-
ഓര്‍മ്മയില്‍ നിന്ന്....................
----------------------------------------------
അന്നൊരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോൾ മഞ്ഞയും കറുപ്പും പെയിന്റ് അടിച്ച ഒരു കാര്‍ അതിന്റെ മുകളില്‍ ചുവപ്പും വെളുപ്പും കള്ളിയുള്ള പെട്ടി, ഡിക്കിയില്‍ പുറത്തേക്ക ചാടാന്‍ ശ്രമിക്കുന്ന മന്തിരിയകെട്ടു .. കാര്‍ കടന്നു പോയപ്പോള്‍ റോത്ത്മാനും ജന്നാതുല്‍ ഫിര്‍ദൌസും കലര്‍ന്ന ഒരു വാസന... അബ്ദു പറഞ്ഞു..
"ടാ.. ഫോറിന്‍ കാര്‍ ചെലപ്പം ഇന്റെ ഉപ്പ്യാരിക്കും.."
ഉടെനെ ഞാന്‍ ഓടി, കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ... പിന്നെ മനസ്സില്‍ പ്രാര്‍ഥിച്ചു അത് ഉപ്പയാവണേ... !.. പിന്നീട് നടത്തം ഓട്ടത്തിലായി കണ്ണുകള്‍ നീട്ടി എറിഞ്ഞു വീടിന്റെ ഗയിട്റ്റ് രണ്ടും തുറന്നു കിടക്കുന്നു.. മനസ്സിൽ പ്രതീക്ഷയുടെ പൂവിരിഞ്ഞു
കോലായില്‍ പുള്ളി മുണ്ടും കയ്യുള്ള ബനിയനും കഴുത്തില്‍ ഒരു "ഗുഡ് മോര്‍ണിംഗ്സാല്" മിട്ട് എന്‍റെ ഉപ്പ നില്‍കുന്ന.. അതുവരെ ഉള്ള അകാംശ സന്തോഷവും സങ്കടവുമായ് മാറി... ഉപ്പ എനിക്ക് എന്തൊക്കയോ കൊണ്ട് വന്നിടുണ്ടാവും എന്ന സന്തോഷവും നാളെ മുതല്‍ എനിക്ക് കിട്ടാനുള്ള അടിയോര്ത്ത് സങ്കടവും.. ഇനി ആറു മാസം എല്ലാത്തിനും ഒരു ചിട്ട വേണം നേരത്തിനു നിസ്കരിക്കണം സ്കൂളിലെ പാഠങ്ങള്‍ വീട്ടുന്നു പഠിക്കണം.. , പുസ്തകങ്ങള്‍ മിക്ക ദിവസവും ഡസ്കിന്റെ അടിയില്‍ തന്നെ വെക്കുകയായിരുന്നു പതിവ് ഇനി അത് വീട്ടില്‍ കൊണ്ട് വരണം.. എന്നെ ഉപ്പാക്ക് വലിയ സ്നേഹമാണ് എന്നാലും ശകാരത്തിനു ഒരു കുറവും ഉണ്ടാവൂല , കയ്യിലിരിപ്പ് അങ്ങിനെയാന്നെ..
