മരുഭൂമി എന്നോട് പറഞ്ഞു
ശാന്തനാവുക
എന്നിലടിഞ്ഞു ചേർന്ന
മണൽ കൂമ്പാരങ്ങൾ
കോരിയെടുത്തു വേണം
നിന്റെ സ്വപ്നങ്ങളുടെ
വിത്ത് പാകാൻ
ജനിച്ച മണ്ണിലെ അലസതകൾ
അഴിച്ചു വെക്കുക
ഇല്ലങ്കിൽ
നിന്റെ ആഗ്രഹങ്ങൾക്ക് മുകളിൽ
മറ്റൊരു മണൽകൂന തീർത്തു
മടങ്ങി പോകാം
പേന പിടിച്ച കൈകളിൽ
ചായ കോപ്പ തന്നു
സ്വപങ്ങളുടെ ഹരിശ്രീ
കുറിക്കുമ്പോൾ
കാതു കൂർപിച്ചു കേട്ട ലക്ച്ചറുകളും
എഴുതി തീർത്ത ഉത്തര കടലാസും
ശോക ഗാനം പാടുന്നുണ്ടായിരുന്നു
വിദ്യ വിദ്യക്ക് വേണ്ടിയെന്നു
മനസ്സിനെ പഠിപ്പിച്ചു
കിട്ടിയ ജോലിയിൽ നന്മ കണ്ടു
നിരക്ഷരൻ കുബേരനാകുന്നതും
ജ്ഞാനി കൂലിയാവുന്നതും
കണ്ടു നേരം വെളുക്കവേ
പ്രവാസം എന്നോട് പറഞ്ഞു
അധ്വാന ശീലനാവുക
വിദ്യ കൂട്ടിരിക്കും അലസനായാൽ
കടം കൂടെയിരിക്കും

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

യാത്ര ......................

യാത്ര ...................
-------------------------------
ജനി മൃതികൾക്കിടയിൽ
ഒരു നൂൽപാലം
അതിന്റെ മേലാണെന്റെ
സഞ്ചാരം
പ്രതീക്ഷ കളാണെന്റെ
കൈതാങ്ങ്
ദുരിതങ്ങളാണേന്റെ
തുകൽ സഞ്ചിയിൽ
ആത്മവിശ്വാസത്തിന്റെ
തിരിവെളിച്ചം
യാത്രയിൽ തപ്പി തടഞ്ഞിടുന്നു
പോക്കുവേയിലെറ്റ പാദങ്ങളിൽ
വ്രണിത മുറിവുകൾ നീറിടുന്നു
സത്യങ്ങൾ കേൾകാതെ
നന്മകൾ കാണാതെ
കാതങ്ങളേറെ നടന്നു പോയി
ഓടി കിതച്ച യെൻ യാത്രകൾ
ഇന്നൊച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി
പോയ കാലത്തിന്റെ
കർമ്മങ്ങളിന്നു ദുരിതങ്ങളായ് വന്നു
നിർത്തമാടി
അരനാഴി ദൂരത്തെ യാത്ര തീരാൻ
ഇനിയുമേതേതു പാദങ്ങൾ
നമിചീടണം ഞാൻ ...............?

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ചകിത ചിന്തകൾ ....

ചകിത ചിന്തകൾ ...
-------------------------
എത്രയെത്ര മുഖങ്ങളാണ്
ഓർമ്മയുടെ ശ്മശാനങ്ങളിൽ  ..?
പിന്നിട്ട ആയുസ്സിൽ
കൂടെ നടന്നവർ
തുണയായി തണലായി
ശത്രുവായി മിത്രമായി
നോക്ക് കാരനായി
വാക്ക് കൊണ്ട് നോവിച്ചവർ
പരിഹസിച്ചു രസിച്ചവർ

മനസ്സിന്റെ ശവ പറമ്പിൽ നിന്നും
ചിലർ ഓർമ്മയുടെ തീരങ്ങളിൽ
വിരുന്നുകാരായ് എത്തുന്നു
തെറ്റുകൾ ഏറ്റു പറഞ്ഞു
മാപ്പ് ചോദിക്കാൻ
മമ്മദും അലിയും ഭാസ്കരനും
മൂസത് മാഷും
ഒർമ്മായായിരിക്കുന്നു

ചായ കടക്കാരാൻ മൊയിദൂക്കയും
വിക്കി പറയാറുള്ള അന്ത്രുമാനും
ഇരട്ട പേര് വിളിച്ച ബിയ്യാത്തുവും
മാപ്പുതന്നെങ്കിൽ ...!

