ആകെ പേജ്‌കാഴ്‌ചകള്‍

2016 ഡിസംബർ 29, വ്യാഴാഴ്‌ച

മുത്ത് തേടി വന്നവർ
-------------------------------------
എത്ര ചിപ്പി ഉടച്ചെന്നറിയില്ല
മുത്ത് തേടി ഈ യാത്രയിൽ
എത്ര ആഴത്തിൽ ഊളയിട്ടന്നറിയില്ല
ചിപ്പി തേടുമീ യാത്രയിൽ
ചിപ്പി ഉടക്കുവാൻ മാത്രമീ ജീവിതം
മുത്തുകൾ എങ്ങോ മറഞ്ഞിരിപ്പൂ
ഉദയ സൂര്യനോടൊപ്പമിറങ്ങി
ഓരോ പ്രദോഷവും പ്രതീക്ഷ ബാക്കി
നാളെ പുലരും പ്രഭാതമെങ്കിലും
ഒരു തരി മുത്തായ്‌ പിറന്നുവെങ്കിൽ
സുസ്മേര വദനനായ്
ഈ തീരം വിട്ടൊഴിഞ്ഞു
കാനനച്ചോലയിൽ
മടങ്ങിപ്പറന്നേനെ

അഷ്റഫ് എസ്സം വരിക്കോളി 

2016 ഡിസംബർ 24, ശനിയാഴ്‌ച

തീക്കാറ്റ്
------------------
സത്യം നിമജ്ജനം ചെയ്ത നദിക്കരയിൽ
കുറുനരികൾ ഓരിയിടുന്നത്
കേൾകുന്നില്ലയോ?

വെള്ളരിപ്രാവുകൾ രാക്ഷസ രൂപം പൂണ്ടതും
കാവൽ ഭടന്മാർ പച്ചമാംസം ഭുജിക്കുന്നതും
നേർക്കാഴ്ചകൾ.

ശാന്തിയുടെ കാറ്റിലും തീ കൂട്ടിയതാരാണ് ?
നാലു ദിക്കുകൾ കടന്നെത്തും കാറ്റിൽ
കരിഞ്ഞ മാംസഗന്ധം

ബോധി മരച്ചോട്ടിൽ ജീവനായി കേഴുന്ന ബാല്യങ്ങൾ.....
കന്യകയായി മരിക്കാൻ ഫത്വ ചോദിക്കുന്ന
വിശ്വാസിനികൾ....
തീപന്തങ്ങൾ കൊണ്ട് സമാധാനം ഒരുക്കുന്നവർ,

ലോകം അധമത്വത്തിലേക്ക് ഗമിക്കുമ്പോൾ
ഒരു പ്രവാചകനെ പ്രതീക്ഷിക്കുന്നുവോ,
അതല്ല
മാലാഖമാർ സൂറെന്ന കാഹളം
കയ്യിലെടുത്തുവോ?

അഷ്‌റഫ് എസ്സം വരിക്കോളി

2016 നവംബർ 14, തിങ്കളാഴ്‌ച

രണ്ടു വരകൾ.. കഥ.. (ഭാഗം ഒന്ന് )
-------------------------
ജീവിതത്തിൻറെ ആകാശ പാതയിൽ കൂച്ച് വിലങ്ങില്ലാതെ അവൻ നടന്നു നീങ്ങി , അന്നവും ആർഭാടവും അവനു പഞ്ഞമായിരുന്നില്ല , വാക്കിലും നോക്കിലും മികച്ചവൻ, വീടും ഉമ്മയും ഉപ്പയും പെങ്ങന്മാരും എല്ലാരുമുള്ള ധന്യ ജീവിതം , പഠനവും ചില്ലറ ജോലിയും കിട്ടിയപ്പോൾ ഉമ്മയാണ് പറഞ്ഞത് നിനക്ക് ഒരു തുണ വേണമെന്നു.
വർണ്ണ ച്ചിറകുള്ള പട്ടം പോലെ ആകാശത്ത് പാറി നടന്നിരുന്ന അവന്റെ ചിന്തകൾ കുടുംബം എന്ന മൂന്നാം വരയിലേക്ക് താഴ്ന്നിറങ്ങി. കണ്ടു തീർത്ത സിനിമയിലെ കഥാപാത്രങ്ങളും , വായിച്ച നോവലിലെ പ്രണയ രംഗങ്ങളും അവനെ ആവേശ ഭരിതനാക്കി , അവന്റെ മനസ്സിൽ ഭാര്യ എന്ന ഒരു പുതിയ ചിത്രം കൂടി മിന്നി മറിയാൻ തുടങ്ങി. നിറയെ പൂക്കളും മഞ്ഞ കിളികളും പൂമ്പാറ്റ കൂട്ടങ്ങളും സ്വപ്നങ്ങളിൽ നൃത്തം ചവിട്ടാൻ തുടങ്ങി. ഉറക്കിലും നടപ്പിലും അവൻ മെനഞ്ഞെടുത്ത പല സ്ത്രീ രൂപങ്ങൾ ,
ആലോചനകൾ വന്നു തുടങ്ങി , അവനു പിടിച്ചത് പെങ്ങൾക്ക് പിടിക്കൂല , പെങ്ങൾക്ക് പിടിച്ചത് ഉമ്മാക്ക് ഇഷ്ട്ട മാവൂല ,രണ്ടു പേരും യസ് പറയുമ്പോൾ പെൺകുട്ടി നോ പറയുന്നു , അങ്ങിനെയങ്ങിനെ പല പേരുകൾ പല നാടുകൾ പല കുടുംബങ്ങൾ , അവന്റെ സ്വപ്‍ന ചിത്രങ്ങൾ മങ്ങാൻ തുടങ്ങി പക്ഷെ തോൽക്കാൻ അവനു മടിയായിരുന്നു
കണ്ണാടിയിൽ പലവുരു നോക്കി ആത്മാവിൽ മഷിയിട്ടു നോക്കി അവൻ പ്രതീക്ഷക്ക് തിരികൊളുത്തി ഈ വാരം ഇത് എന്റെ നല്ല നക്ഷത്രം ആവണെ എന്നു പ്രാർത്ഥിച്ചു . ഒടുവിൽ ആ ദിനം വന്നെത്തി
പഠിപ്പും പത്രാസുമുള്ള ശാലീന സുന്ദരി അവളെ കണ്ട മാത്രയിൽ അവന്റെ കൈകാലുകൾ വിറച്ചോ നാവു വറ്റിയോ ശബ്ദം അടഞ്ഞു പോയോ , പലവുരു ആ രംഗം അവൻ ഓർത്തെടുക്കാറുണ്ടായിരുന്നു. എല്ലാരുടെയും ഇഷ്ടത്തോടെ വിവാഹം ഉറപ്പിച്ചു.
സൗജത്ത് അതാണ് അവളുടെ പേര്,യാസറിനു ഒത്ത മണവാട്ടി, പേര് പോലെത്തന്നെ വീട്ടിലെ കണ്ണിലുണ്ണിയായി കയറി വന്നു , തുടക്കത്തിൽ സ്നേഹം കൊണ്ടു വീർപ്പ് മുട്ടിക്കുന്ന പെങ്ങൾ പഞ്ചാര മൊഴിയുമായി ഉമ്മ , യാ റബ്ബ് ഞാൻ ഭാഗ്യവാനാണ് എന്നു യാസർ പ്രാർത്ഥനയിൽ മന്ത്രിച്ചു.
തീ കൊളുത്തിയ സിഗരറ്റ് പോലെ അവന്റെ അവധിക്കാലം എരിഞ്ഞു കൊണ്ടിരുന്നു സൽക്കാര തിരക്കിലും യാത്രയിലും പുതിയ സാഹചര്യം പഠിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല , അടുക്കളയും അലമാരയും അവളെക്കാൾ മുന്നേ അവർ ഒരുക്കി വെക്കുമായിരുന്നു.
തന്റെ ഒഴിവു സമയങ്ങൾ ഉമ്മയോടും പെങ്ങന്മാരോടും ചിലവഴിച്ചിരുന്ന യാസർ പതിയെ ബെഡ്റൂമിലെ സ്വകാര്യതയിലേക്ക് ഒതുങ്ങാൻ തുടങ്ങി, വീട് നിറഞ്ഞു നിയനിരുന്ന അവന്റെ സാന്നിധ്യം കിടപ്പു മുറിയുടെ സ്വകാര്യതയിലേക്ക് ഒതുങ്ങിയപ്പോൾ വീടിന്റെ അന്തരീക്ഷം തന്നെ മാറാൻ തുടങ്ങി , പെങ്ങളുടെ ശബ്ദങ്ങൾക്ക് അകൽച്ചയുടെ ധ്വനി , ഉമ്മയുടെ വാക്കുകൾക്ക് നിരാശയുടെ മണം , ചിരിക്കുന്ന മുഖങ്ങളിലും സംശയങ്ങൾ ബാക്കി. അടക്കി പറച്ചലുകൾ കാതോളമെത്താൻ തുടങ്ങിയപ്പോൾ അവൻ സങ്കട കടലിലായി. താൻ മനസ്സാ വാചാ കർമ്മണാ ആലോചിക്കുക പോലും ചെയ്യാത്ത വിഷയങ്ങൾ വീട്ടിൽ ഊണ് മേശയിൽ ചർച്ചയാവാൻ തുടങ്ങി.  വാക്കകൾക്ക് മുള്ളും മുനയും മുളച്ചു , അസ്വാരസ്യങ്ങളുടെ ഉറവിടം തേടി അവൻ ചിന്താവിഷ്ടനായി. അതാവട്ടെ വീട്ടിലെ ചർച്ചകൾക്ക് ഇല്ലാത്ത അർത്ഥങ്ങൾ രൂപം കൊള്ളാൻ ഇടയായി ,