പിറ്റേന്നു നേരം പരപരാ വെളുത്തില്ല വയൽ വരമ്പിലൂടെ തങ്ങന്‍ മാരുടെ നീണ്ട വരി അത് കണ്ടാണ് അടുതുള്ളവര്‍ക്ക് ഉപ്പ വന്ന വിവരം അറിഞ്ഞത് (എല്ലാ നല്ല വസ്തുവിന്റെ കൂടെ യും "കോയ" ചേര്‍ത്ത പേരുകളായിരുന്നു അവര്‍ക്ക് "മുല്ല കോയ" "മുത്ത് കോയ" "പൂ കോയ" .. അതിന്റെ ഒക്കെ കൂടെ "ബി" ചെര്താ സ്ത്രീയും ആയി "മുല്ല ബി" "മുത്ത് ബി" "തിഥി ബി" അങ്ങിനെ ഇന്നു പൊതുവില്‍ "വംശനാശം" സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗം,... മിശ്ര വിവാഹതിലൂടെയും പൊതു സമൂഹത്തില്‍ സ്വയം ലയിച്ചും അവര്‍ ഇന്ന് കാണാകണി ആയിരിക്കുന്നു)
ഉപ്പ പുറത്തിറങ്ങി സലാം പറഞ്ഞു ഉപ്പയേക്കാൾ പ്രായം ഉണ്ടെങ്കിലും തങ്ങമ്മാർ എഴുന്നേറ്റു ഭവ്യത കാട്ടി
തങ്ങന്‍ മാര്‍ക്ക് കൊടുക്കാന്‍ നിയ്യത്ത് ചെയ്തത് പോലെ ഉപ്പ എല്ലാ വരുത്തിനും ഒരു സംഖ്യ കരുതിവെക്കും അതില്‍ നിന്നും ചെറിയ നോട്ടുകള്‍ കൊടുത്തു എല്ലാവരും എഴുനെറ്റപ്പോള്‍ ഒരാള്‍ പറഞ്ഞു
"ആയ്യിയാറെ ആറ്റക്ക് ഇപ്പൊ തീരെ കോതയില്ലാ ഓന്റെ ഇങ്ങ് എന്റെല് തന്നെക്കീ"
ഉപ്പ അതും കൊടുത്തപ്പോ വേറൊരു തങ്ങള്‍ "മുല്ല ബീ ഇങ്ങു വരുവേ"....
വീട്ടില്‍ ഉപ്പാന്റെ പെങ്ങന്‍ മാറും കുട്ടികളും ഒക്കെ ഉണ്ട് അടുക്കളയില്‍ അസാദാരണമായ തിരക്ക്
ഞാന്‍ "543" സെറ്റിന്റെ അടുത്ത നിന്ന് തിരിയുകയാണ് പെട്ടന്നാണ് ആ ശബ്ദം കേട്ടത്
"ആ യെന്താടോ ഇന്ന് സ്കൂള് ഇല്ലെ ?"
"അത് ഞാന് ......" ഞാന്‍ പരുങ്ങുമ്പോ ഉമ്മ സഹായത്തിനു എത്തി
"ഓനിന്നു പോണ്ട എല്ലാരും ഇള്ളല്ലേ ..."
പുറത്ത് ഉപ്പാനെ കാണാന്‍ ആളുകള്‍ വന്നു തുടങ്ങി അവര്‍ കാണാത്ത നാട്ടിന്റെ കഥകള്‍ ചെവി കൂര്പിച്ചു കേള്‍ക്കും അതികവും കസ്റംസ് കാരന്റെ പീഡന കഥയാവും പറയുക അന്നുള്ളവർ ഗള്‍ഫിലെ കദന കഥ പറയാറില്ല ബടാപ്രത് വെച്ച റൊത്തമന്‍ സിഗരട്റ്റ് ഓരോന്ന് കത്തിച്ചു കേൾവിക്കാർ ഇരുന്നു മൂളും.. നെയ്പത്തിലും കോഴി കറിയുമാണ് പ്രാതല്‍ അപ്പോള്‍ അവിടെ ഉള്ള എല്ലാവര്‍ക്കും പങ്കു ചേരാം എത്ര ആളുകള്‍ ഉണ്ടാവും എന്ന് കണക്കില്ലാത്തത് കൊണ്ട് അടുക്കളയില്‍ പലപ്പോളും "ച്ചുട്ടവര്‍" പട്ടിണി യാവാരുമുണ്ട് .
പത്ത് മണി ആയപ്പോള്‍ പെട്ടി തുറന്നു അളവുകള്‍ ചോദിച്ചു ഉപ്പ തന്നെയാണ് തുണി മുറിക്കുന്നത് ലുങ്കി മുണ്ടും കുപ്പായ തുണിയും ഉമ്മ ഉമാന്റെ വിഹിതം എടുത്തു വെച്ച് പെങ്ങന്മാര്‍ കുട്ടികളും കലബില കൂട്ടുന്നുണ്ടായിരുന്നു എനിക്ക് കിട്ടിയ പന്തുമായ് ഞാന്‍ പുറത്തിറങ്ങി..