പലരും കാലത്തിന്റെ
ആറടി ചുവരിനുള്ളിൽ
കണ്ണെത്താ ദൂരങ്ങളിൽ

മറ്റുചിലർ
വെളിച്ചം നഷ്ടപ്പെട്ട്
ജീവിതത്തിന്റെ ശിഷ്ടകാലം
ഏകാന്തതയുടെ പുതപ്പിനുള്ളിൽ
മരണത്തെ കാത്തു കിടക്കുന്നു

കണ്ടു കൊണ്ടിരിക്കെ
ആകാശമുട്ടെ വളർന്നവർ
വറുതിയുടെ വറു തീയ്യിൽ
കണ്ണിലെ നീർച്ചാലുകൾ
മറച്ചു പിടിക്കാൻ പാട് പെടുന്നു

മുനിഞ്ഞു കത്തുന്ന
സൗഭാഗ്യത്തിന്റെ അരണ്ട പ്രകാശം
ചിന്തകളിൽ ഭീതി പരത്തുന്നു
നീന്തിക്കടക്കാനുള്ള ആയുസ്സിൻ
വീഥികൾ .....

മനസ്സ് വ്യാകുല ചകിത മാവുമ്പോൾ
ദൈവ പ്രതീക്ഷയിൽ
ശാന്തി തേടുന്നു ........

അഷ്‌റഫ്‌ എസ്സം വരിക്കോളി
ഹൃദയ വിശുദ്ധി ...
----------------------
ഭക്തിയുടെ മൂശയിൽ
പ്രാർത്ഥനയുടെ
കൈതാങ്ങിൽ
മിനുസ്സപ്പെടുത്തിയ
ഹൃദയ പാത്രം
പെരുന്നാൾ നൂലുകൊണ്ട്
വേർപെടുത്തി
ഇനി ആറു നാളത്തെ
നോമ്പിനാൽ
അടി കൊട്ടിയടച്ചു
സ്വർഗ്ഗ പ്രതീക്ഷയുടെ
വെയിലത്ത്‌ വെച്ചുണക്കണം
നന്മയുടെ ചെമ്മണ്ണ് തേച്ചു
ശക്തിപ്പെടുത്തണം
തിന്മയുടെ തുളകളില്ലാത്ത
ഒരു തലമുറയുടെ
അക്ഷയപാത്രമായ് .

അഷ്‌റഫ്‌ എസ്സം.വരിക്കോളി

2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഈദ് മുബാറക്ക്‌ ...

ഈദ് മുബാറക്ക്  ............
-------------------------
ശവ്വാലിൻ ചന്ദ്രപ്പൊട്ട്
വാനിലുയരുമ്പോൾ
തക്ബീര് ശബ്ദങ്ങൾ
മനസ്സിൽ മുത്തമിടും

വ്രതശുദ്ധി പ്രാപിച്ച
ഹൃദയത്തിലത്തറുപൂശി
പെരുന്നാൾ പിറക്കുന്നേരം
ഫിത്ത്റുകൾ നൽകീടാം

മനസ്സിന്റെ കൊട്ടാരത്തിൽ
സംതൃപ്തിയുടെ മത്താപ്പൂക്കൾ
ഉയരട്ടെ നാവുകളിൽ
ആഹ്ലാദ തക്ബീര് ധ്വനികൾ ...

പെരുന്നാൾ മൈതാനത്ത്
പുതുമണമുള്ള ലിബാസുകൾ
സ്നേഹത്തിൻ തെന്നലായ്
ആലിംഗനങ്ങളിൽ മുഴുകുന്നേരം....
പ്രഭാതകിരണങ്ങൾ
വർണമായി ചൊരിയുന്നു
ഒരുമയുടെ തക്ബീർ ധ്വനികൾ

ബന്ധങ്ങളുറപ്പിച്ചു
കുടുംബങ്ങൾ ചേരുന്ന
സ്നേഹ വിരുന്നാകട്ടെ
പെരുന്നാൾ സുദിനം

നന്മകൾ വാടാതെ
ഇനിയുമൊരു വ്രതമാസം 
ആയുസ്സിൽ നൽകണേ
അഖിലനാഥാ   .......!

അല്ലാഹു അക്ബർ..വലില്ലാഹിൽ ഹംദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി

രോഗിയും രോഗവും ...