അവന്റെ മടക്ക പറക്കലിന് ദിവസം വന്നെത്തി പെൺ വീട്ടുകാരും ബന്ധുമിത്രാദികളും നിറഞ്ഞ രാത്രി. ഹസ്ത ദാനത്തിനും സംസാരത്തിനും പുതിയ മാനങ്ങൾ , ദയനീയ നോട്ടങ്ങൾ വസീയത്തുകൾ. ഒടുവിൽ കണ്ണുനീരിൽ കുതിർന്ന യാത്രാ മംഗളങ്ങൾ , അവൻ അപ്പോളും തന്റെ മുന്നിലെ കുടുംബ സാരസ്യം എന്ന സമസ്യ പൂരണത്തിന്റെ ചിന്തയിലായിരുന്നു, യാന്ത്രികമായ ചലനങ്ങൾ ഉള്ളറിയാത്ത സംസാരങ്ങൾ , മനസ്സ് മണിയറ കട്ടിലിലേക്ക് മാടി വിളിക്കുമ്പോളും ജോലി എന്ന മഹാ സത്ത്വം  അവനെ വലിച്ചു കൊണ്ട് പോവുകയായിരുന്നു.

പ്രവാസത്തിന്റെ ഒറ്റ മുറിയിൽ നാലുകാട്ടിൽ നാനൂറു സങ്കടങ്ങളുമായി കഴിഞ്ഞു കൂടുന്നവരുടെ നടുവിൽ അവനും അവന്റെ സമസ്യയുമായി കിടന്നുറങ്ങി. തന്റെ ജീവിതത്തിലെ കൂട്ടെഴുത്ത് ഉമ്മയും ഭാര്യയും എന്ന രണ്ടു വരികൾക്കിടയിലെ കോപ്പി എഴുത്തായി അവനു തോന്നിത്തുടങ്ങി, ഭാര്യയുടെ പരിഭവവും ഉമ്മയുടെ പരാധിയും സൈറ്റിലെ ജോലിയെക്കാൾ കഠിനമായിരുന്നു. രണ്ടു പേരെയും സന്തോഷിപ്പിക്കാൻ അവൻ സ്വയം ദുഖിച്ചി കൊണ്ടിരുന്നു. നിരന്തരമായ കുരുക്കഴിക്കാൻ പ്രക്രിയ അവനു അവനോടു തന്നെ ദേഷ്യം തോന്നാൻ കാരണമായി. പക്ഷെ വാപ്പ വാർത്തെടുത്ത ഇമ്പമുള്ള കുടുംബം എന്നും നില നിൽക്കണം എന്ന അവന്റെ ആഗ്രഹം അവനെ ഒരു ത്യാഗിയാക്കി. പലതും സഹിച്ചും ത്യേജിച്ചും അവൻ സ്വർഗം പോലൊരു കുടുംബം പണിതു. അവളുടെ പരിഭവങ്ങൾക്ക് പരിഹാരവും ഉമ്മയുടെ പരാതിക്ക് സാന്ത്വനവും അവൻ ക്ഷമയോടെ പഠിപ്പിച്ചെടുത്തു.

പക്ഷെ പെട്ടന്നായിരുന്നു അത് സംഭവിച്ചത്........

തുടരും.........

അഷ്‌റഫ്  എസ്സം വരിക്കോളി

2016 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വാര്‍ധക്യം

വാര്‍ധക്യം

----------------------------
രതി സുഖമില്ലാത്ത
ഭോജന രുചിയില്ലാത്ത
കാഴ്ചക്ക് നിറമില്ലാത്ത
അസ്ഥികൾ വലിക്കുന്ന
ഒരു വാര്‍ധക്യം വരാനുണ്ട്
മഷി തീർന്ന പേന പോലെ
മേശവലിപ്പിൽ തട്ടിക്കളിക്കാൻ
വലിച്ചു തീർന്ന സിഗരറ്റു കുറ്റിപോൽ
ആഷ്‌ട്രേയിൽ ഞെരിഞ്ഞമരാൻ
പീറ്റയായ തെങ്ങുപോലെ
തളയിടാതെ വളമിടാതെ .......

യൗവനത്തിന്റെ കുതിരക്കുളമ്പടികൾ
ഭൂമിയെ പിളർത്തുമ്പോൾ
ഓർക്കുക , ഇന്നു ഞാൻ നാളെ നീ

യാ റബ്ബ്‌

വാര്‍ധക്യമെന്നിൽ എത്തിടുമ്പോൾ

ഭാരമായ് തീരാതെ കാത്തിടേണേ
പെരുവിരൽ തുമ്പിൽ മരണമെത്തുമ്പോൾ
ഖലീമ ചൊല്ലിച്ചു കൊണ്ട് പോണേ ..