"ഹാപ്പി ബനിയനും" "പുള്ളിയുള്ള ജട്ടി"യുമാണ് എനിക്ക് കിട്ടാറുള്ളത് പിന്നെ കുറേ കൊപ്പിക്കോ മുട്ടായികളും
പെങ്ങള്‍ കാണാതെ കട്ട് തിന്നുവാന്‍ അടുകളയില്‍ "നിഡോ" ഉണ്ട് കുറച്ചു ദിവസം കാണും അവസരം കിട്ടുമോബോള്‍ മോഷണം നടത്താന്‍..
ഇനി മുതല്‍ ഭക്ഷണം ഉപ്പയുടെ കൂടെ കഴിക്കണം ആ സമയത്താണ് ഉപ്പാന്റെ മുന്നില്‍ പെടുന്നത് എത്ര സൂക്ഷിചാലും എന്തങ്കിലും ഉണ്ടാവും ഉപ്പാക്ക് കണ്ടു പിടിക്കാന്‍ സൈകിളില്‍ നിന്നും വീണത് കാലു മുറിഞ്ഞത് എല്ലാം ഉപ്പയാണ് കാണുക ചോദ്യങ്ങള്‍ക്ക് മുന്നില്‍ ..ബെബ്പേ... ആയി ഞാനും
"ഇങ്ങള് എന്തിനാ ഓനെ ഇങ്ങനെ കലംബുന്നക്കളെ അതല്ലേ ഒനിങ്ങനെ അരണ്ട് പോന്നത്" ഉമ്മാന്റെ വക ജാമ്യം
"ങാ ഇഞ്ഞി ഓനെ പള്ളകൂല് ബെച്ചോ കുട്ട്യേളായാ ഒതിയാര്‍ക്കം വേണ്ടേ"
എന്നില്‍ ഒതിയാര്‍ക്കകേടു ഒന്നുമില്ലാന്ന് ഉപ്പാക്ക് അറിയാം എന്നാലും കൂടുതല്‍ ശ്രദ്ദക്ക് വേണ്ടി പറയുകയാണ്, സുബഹി മുതല്‍ ഇഷാ വരെ നിസ്കരിക്കാന്‍ പള്ളിയില്‍ കാണണം അല്ലങ്കില്‍ ഉമ്മാക്ക് കിട്ടും കുറ്റം പറച്ചിൽ അത് കൊണ്ട് ഉമ്മ പറയും
"മോനെ... ഞ്ഞി ഉപ്പ പോവുംബെരെങ്കിലും നേരത്തിനു പള്ളീ പോടെ എനകാവുല അടിക്കുമ്മം പിടിചേക്കുവാനും ബായിക്ക്ട് കേക്കുവേനും ..
ആറുമാസത്തെ പട്ടാള ജീവിതം കഴിഞ്ഞു ഉപ്പ പോകുമ്പോള്‍ ഇനി എന്ന് കാണും ഉപ്പാനെ എന്നോര്‍ത്ത് എനിക്കും കരച്ചല്‍ വരും ...