രോഗിയും രോഗവും ...
------------------------------
വളരുന്ന ശാസ്ത്രവും വിദ്യയും
തളരുന്ന രോഗിയും കുടുംബവും
ആഃുരാലയ കശാപ്പുകാരൻ
മരുന്ന് കാരന്റെ കിമ്പളം കൈപറ്റി
കുറിച്ചിടുന്ന പാഴ് മരുന്നുകൾ
ശമനമല്ല ആധിയാണ് രോഗിക്ക്
വളരുന്നു രോഗവും വൈദ്യനും
ശീതപ്പനിയുമിന്നു മാറാരോഗം
ചികിത്സയെന്നാൽ
മുറിച്ചു മാറ്റലും ആജീവനാന്ത
മാത്ര സേവയും
കൈപുണ്യ മില്ലൊരുത്തനും
പണ ചിന്തയാൽ
പേരിനു മുന്നിലെ ആങ്കലാക്ഷരങ്ങൾ
വാങ്ങുന്ന കാശിന്റെ പൂജ്യം കുറിക്കുന്നു
ലക്ഷം കടമുള്ളവനു ലക്ഷ്യം പണം മാത്രം
കോടികളുള്ളവൻ  ശതകോടി തേടുന്നു
രോഗിയും രോഗവും തിണ്ണ നിരങ്ങുന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 4, ഞായറാഴ്‌ച

ലൈലത്തുൽ ഖദ്ർ .....

ലൈലത്തുൽ ഖദ്ർ
------------------------------
ആകാശ നീലിമയിൽ

സ്വര്‍ഗത്തിന്റെ മിന്നലുകൾ 

സസ്യ ലതാതികൾ ഭക്തിയാൽ
തല കുനിച്ചു
പക്ഷി മൃഗാതികൾക്ക് മൌനം
ഭൂമിയിക്ക് റയ്യാനിന്റെ മണം
ദൈവ കല്പനകൾ മാനിച്ചു
മലാഖമാർ അണിനിരന്നു
ഭക്ത ഹൃദയങ്ങളിൽ
ദൈവ മന്ത്രം
പള്ളികളിൽ അണയാത്ത
പ്രാർത്ഥനാ വെളിച്ചം
പോയ കാലത്തിന്റെ
അധര്മ്മ ഭാണ്ഡങ്ങൾ
തൗബയിൽ കഴുകാനൊരു രാത്രി
ആയിരം രാത്രികൾക്ക് മുകളിൽ
വൃത വിശുദ്ധിക്ക് കാവൽ തേടി
വിധി ദിനത്തിൽ കരുണ നേടാൻ
നിറയട്ടെ കണ്ണുകൾ
യാ റബ്ബ്
ഇന്നക അഫ്ഫുവ്വുൻ
തുഹിബ്ബുൽ അഫുവ്വ
ഫ-അഫുഅന്നീ .......

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

മഴ പെയ്യുന്നു

മഴ പെയ്യുന്നു ..............
-----------------------------
ജരാ നരകൾ മൂടിയ
മുദ്രാ വാക്യങ്ങൾ
അങ്ങാടിത്തെരുവിൽ
വീണുടയുന്നു
അസത്യങ്ങളുടെ പേമാരിയിൽ
ഒഴുകിപോയ
സത്യസ്മാരകങ്ങളിൽ
വിറങ്ങലിച്ചു നിൽപ്പുണ്ട്
മാന്യ ദേഹങ്ങൾ
അവകാശ സമരത്തിന്റെ
ചെമ്മണ്‍പാതയിൽ
അധികാര മോഹത്തിന്റെ
പൂപ്പലുകൾ തീർത്ത വഴുവഴുപ്പ്
ജാതികൾ അളന്നെടുത്ത അധികാരം
ശിരസ്സോളമെത്തി നിൽകുന്നു
പരിഹാരം തേടുന്ന
ഗാന്ധിയൻ മാരുടെ മുന്നിൽ
സാക്ഷിയാവുന്നത്
ഒഴിഞ്ഞ മദ്യ കുപ്പികൾ
മഴ തകർത്തു പെയ്യുമ്പോൾ
ചോർന്നൊലിക്കുന്ന കുടക്കീഴിൽ
നിങ്ങളും ഞാനും ....................

അഷ്‌റഫ്‌ എസ്സം വരിക്കോളി
...