അഷ്‌റഫ് എസ്സം വരിക്കോളി

സ്വപ്നം പോലെ

സ്വപ്നം പോലെ ...........
-----------------------------
അന്നൊരു ഒഴിവു ദിനമായിരുന്നു ,കിടപ്പു മുറിയിലെ ഏകാന്തതയിൽ നിന്നും മുക്തി അയാൾ ഉദ്യാനത്തിലേക്ക് നടന്നു. പ്രണയങ്ങൾ കൊക്കുരുമ്മുന്ന ഉദ്യാനത്തിലെ ഒഴിഞ്ഞ സിമെന്റ് ബെഞ്ച്‌ ലക്ഷ്യമാക്കി നീങ്ങി, അയാളെ പോലെ സൂര്യനും പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ടായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ചുവന്നു തുടുത്ത മുഖവുമായി തന്നെ നോക്കുന്ന സൂര്യന്‍ സത്യത്തില്‍ അയാള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു. തന്റെ സ്മാര്‍ട്ട് ഫോണില്‍ ആ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കുമ്പോളാണ് അയാളാ കാഴ്ചകണ്ടത്. അടുത്തൊരു ബെഞ്ചില്‍ തന്റെ വാർദ്ധക്യം നിറമിട്ട മുടിയിഴകള്‍ മുഖത്ത് നിന്നും തുടരെ തുടരെ മാറ്റിക്കൊണ്ട് ഫോണില്‍ കണ്ണുകള്‍ ആഴ്ത്തിവെച്ച് തോണ്ടി കൊണ്ടിരിക്കുന്ന, ഒറ്റ നോട്ടത്തില്‍ കുലീന എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ. അയാളുടെ നോട്ടം പതിനാലു സെക്കന്റ്‌ കടന്നത് കൊണ്ടാവാം അവള്‍ തല ഉയര്‍ത്തി അയാളെ നോക്കി. വാർദ്ധക്യത്തിന്റെ ചുളിവുകള്‍ വീണെങ്കിലും എന്നോ കണ്ടു മറന്ന മുഖം. അയാള്‍ കണ്ണുകള്‍ തിരികെ എടുത്ത് ഓര്‍മ്മയുടെ സര്‍വ്വറലേക്ക് ചിന്തകള്‍ പായിച്ചു. കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല മനസ്സ് കുഞ്ഞു കാലങ്ങളിലേക്ക് പാഞ്ഞു പോകുമ്പോളൊക്കെ താന്‍ ഓര്‍മയുടെa ചെപ്പില്‍ നിന്നും പുറത്തെടുത്ത് തുടച്ചു വെക്കാറുള്ള ആ കുഞ്ഞു ഫോട്ടോവുമായി നല്ല സാദൃശ്യമുള്ള മുഖം. അയാള്‍ സിമെന്റ് ബെഞ്ചില്‍ നിന്നും എഴുനേറ്റു രണ്ടടി നടന്നു വീണ്ടും ബെഞ്ചിന്റെ മറ്റേ അറ്റത്ത് ആ സ്ത്രീയുടെ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന അത്രയും ദൂരത്ത് പോയിരുന്നു. അപ്പോളും അവര്‍ തന്റെ ഫോണില്‍ വിരലുകള്‍ ചലിപ്പുകയായിരുന്നു. അയാള്‍ അവളുടെ പേര് പലവുരു മനസ്സില്‍ പറഞ്ഞു നോക്കി. വേണ്ട അഥവാ അവളല്ലങ്കില്‍ ഈ പ്രായത്തില്‍ ഞാന്‍.. പക്ഷെ അയാള്‍ക്ക് ചോദിക്കാതെ അവിടം വിടാന്‍ കഴിയുമായിരുന്നില്ല . അയാള്‍ തന്റെ ചമ്മല്‍ ആങ്കലേയത്തില്‍ പൊതിഞ്ഞു ചോദ്യമുരുവിട്ടു (ചിലര്‍ അങ്ങനെയാ കൂട്ടുകാരനോടായാലും ചില്ലറ കടം ചോദിക്കുമ്പോള്‍ ഭാഷ മാറ്റും )
"ആര് യു സലീന ..?"
അവള്‍ ശബ്ദം കേട്ട് തല ഉയര്‍ത്തി കണ്ണുകളില്‍ യവ്വനതിന്റെ തിളക്കത്തോടെ അവര്‍ മൊഴിഞ്ഞു
"യസ് യസ് " കണ്ണില്‍ ഒരുനൂറു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു .
പിന്നീടുള്ള സംസാരം മലയാളത്തില്‍ തന്നെ ആയിരുന്നു. അവര്‍ ഇന്നിനെ കുറിച്ചോ നാളയെ കുറിച്ചോ സംസാരിച്ചില്ല . അവര്‍ രണ്ടു പേരും ഇന്നലകളിലെക്ക് ഓടിപ്പോവുകയായിരുന്നു. ജീവിതം ഓടിയെത്തിയ രണ്ടു കരകളെ കുറിച്ചായിരുന്നു സംസാരം , ഇരു വഴികളായി കടലോര മെത്തിയ ജനുസ്സുള്ള കഥകള്‍.
കുഞ്ഞു ന്നാളില്‍ കളഞ്ഞു പോയ ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. കളിപ്പാട്ടം കയ്യിലെടുത്ത് ഉമ്മ വെക്കാനും തോളിലിട്ടു നടക്കാനും അയാള്‍ കൊതിക്കുന്നുണ്ടായിരുന്നു പക്ഷെ ............
സംസാരം യുഗങ്ങള്‍ താണ്ടിയപ്പോള്‍ അവരിരുവരും ഒരേ ഇരുപ്പിടത്തില്‍ അടുത്തടുത്തായ് ഇരുന്നു. കളങ്കമില്ലാത്ത മനസ്സുമായ് അവര്‍ ഇന്നലെയെ കുറിച്ച വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു . ഇന്നിന്റെ തിരിച്ചറിവുകള്‍ അവരുടെ മനസ്സുകളെ രോഖാധുര മാക്കിയില്ല.
അരികെ ധാന്യങ്ങൾ കൊത്തിപ്പെറുക്കുന്ന ഒറ്റ മൈനയെ ചൂണ്ടി അവൾ പറഞ്ഞു .
"ഞാനും ഇവളും ഒരു പോലെയാണ്"
അയാൾ കൗതുകത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
"അപ്പോൾ ഭർത്താവ് ..?"
"നിങ്ങൾ ചോദിക്കരുതേ എന്ന് ഞാൻ ആശിച്ച ചോദ്യമായിരുന്നു അത് . ഇല്ല എന്ന് പറഞ്ഞാൽ കള്ളമാണ് ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ പിന്നീട് ചോദിക്കുന്നതിനൊന്നും എനിക്ക് മറുവടി പറയാൻ കഴിയില്ല.."
അവരുടെ സംസാരം തെല്ലിട നിന്നു ,
മൗനത്തെ മുറിച്ചു കൊണ്ട് അവൾ തുടർന്ന്
"നിങ്ങൾ ..?"
"ഞാൻ ഹാപ്പിയാണ് എല്ലാരും ഉണ്ട് എല്ലാരും ...."
അയാളുടെ "എല്ലാരും" എന്ന ആവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു ഒരു ആരുമില്ലായ്മ.
ഇത്തിരി കൂടി അടുത്തേക്ക് ഇരുന്നു അവള്‍ ചോദിച്ചു
"നിങ്ങള്‍ എപ്പോളെങ്കിലും എന്നെ കാണുമെന്നു കരുതിയിരുന്നോ ..?"
ഒരു കൌമാരക്കാരിയുടെ ചോദ്യം .. അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു
ഒരു പടിഞ്ഞാറന്‍ കാറ്റ് അവരെ തഴുകി കടന്നു പോയി , അടുത്തുള്ള ചോല മരത്തില്‍ തട്ടി ഉടഞ്ഞു വീണു.
ആ ഉണങ്ങിയ ശിഖരങ്ങള്‍ ചൂണ്ടി അവര്‍ ചോദിച്ചു .."ശുഭ ലക്ഷണം ആണോ ..?"
"അപ്പോള്‍ നീ ഒറ്റ മൈനയെ കണ്ടത് ..?"
അവര്‍ രണ്ടുപേരും കുലുങ്ങി ചിരിച്ചു
സൂര്യന്‍ അസ്തമിച്ചതും ഇരുട്ട് പടരുന്നതും അറിയാതെ അവര്‍ ഉദ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.
അവരുടെ ഇരുപ്പിടത്തിലെ അകലം കുറഞ്ഞു വന്നു , വാക്കുകൾ പതിഞ്ഞതും ശ്വാസം തുടരെ തുടരെ വലിക്കുന്നതും കേൾക്കാമായിരുന്നു .
പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നു അയാൾ പതിയെ എഴുനേറ്റു , പറഞ്ഞു തീരാത്ത കഥയുമായി അവളും ബാങ്ക് തീരുന്നത് വരെ തന്റെ സാരിത്തലപ്പ് കൊണ്ട് തല മറച്ചു ഭവ്യതയോടെ നിന്നു.
"പ്രാർത്ഥനക്ക് സമയമായി നമുക്ക് പിരിയാം"
"നിങ്ങൾ എന്താണ് ദൈവത്തോട് ചോദിക്കുക ..? "
"എന്റെ തെറ്റുകൾ പൊറുക്കാനും എന്നെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പാട് പുണ്യം നൽകാനും. എന്റെ ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കാനും "
"അതിൽ ഞാനുണ്ടാവുമോ ..?"
"ശത്രു പക്ഷത്ത് ഏതായാലും ഇല്ല പിന്നെ പ്രണയം അതിൽ ദൈവ കോപമില്ലങ്കിൽ തീർച്ചയായും "
നമുക്കിടയിൽ പ്രണയം ഉണ്ടായിരുന്നോ ?
"എനിക്കറിയില്ല , നീ ദൂരെ പറന്നു പോയപ്പോൾ എന്റെ മനസ്സ് വേദനിച്ചിരുന്നു ."
നീ പ്രാർത്ഥിക്കാറുണ്ടോ .?"
"ഇല്ല.. ഇതുരവരെ ഇല്ല " "ഇപ്പോൾ പ്രാർത്തിക്കണം എന്ന് തോന്നുന്നു. "
നിലാവും നക്ഷത്രങ്ങളും പെയ്തിറങ്ങുന്ന ഈ ഉദ്യാനത്തിൽ ഏതെങ്കിലും ഒരു ചെടിയായി അല്ലങ്കിൽ ഒരു ഇരിപ്പിടമായി , എന്നും ഇങ്ങനെ .................
നമസ്കാരത്തിനുള്ള വിളി വന്നു
"ദൈവം അനുവദിച്ചാൽ നമുക്ക് വീണ്ടും കാണാം".
വഴി വിളക്കുകൾ വെളിച്ചമിട്ട വഴിയിലൂടെ അവൾ ധൃതിയിൽ നടന്നു പോയി.
ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് അയാൾ കൊതിക്കുന്നുണ്ടായിരുന്നു ...