നാദാപുരത്തെ വലിയ പള്ളിയില്‍ നിന്നും സുബഹി നിസ്കരിച്ചു സലാം വീട്ടിയ ഉടനെ കാളിയാര്‍ വിളിക്കും അല്‍ഫാത്തിഹ... പള്ളിയുടെ അകത്ത് പ്രത്യകം കെട്ടിയുണ്ടാക്കിയ മുഹാമിന്റെ അടുത്തേക്ക് നീങ്ങി കലങ്ങിയ കണ്ണും കഴുത്തില്‍ ഒരു തോര്‍ത്തും കയ്യില്‍ ഒരു ചെറിയ ബാഗുമായി കുറെ ആള്‍കാര്‍ നിരന്നു നിന്നു മരിച്ചതും ജീവിചിരിക്കുന്നതുമായ് എതോക്കൊയോ ഔലിയാക്കളെ വിളിച്ചു പ്രാര്‍ത്ഥന.. മാറി മാറി തുടക്കുന്ന കണ്ണ് കളിലേക്ക് കൌതുകത്തോടെ ഞാന്‍ നോക്കി നില്കും പിരിയാന്‍ നേരത്ത് എല്ലാവരും മൌലവിക്ക് കൈ മടക്ക കൊടുക്കും അയാളുടെ കൂലി അവിടെ വെച്ച് തന്നെ കൈ പറ്റി..., യാത്രാക്കാരന് അക്കരെ കിട്ടുമെന്ന പ്രതീക്ഷയും...
റോഡില്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്ന ബസ്സ് അതിനു "ബോംബെ ബസ്സ്" എന്നാ പറയുക അതിന്റെ ലൈറ്റും ഉള്ളിലെ മൊഞ്ചുള്ള സീറ്റും അന്ന് കൌതുകം ആയിരുന്നു ഓരോരുത്തരായ് കെട്ടി പിടിക്കലും സലാമും പറഞ്ഞു പിരിയുമ്പോള്‍ ഉപ്പ എനിക്ക് ഒരു മുത്തം തരും അന്നെരെ ഉപ്പയുടെ കണ്ണും നിറയുമായിരുന്നു...ഉപ്പ പറയാതെ പറഞ്ഞ പാഠങ്ങള്‍ എന്നെ ഇന്നിന്റെ പ്രയാസങ്ങളെ നേരിടാന്‍ പ്രാപ്തനാക്കി....
ഉപ്പയുടെ പിന്‍കാമിയായി ഞാനും ഗള്‍ഫില്‍ എത്തി
കാലങ്ങള്‍ കഴിഞ്ഞു ഇന്ന് ഞാന്‍ നാട്ടിലേക്ക് പോകുന്നു പെട്ടിയുമില്ല പെട്ടിപാട്ടുമില്ല അളന്നു മുറിക്കാന്‍ തുണിയോ അത് വിഹിതം വെക്കാന്‍ പെങ്ങന്‍ മാരോ കാലത്ത് തങ്ങന്‍ മാരോ വരാറില്ല കസ്ടംസിന്റെ പീഡനം ഇല്ലാത്തത് കൊണ്ടും ഗള്‍ഫ് ഒരു തുറന്ന പുസ്തകം ആയി മാറിയത് കൊണ്ട് കഥ കേള്‍കാന്‍ അയല്‍വാസികളോ ഇല്ലാ...., പോകുന്നതും വരുന്നതും ശ്രദ്ദിക്കപെടാതെ വഴിയില്‍ കാണുമ്പോള്‍ "ഹ... എന്ന് വന്നു എപ്പോള്‍ പോകും" രണ്ടു ചോദ്യത്തില്‍ തീരുന്ന അയല്‍ ബന്തങ്ങള്‍... കൊടുക്കലും വാങ്ങലും ഇല്ലാത്ത സ്വാര്‍ഥത ഭരിക്കുന്ന ജീവിതം.... കടപ്പടുകാളോ കടമകളോ ഇല്ലാതെ പ്ലാസ്റ്റിക് ഹൃദയങ്ങള്‍,
ഉപ്പയില്‍ നിന്നും എന്നിലേക്കുള്ള ദൂരം ഇത്രയും മാറ്റങ്ങള്‍ ഉണ്ടായി ചരിത്രം ആവര്ത്തിക്കുമ്പോള്‍ എന്നെ പോലെ മകനും പ്രവാസിയാവുന്നു അവന്റെ കഥയില്‍ എടുത്തു പറയാന്‍ പഴമയുടെ വല്ലതും അവശേഷിക്കുമോ .....
അഷ്‌റഫ്.എസ്സം.വരിക്കോളി