അഷ്‌റഫ് എസ്സം വരിക്കോളി

2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

തങ്ങളുടെ നായ

തങ്ങളുടെ നായ
----------------------------------------
നാദാപുരത്ത് അന്ന് പേരുകേട്ട സുജായി ആയിരുന്നു തങ്ങൾ , സ്വന്തമായി രണ്ടു പുള്ളി മാനും ഒരു ഉശിരൻ പട്ടിയും ഉണ്ടായിരുന്നു , കഴുത്തിൽ പട്ടയിട്ട പട്ടിയെ കണ്ടാൽ ആരും പറയും ഇത് തങ്ങളുടെ പട്ടിയാണ്.
എന്നും വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഞാനും കൂട്ടുകാരൻ മജീദും അങ്ങാടിയിലേക്ക് പോകും , അവന്റെ ഉപ്പയും എന്റെ ഉപ്പാപ്പയും അങ്ങാടിയിൽ തയ്യൽ കാരായിരുന്നു , മീൻ വാങ്ങാൻ പോയാൽ കിട്ടുന്ന കൂലിയാണ് പതിവായി ആ ജോലിക്ക് ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്, എനിക്ക് കിട്ടിയിരുന്നത് നാരങ്ങാ മുട്ടായി ആയിരുന്നെങ്കിൽ അവനു പതിവായി നാലണ കിട്ടുമായിരുന്നു , എനിക്ക് പത്ത് പൈസ തന്നു കൊണ്ടിരുന്നതാ ആ കഷ്മലൻ ഒരുന്നാൾ ഉപ്പൂപ്പനോട് പറഞ്ഞു കൊടുത്തു ഞാൻ ആ പൈസക്ക് പുളിയച്ചാറും ബലൂണും വാങ്ങാറുണ്ടെന്നു , അന്ന് മുതലാണ് കൂലി നാരങ്ങാ മുട്ടായിയിൽ ഒതുങ്ങിയത്, എന്നാ അവനു കിട്ടുന്ന പൈസക്ക് ബലൂണും പുളിയച്ചാറും വാങ്ങി ഊതിയും ഊമ്പിയും നടന്നു പോകുമ്പോൾ, ഒരിക്കൽ പോലും ബലൂൺ വേണോ ,അച്ചാർ വേണോ എന്ന് കൂടി അവൻ ചോദിക്കില്ല , ഉറ്റ ചങ്ങായി ആയിട്ടെന്താ എന്നും എന്നെ കൊതിപ്പിക്കാനായിരുന്നു അവനിഷ്ടം, എന്റെ നാരങ്ങാ മുട്ടായി ഞാൻ അവനും കൊടുക്കാറില്ലാട്ടോ.
ഇന്നത്തെപ്പോലെയല്ല അന്ന് മീന് വാങ്ങാൻ പ്രത്യേകം മെടഞ്ഞ ഓലയുടെ ഒരു കൊട്ട ഉണ്ടായിരുന്നു "മീൻ കൊട്ട " അടിഭാഗം കൂർത്ത പിടിക്കാൻ കാതുള്ള കൊട്ട. പത്ത് പൈസയാണ് അതിന്റെ വില രണ്ടു രൂപയുടെ മീൻ വാങ്ങാൻ ദിവസവും പത്ത് പൈസയുടെ കൊട്ട വാങ്ങാൻ മാത്രം സമ്പന്നർ ആയിരുന്നില്ല ഞങ്ങൾ, അത് കൊണ്ട് ഒരു കൊട്ട തന്നെയാണ് എപ്പോളും കൊണ്ട് പോയിരുന്നത്, അതുമായി പോകുന്നതിന്റെ സ്റ്റൈൽ വേറെ തന്നെയാ, കോട്ട നിലത്തിട്ട് ഒരു ചവിട്ടാ കൊട്ട കൂറേ ദൂരം എത്തിയിരിക്കും ഓടിപ്പോയി പിന്നെയും ചവിട്ടും അങ്ങിനെ ചവുട്ടി ചവുട്ടി അങ്ങാടി വരെ മത്സര പാച്ചിൽ.
ഉപ്പാപ്പന്റെ കടയിൽ എത്തിയാൽ നാരങ്ങാ മുട്ടായി പൊതി കയ്യിൽ തന്നു കണ്ണ് കൊണ്ട് മേലാകെ ഉഴിഞ്ഞു വഴക്ക് പറയാൻ കാരണം ഒന്നുമില്ലാണ് ഉറപ്പ് വരുത്തി പിന്നെ തലയിൽ തലോടി പറയും
"നോക്ക് ചരയിക്കണേ അരൂക്കൂടി പോയാ മതി മൂസാജിയോട് പറ ഉപ്പാപ്പ പറഞ്ഞിക്കുന്നു. "
ഏതു മീൻ ആണെന്നോ എത്ര രൂപക്ക് ആണെന്നോ പറയേണ്ട ആവശ്യമില്ല ചെറിയ നടക്കൽ അമ്മദ് കാക്കാക്ക് ഏത് മീൻ കൊടുക്കണം എന്ന് മൂസാജിക്ക് നന്നായറിയാമായിരുന്നു. മീനും വാങ്ങി തുമ്പയോടും കൊള്ളിനോടും കിസ്സ പറഞ്ഞു ചിലപ്പോളൊക്കെ തമ്മില്‍ വഴക്കടിച്ചും ഞങ്ങൾ വീട്ടിലേക്ക് മടങ്ങും.
അങ്ങിനെ ഒരു ദിവസം ഞങ്ങൾ അങ്ങാടിയിലേക്ക് നടന്നു പോവുകയായിരുന്നു, വ്യാഴാട്ടിലെ ഇടവഴി അന്ന് ഇടുങ്ങിയതായിരുന്നു ഇരു ഭാഗത്തും ഉയരത്തിലുള്ള പറമ്പ് ആളുകൾ നടന്നു പോകുന്നിടം മാത്രം കാട് പടരാത്ത വഴി, ഞങ്ങൾ കൊട്ടയും ചവുട്ടി മുന്നോട്ടു പോകുമ്പോൾ അതാ എതിരെ വരുന്നു തങ്ങളുടെ നായ , ഞങ്ങൾ രണ്ടു പേരും പേടിച്ചു വിറച്ചു സത്യത്തിൽ ഞങ്ങള്‍ക്ക് എത്രത്തോളം പേടിയുണ്ടോ അതില്‍ കൂടുതല്‍ പേടി പട്ടിക്കും ഉണ്ടായിരുന്നു. ഓടിയാൽ അത് പിന്നാലെ ഓടുമോ എന്നൊരു ഭയം മുന്നോട്ടു പോയാൽ കടിച്ചാലോ എന്നൊരു ശങ്ക. ഞങ്ങൾ ഇതി കർത്തവ്യതാ മൂഢരായി നിൽക്കുമ്പോളാണ് മജീദ് ആ ഐഡിയ പറഞ്ഞത്.
"എഡോ അമ്മക്ക് ഒരു കാര്യം ചെയ്താലോ ഞാൻ നായിന്റെ ചെവി പിടിച്ചു തരാം നീ ഈ മീൻ കൊട്ട അയിന്റെ മോന്തേമ്മല് കാറ്റിക്കൊടുക്ക് എന്നാ അയിന് കടിക്കുവേൻ പറ്റൂലാലോ."
ആലോചിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് വാക്കും പ്രവർത്തിയും ഒന്നിച്ചായിരുന്നു. അതെ വരെ സയലന്റ് ആയിരുന്ന പട്ടി പെട്ടന്നാണ് വയലന്റ് ആയത് തലയിൽ കടുങ്ങിയ കൊട്ട തെറിപ്പിക്കാൻ പട്ടി പ്രത്യേക ശബ്ദമുണ്ടാക്കി മുകളിലേക്ക് ചാടാൻ തുടങ്ങി അത് കണ്ടു പേടിച്ച ഞങ്ങളുടെ ശബ്ദം അതിലേറെ ഘോരമായിരുന്നു. അത് കേട്ട് ഓടി വന്നത് ഉപ്പേരിയിൽ കുഞ്ഞാമിച്ച അവിടെ ഇത്തിരി ധൈര്യമൊക്കെ ഉള്ള സ്ത്രീയായിരുന്നു അവർ. അവർ വരുന്നതിനു മുന്നേ പട്ടി സ്ഥലം വിട്ടിരുന്നു അവർ കാര്യം തിരക്കി മജീദിന്റെ വിശദീകരണം കേട്ടപ്പോൾ അവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ മുന്നോട്ടോ പിന്നോട്ടോ പോകാൻ അശക്തരായിരുന്നു അത് കണ്ടറിഞ്ഞാവാം അവർ പറഞ്ഞു
"രണ്ടാളും നടക്കിൻ ഞാൻ കൊണ്ടാക്കി ത്തര ..."
തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഞങ്ങൾ ഇച്ചാച്ച എന്ന് വിളിക്കുന്ന ഉപ്പയുടെ പെങ്ങൾ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു , കുഞ്ഞാമിച്ച കാര്യങ്ങൾ വിശദമാക്കി. കേട്ട ഉടനെ ഇച്ചാച്ച പറഞ്ഞു
"രണ്ടാളും ആട നിക്കീൻ ഇങ്ങു കാരല്ലേ .."
അവർ അകത്തേക്ക് പോയി തോർത്ത് മുണ്ടും ഒരു പാട്ടയുമായാണ് ഇറങ്ങി വന്നത്, ഇത്തിരി ദേഷ്യത്തോടെയും എന്നാൽ സ്നേഹത്തോടെയും അവർ പറഞ്ഞു .. "ഹും നടക്ക്"
പോലീസ് കാർ കള്ളന്മാരെയും കൊണ്ട് പോകുമ്പോലെ മുന്നിൽ ഞങ്ങളും പിന്നിൽ അവരും നടന്നു പോയത് നന്തോത്തെ കുളത്തിലേക്കായിരുന്നു , അവിടെ കൊണ്ടുപോയി ആദ്യം മണ്ണ് കൊണ്ടും പിന്നീട് വെള്ളം കൊണ്ടും ഞങ്ങളെ കുളിപ്പിച്ച് , പട്ടി ഓടിപ്പോയതിനു ഞങ്ങളെ എന്തിനാണ് മണ്ണിൽ കുളിപ്പിച്ചത് എന്ന് അറിഞ്ഞില്ല ചോദിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു.
"മേലാല്‍ നായിനെ തൊട്ടു എന്നും പറഞ്ഞു രാണ്ടാളും ഇങ്ങു വാ രണ്ടിന്റെയും കണ്ണില് ഞാന്‍ മൊളക് എഴുതും.. ഇച്ചാചാന്റെ ഭീഷണി.. "
ഞങ്ങള്‍ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ..........
ഇന്ന് പട്ടികളെ കുറിച്ച് ചര്ച്ചയാവുമ്പോള്‍ ഓര്‍മ്മയില്‍ അന്നത്തെ പട്ടി ഓടിവന്നതാ.
അന്നും തെരുവിൽ പട്ടികൾ ഉണ്ടായിരുന്നു ആളുകൾ അതിനെ ആട്ടി ഓടിക്കുമ്പോൾ ദയനീമായി നോക്കുന്ന പട്ടികൾ , പേപ്പട്ടി ഇറങ്ങി എന്ന് കേട്ടാൽ ആളുകൾ മുട്ടൻ വടിയുമായി ഇറങ്ങും , വൈകുന്നേരം ആവുമ്പോളേക്ക് അതിനെ കൊന്നിരിക്കും. അന്നൊന്നും മൃഗ സ്നേഹികൾ ഇല്ലാഞ്ഞിട്ടല്ല ,
അന്ന് മനുഷ്യനും മനുഷ്യത്വത്തിനും ആയിരുന്നു വില . പേപ്പട്ടി കടിച്ചാൽ എടുക്കുന്ന വാക്സിനുകൾ അന്ന് വളരെ വിരളമായിരുന്നു, വയറിനും ചുറ്റും എടുക്കുന്ന ഇഞ്ചക്ഷന്‍ ഭയപ്പെടുത്തുന്നതും. എന്നാൽ ഇന്ന് അത് വ്യാവസായിക മായി ഉത്പാദിപ്പിക്കുകയാണ്, എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാകും വിധം സുദാര്യമായിരിക്കുന്നു. ലക്ഷങ്ങളുടെ വിറ്റു വരവുള്ള മരുന്നിനു വിപണി ഒരുക്കുന്നതാവട്ടെ പട്ടികളും, അത്തരം പട്ടികളെ ഉൽമൂലനം ചെയ്യാൻ മരുന്ന് മാഫിയകൾ സമ്മതിക്കുമോ ? സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യത്തിന് സുന്ദരി മാരെ ഒരുക്കുമ്പോൾ പട്ടിയെ സംരക്ഷിക്കാനും സുന്ദരി മാരെയാണ് കമ്പനി അധികാരപ്പെടുത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പട്ടിക്കും പശുവിനും കിട്ടുന്ന വിലയെങ്കിലും മനുഷ്യന് കിട്ടിയിരുന്നെങ്കില്‍ സ്വന്തം ഭാര്യയുടെ ജഡം ചുമന്നു മനുഷ്യന് കിലോമീറ്ററുകള്‍ നടക്കേണ്ടി വരില്ലായിരുന്നു.


അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 ജൂലൈ 28, വ്യാഴാഴ്‌ച

സ്നേഹം

സ്നേഹ മൊഴുകിയ വഴി
--------------------------------------- 
തുള്ളിയായിരുന്നപ്പോൾ 
ഗർഭ പാത്ര ഭിത്തിയോട് 
പൊക്കിൾ കോടി മുറിഞ്ഞപ്പോൾ 
ഉമ്മയോട്,
സ്നേഹം ചുരത്തുന്ന കണ്ണിൽ നോക്കവേ
ഉമ്മ ചൂണ്ടിയ ഉപ്പയോട്‌ ,
നേരെ നടന്നപ്പോൾ
ഉമ്മയും ഉപ്പയും ചേർന്നൊരുക്കിയ മാരനിലേക്ക്
സ്നേഹം കടലാഴങ്ങൾ പിന്നിടുമ്പോൾ
കടിഞ്ഞൂൽ കിടാവിലേക്ക്
പേറ്റു നോവുകളുടെ എണ്ണം പെരുകിയപ്പോൾ
സ്നേഹ സാഗരം പരന്നൊഴുകി
പേര പിറന്നപ്പോൾ താരാട്ടിനു
റയ്യാനിന്റെ സുഗന്ധം
വാർദ്ധക്യം ചുളിവ് തീർത്തപ്പോൾ
വിണ്ടു കീറിയ സ്നേഹ സാഗരം നോക്കി
ക്ഷമയിലേക്ക് ..
ഓർമ്മകൾ പിന്നോട്ടും മുന്നോട്ടും ചലിക്കവേ
ഉമ്മയും ഉപ്പയും ഒരുക്കിയ
കുഞ്ഞോർമ്മകളുടെ കിനാവിലേക്ക്
ഒടുവിൽ പ്രമാണങ്ങളിൽ ഒപ്പ് വെക്കുവാൻ
അവസാനത്തെ ചിരിയും ഏറ്റു വാങ്ങി
മക്കളൊരുക്കിയ നിശബ്ദ മുറിയിലെത്തുമ്പോൾ
മരണത്തോട്

അഷ്‌റഫ് എസ്സം വരിക്കോളി

2016 ജൂൺ 29, ബുധനാഴ്‌ച

ഒരു വാപ്പച്ചി കഥ

ഒരു വാപ്പച്ചി കഥ
-------------------------------
ബാപ്പാന്റെ പ്രിയപ്പെട്ട മോനായിരുന്നു അബ്ദു
കച്ചവടവും, ചങ്ങായി മാരും അല്ലറ ചില്ലറ തലയണ മന്ത്രവും എല്ലാം ആയപ്പോൾ അബ്ദുവും ഒന്നു മറന്നു ബാപ്പാനെ പണ്ടത്തെപ്പോലെ പോയിക്കാണാനും നല്ല വാക്കുകൾ കേൾക്കാനും സമയമില്ലാതായി , വീട്ടിൽ വിളിക്കുമ്പോളൊക്കെ ഉമ്മ പറയും
ബാപ്പ നിന്നെ തിരക്കിയിരുന്നു എന്ന്. ദിവസങ്ങൾ കൂടിയപ്പോൾ വാപ്പാന്റെ മുന്നിൽ പോകാൻ തന്നെ പേടിയായി,
അങ്ങിനെ ഒരു ദിവസം വാപ്പാക്ക് സുഖമില്ല
എന്നറിഞ്ഞാണ് അബ്ദു വീട്ടിൽ എത്തിയത് , അബ്ദുവിനെ കണ്ട മാത്രയിൽ വാപ്പ മുഖം തിരിച്ചു ആരോടെന്നില്ലാതെ പറഞ്ഞു

എന്നെ കാണാൻ ഒരുത്തനും ഈ പടി ചവുട്ടണ്ട
മയ്യത്താവുമ്മം വാതുക്കലെ അകത്ത് കിടത്തും അപ്പൊ കണ്ടോട്ടെ

അബ്ദു ഒന്നും മിണ്ടിയില്ല , അടുക്കള ഭാഗത്ത് പോയി
ഉമ്മാനോട് പറഞ്ഞു വേഗം റെഡിയാവു നമുക്ക് ആശുപത്രി വരെ ഒന്നു പോകാം

അയിന് ഇന്റെ ഉപ്പ കൂട്ടാകീറ്റ് മാണ്ടെ രണ്ട് ദെവസായി താലേട്ടുരുട്ടുന്നു ഞാൻ പറഞ്ഞു നോക്കാ

ഉമ്മ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ,
അബ്ദു ഇങ്ങളെ കാണിക്കുവാൻ മന്നതാലോ

കേൾക്കേണ്ട താമസം മെല്ലെ കിടപ്പിൽ നിന്നും നേരെ ഇരുന്നു കുപ്പായം ചൂണ്ടി കാണിച്ചു , പതിയെ എഴുനേറ്റ് ചുമരിൽ പിടിച്ചു നടക്കാൻ തുടങ്ങി. ഉമ്മ താങ്ങിപ്പിടിച്ചു , മുറ്റത്ത് ഇറങ്ങാൻ നേരത്ത് അബ്ദു പോയി ഒന്നു താങ്ങി, ഉടനെ വന്നു ശാസന

ഇഞ്ഞി എന്നെ തൊട്ട് പോകറ് ...

അയാൾ വണ്ടിയിലേക്ക് കയറി അബ്ദു ഡ്രൈവിങ് സീറ്റിൽ ഇരുന്നു പിന്നിൽ ഉമ്മയും ഭാര്യയും. ആശുപത്രിയിൽ ഇറങ്ങാൻ നേരത്ത് വീണ്ടും അബ്ദു സഹായത്തിനു ചെന്നു അയാൾ അബ്ദുവിന്റെ കൈ തെറിപ്പിച്ചു മുന്നോട്ടു നടന്നു
വീണ്ടും കുറച്ച അകലെ എത്തിയപ്പോൾ അബ്ദു കൈ പിടിക്കാൻ നോക്കി അയാൾ നാവു കടിച്ചു കൊണ്ടു അവനെ തല്ലാൻ നോക്കി എല്ലാരും നോക്കി നിൽക്കേ അബ്ദുവിനെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു ,
വീണ്ടും കൈ താങ്ങാൻ പോകുന്ന അബ്ദുവിനെ പിന്നോട്ട് വായിച്ചു ഭാര്യ ചോദിച്ചു

എല്ലാ ഇങ്ങള് കാണുന്നില്ലേ ആൾക്കാർ നോക്കുന്നെ ഈ തെറിപ്പിക്കുന്ന ഉപ്പാനെ പിടിക്കുവാൻ ഇങ്ങേള് പിന്നെ പിന്നെ എന്തിനാ പൊന്നേ ..........

അബ്ദുവിന്റെ കണ്ണു നിറഞ്ഞങ്കിലും അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു
ഇനിക്കറിയോ എന്നെ ഉപ്പ അങ്ങാടി കൊണ്ടു പൊകുമ്മം എത്ര ഞാൻ തെറിപ്പിച്ചു ഓടിയാതാ എന്നിട്ടും പിന്നാലെ പിന്നാലെ വന്നു പിടിക്കും , അന്ന് എന്റെ ഉപ്പാക്ക് തോന്നാത്ത എന്ത് കൊറച്ചിലാ എനക്ക് ഇപ്പൊ ഉള്ളത് ..?

അബ്ദുവിന്റെ വിങ്ങലോടെ ഉള്ള വാക്ക് കേട്ട് അവളും വിതുമ്പി കാണും. അവൻ കണ്ണു തുടച്ചു വാപ്പയുടെ പിന്നാലെ നടന്നു , വേച്ചു പോകുമ്പോൾ താങ്ങാൻ മറന്നില്ല . വാപ്പയുടെ തീ പാറുന്ന നോട്ടം അവൻ നനഞ്ഞ കണ്ണു കൊണ്ടു തണുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .

വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാപ്പയുടെ മുറിയിൽ കൊണ്ടുപോയി കിടത്തി അബ്ദു പുറത്തിറങ്ങി. അപ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് കണ്ടു ഉമ്മ ചോദിച്ചു.

ഇങ്ങള് എന്തിനാ ആൾക്കാരെ മുന്നില് വെച്ചു ന്റെ മോനെ വഴക്ക് പറഞ്ഞേ ..

അയാള് ഒന്നു അമർത്തി മൂളി... മ്മ്മ്മ്മ്മ്മ്മ്മ്
വഴക്ക് പറഞ്ഞതോ . ..? ഞാനോ ..?
എനക് ബേഷമം ഇല്ലാന്നാ ഇഞ്ഞി ബിജാരിച്ചേ , ഓരോ ബാക്ക് പറയുമ്പോ... എന്റെ ചങ്ക് പൊട്ടുവാ , പക്കേങ്കില്...
ഓൻ ഇങ്ങനെ പോയാ ......................

ഞാൻ ഓനെ സ്വര്ഗ്ഗത്തിലേക്ക് മടക്കി വിളിച്ചതാ വാപ്പാനെ മറന്ന മക്കള് നരഗത്തിലാ പോവുക അറിയോ ഇനിക്ക്. എന്റെ മോന്റെ ക്ഷമ കണ്ടില്ലേ ഇഞ്ഞി, ഓൻ ഉപ്പാന്റെ മോനാ. അല്ലാഹു ഓനിക്ക് സ്വർഗം കൊടുക്കട്ടെ അയാള് വിതുമ്പുകയായിരുന്നു

എല്ലാം കേട്ട് പടിക്ക് അപ്പുറത്ത് നിന്നിരുന്ന അബ്ദു മുറിയിൽ കടന്നു വാപ്പാനെ കെട്ടിപ്പിടിച്ചു കരഞ്ഞു
ഇല്ലുപ്പാ ഇനി എന്ത് തിരക്ക് ഉണ്ടെങ്കിലും ഞാൻ എന്നും വാപ്പാനെ വന്നു കണ്ടോളാ .. ആ മുറിക്കുള്ളിൽ രണ്ടു നൊമ്പരങ്ങൾ ഇല്ലാതാവുകയായിരുന്നു

അഷ്‌റഫ് എസ്സം വാരിക്കോളി

2016 ജൂൺ 11, ശനിയാഴ്‌ച

മരണ മെത്തുമ്പോൾ

മരണമെത്തുമ്പോൾ
---------------------------------------
മരണം ഒരന്ത്യമായിരുന്നെങ്കിൽ
വാർധക്യം കാത്ത് നിൽക്കാതെ
മരണത്തെ ആശിച്ചേനെ 
മരണത്തിനപ്പുറം ഒരു ലോകവും
ജനി മൃതിക്കൾക്കിടയിലെ പരീക്ഷയും
നേരായി നിൽക്കുമ്പോൾ
ആറടിക്കുഴിയിലെ ഇരുട്ടിൽ
പാമ്പുകൾ മേയുന്ന ഇടുക്കിൽ
ആളിക്കത്തുന്ന തീ കണ്ടു ഭയക്കാൻ
മരണമെനിക്ക് പേടിയാണ്
നാവുകൾമൊഴിയുന്ന നേരുകളും
കണ്ണുകൾ പറയുന്ന കാഴ്ച്ചകളും
കാലുകൾ ചൊല്ലുന്ന സത്യങ്ങളും
നല്ലതല്ലന്നിരിക്കെ ,ഇരുട്ട് മൂടിയ
കുഴിമാടമെനിക്ക് പേടിയാണ്
നാടിനോടപ്പം നടുവേ നടന്നതും
നാക്കുളുക്കില്ലാതെ കള്ളം പറഞ്ഞതും
ദാനം മറന്നു ധനികനായ് തീർന്നതും
ബാങ്കൊലി കേൾക്കാതെ മൂടിക്കിടന്നതും
ഓർമ്മയിലെത്തുമ്പോൾ
ചോദ്യമെനിക്ക് പേടിയാണ്
പാഴായി പോയ ബാല്യവും
ആടി തിമിർത്ത യൗവ്വനവും
ഒരിക്കൽ കൂടി വന്നെങ്കിൽ
തെറ്റുകൾ തിരുത്തി
തൌബയുടെ കണ്ണീരൊലിപ്പിച്ചു
ഇരുളുകൾ നീക്കിയേനെ
യാ റബ്ബ്
പാപ മോചനത്തിന്റെ യീ
പെരുമഴക്കാലത്ത്
നഗ്ന പാദനായ് ഞാനും ന്നനഞ്ഞിടാം
നിൻ കാരുണ്യ തടാകത്തിലൊരു
പരൽ മീനായ്‌ എന്നെയും ചേർക്കണേ നാഥാ ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 മേയ് 29, ഞായറാഴ്‌ച

മാനിഷാദ

മാനിഷാദ
----------------------------
കാനനം വെളുത്തതും
കായൽ കറുത്തതും
മലകൾ നിരന്നതും താനേയല്ല 
ഭൂഗര്ഭ നീരുകൾ താഴോട്ടു പോയതും
സൂര്യ കിരണങ്ങൾ തീഗോള മായതും
മഴയും വെയിലും ശാപമായി തീർന്നതും
താനേയല്ല
നാളെയെ കാണുന്ന കണ്ണുകളില്ല
മാനിഷാദ മൊഴിയാൻ മുനിയുമില്ല
സൌഖ്യം നുകർന്നും വിഹിതം നുണഞ്ഞും
അധികാരി വര്ഗം കുടപിടിച്ചു
തണ്ണീർ തടങ്ങളിൽ മണി മാളിക
കുന്നും മലയും പണശാലകൾ
ആറിലും തോടിലും വിഷ ധാരകൾ
ആകാശമപ്പാടെ മുറിപ്പാടുകൾ
ആനകകൾ മേയുന്ന കാട് വേണം
ചീവീട് മോങ്ങുന്ന വയല് വേണം
ഊഞ്ഞാലു കെട്ടാനൊരു മാവ് വേണം
ചിങ്ങ മഴ പെയ്യുന്ന പകല് വേണം
വെറുതെയാണെങ്കിലും
വെറുതെ മോഹിക്കുവാൻ
വേരറ്റു പോകാത്തോരാശ വേണം
അഷ്‌റഫ്‌ എസ്സം വരിക്കോളി


അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 ഏപ്രിൽ 25, തിങ്കളാഴ്‌ച

കുട്ടിക്കാലം

കുട്ടിക്കാലം 
---------------------------
തവളകൾ കരയുന്ന പാടവരമ്പിലൂ -
ടക്കര പോകണം പള്ളി കൂടാൻ
കാലിൽ ചെരുപ്പില്ല കയ്യിൽ കുടയില്ല 
മാറ്റി ഉടുക്കുവാൻ നിക്കറില്ല

മഴയൊന്നു കനത്താൽ ഉറ്റുറ്റി വീഴുന്ന
ജലധാരയാണന്നകത്തളത്തിൽ
ഉമ്മ വിളമ്പിയ കഞ്ഞി വെള്ളത്തിൽ
എണ്ണി യെടുക്കുന്ന വറ്റുമാത്രം

ഉണ്ണി പിറന്നാലും മംഗളം വന്നാലും
പെരുന്നാൾ കോടി ഒന്നു മാത്രം
ഇട്ട ചെരുപ്പിന്റെ വാറുപൊട്ടുന്നേരം
വാറുകൾ മാത്രം മാറിവരും

നേരം പുലർന്നാൽ ഉമിക്കരി തേടി
ഇറയായ ഇറയല്ലാം തപ്പിനോക്കും
മണ്ണെണ്ണ കത്തുന്ന പാട്ട വിളക്കിന്റെ
കരിയാലെ മൂക്കും കറുത്തിരിക്കും

നന്ദുവും നാണുവും നന്ദിനി ടീച്ചറും
നന്മതൻ പൂവായ് മനസ്സിലുണ്ട്
ചീരോ പറങ്കിയും ഉപ്പ് മാവിനും
കാലം മറക്കാത്ത രുചിയുമുണ്ട്

അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 ഏപ്രിൽ 8, വെള്ളിയാഴ്‌ച

അറവു മാട്



അറവു മാട്
-----------------------
കുതിപ്പും കിതപ്പും ഒരുന്നാൾ നിലക്കും
നാക്കില വെട്ടി കിടത്തും
നാല് ശകലങ്ങളായ് പകുത്ത് 
ഉത്തരത്തിൽ തൂക്കും
ചെറു കഷണങ്ങളായ് ത്രാസിലും
അവിടുന്നു എരിവു പുരട്ടി ചട്ടിയിലും
ദുഷ്ട്ടന്റെ വയറ്റിലും നീ എത്തും
ഇപ്പോൾ
തോലോട് ചേർന്ന് വെച്ചിരിക്കുന്ന
തലയാണ്
നിന്റെ ഐഡന്റിറ്റി
അത് നിന്നോടുള്ള സ്നേഹമല്ല
അറവുകാരന്റെ തന്ത്രം മാത്രം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

ആത്മഗതം
-------------------
കാരുണ്യത്തിന്റെ എഴുത്താണികൾ
വരണ്ടുണങ്ങിയിരിക്കുന്നു
ചതിയുടെ കടുത്ത ചായങ്ങളിൽ മുക്കി 
സ്നേഹം വരയ്ക്കുന്ന യുവത
അമ്മയെ ഒറ്റിക്കൊടുത്ത വെള്ളിക്കാശിനു
ചഷകം നുകരുകയാണ്
തെരുവിൽ കലവില കൂട്ടുന്നത്
പന്നിയല്ല പേപ്പട്ടിയല്ല
മതവും മാർഗ്ഗവും ലഭിച്ച
ശ്രേഷ്ട്ട ജീവികൾ
ചോര മണക്കുന്ന തെരുവിൽ
തോരണം തൂക്കി കടന്നു പോകുന്നത്
അന്ധരും ബധിരരുമല്ല
അധികാരം അടക്കി വാഴുന്ന
ആദർശധീരർ
അഹിംസ ചൊല്ലിക്കൊടുത്ത
മനീഷിയുടെ ശവ കുടീരങ്ങളിൽ
പുഷ്പാർച്ചന നടത്തി മടങ്ങുന്നത്
നിണം ചാലിട്ട തെരുവിലൂടെയാണ്
അയലത്തെ പട്ടിണി കാണാതിരിക്കാൻ
മതിലുകൾ കെട്ടുന്നവർ
ആയിരം നാവുകൊണ്ട് മതം പറയുകയാണ്‌
അമ്മയെ തല്ലി അങ്ങാടിയിൽ വന്നവനെ
ആമോദത്തോടെ ജയ് വിളിക്കുന്ന ജനത
നാലു തിരിയിട്ട നിലവിളക്ക്
എന്നോ അണഞ്ഞു പോയിരിക്കുന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2016 ജനുവരി 23, ശനിയാഴ്‌ച

പ്രകടനപത്രിക
---------------------

1. കേരളത്തിലെ ജയിലുകൾ നവീകരിക്കും , ശീതീകരിച്ച മുറികളും യൂറോപ്പ്യൻ കക്കൂസും സജ്ജമാക്കും .

2. ചപ്പാത്തിക്ക് പകരം അരിയാഹാരം നടപ്പിൽ വരുത്തും , ഷുഗറും പ്രഷറും ഉള്ളവര്ക്ക് പ്രത്യേകം മെനു ലഭ്യമാക്കും

3. ടീവി, ഇന്റർ നെറ്റ് എന്നീ സൌകര്യങ്ങൾ ഏർപ്പെടുത്താൻ കോടികൾ നീക്കി വെക്കും

4 ജയിലിൽ ബാറുകൾ സ്ഥാപിക്കും ,ത്രീ സ്റ്റാർ ഫോര് സ്റ്റാർ ബാറുകളിൽ പ്രതികളുടെ സ്റ്റാറ്റസ് അനുസരിച്ച് പ്രവേശനം ലഭ്യമാക്കും

5.ജയിലിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പുതിയ ചാനലുകൾ തുടങ്ങും,

6.ജയിലിലെ സ്ത്രീ പുരുഷ സെല്ലുകൾ ഏകീകരിക്കും

7. രാഷ്ട്രീയ വാര്‍ധക്യം പ്രാപിച്ചവര്ക്ക് ജയിലിൽ തന്നെ വൃദ്ധ സദനം ആരംഭിക്കും (പുറത്ത് നിന്നും ആരും തല്ലി കൊല്ലാതിരിക്കാൻ )


വാലറ്റം : നാടും വീടും  വികസിച്ചു ഇനി വികസിക്കേണ്ടത് ജയിലുകലാണ്


ശുഭ്ര രാത്രി
അഷ്‌റഫ്‌ എസ്സം വരിക്കോളി
23/01/2016