ആകെ പേജ്‌കാഴ്‌ചകള്‍

2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

ഇരുളും വെളിച്ചവും



സൂര്യനുദിചു വരുന്നത് കണ്ടു
മുകിലുകളോടിയൊളിച്ചു
അന്ധത മുറ്റിയ നടവഴിയാകെ
വെള്ളി വെളിച്ചം തൂകി
സംസ്കാരങ്ങൾ കോട്ടകൾ കെട്ടി
മാനം മുട്ടെ വളർന്നു
വിദ്യ നടിച്ചു നടക്കും മർത്യൻ
കാലുകൾ നാലായ് കുത്തി
മുന്നോട്ടാഞ്ഞു വളർന്നത് പോലെ
പിന്നോട്ടോടി നശിച്ചു
റോഡിൽ കുടിലിൽ അമ്മത്തണലിൽ
കഴുകൻ പാറി നടന്നു
എല്ലും തോലുമതാണെന്നാലും
പെണ്ണിനു ശരണമസാദ്ധ്യം
മദ്യമിരുട്ടിയ കണ്ണുകളച്ഛന്‍
മാറിൽ കുത്തിയിറക്കി
സ്വന്തം ചോരയിൽ കാമം
തീർത്തിട്ടിടമുറിയാതെ കരഞ്ഞു
പലിശയിൽ മുങ്ങിയ സമ്പത്താകെ
ലഹരിയിൽ ശാന്തത തേടി
ആൾ ദൈവങ്ങൾ വിഹിതം പറ്റി
പ്രാർത്ഥന ചൊല്ലിയുറക്കി
ദുശ്ശീലങ്ങൾ വെട്ടിമുറിച്ച്
അഗ്നിക്കിരയായ് നൽകേണം
നന്മ മരത്തിൽ പൂക്കളൊഴുക്കി
നിർമലരായി തീരേണം
അഷ്‌റഫ്‌ എസ്സം വരിക്കോളി

2017 സെപ്റ്റംബർ 30, ശനിയാഴ്‌ച

എന്റെ നാട്
----------------------------
മരവുരിയും മെതിയടിയും
ഒരുക്കി വെക്കുക
കാലമതിവേഗ മുരുളുന്നു പിന്നോട്ട്
സതി വരും അയിത്തം വരും
അരമുണ്ടുടുത്ത വാല്യക്കാരും
മുല മറക്കാത്ത പെണ്ണുങ്ങളും
വികസന കാഴ്ചകളാവാം
മുലക്കരമടക്കാനൊരു
ലോണെടുക്കുക
അല്ലങ്കിൽ.............ഹാ കഷ്ട്ടം
ഗോമൂത്രം ഔഷധവും
ചാണകം പുണ്യവും ആവുമ്പോൾ
കോണകവും പൂണൂലും
അലങ്കാരമാവും
നാലുവരിപ്പാതയിൽ ഒരുവരിയിൽ
പുലയന് നടക്കാം
പിന്നാമ്പുറ വാതിലിന്റെ
താഴിളക്കി വെക്കുക
അടുത്ത ജന്മത്തിലെങ്കിലും
ബ്രാഹ്മണനായി ജനിക്കാൻ കൊതിക്കുക.
ഓണമിനി ഓര്മയിലിരിക്കട്ടെ
പകരം വാമന ജയന്തിയാവാം
ജമ്മിയുടെ പത്തായം നിറക്കാൻ
എല്ലു മുറിയെ പണിയെടുക്കുക
ജനഗണ മറന്നേക്കുക
വന്ദേ മാതരം ചൊല്ലിപ്പടിക്കുക
ത്രിവർണ പതാകയുടെ മുകളിൽ
കാവിക്കൊടി കണ്ടാൽ കണ്ണടക്കുക
ഹാ.. എന്റെ നാട്‌
തമസ്സിലേക്കല്ലോ യാത്ര
മാനിഷാദ ചൊല്ലാൻ
ഒരു മുനി ജനിച്ചെങ്കിൽ..!

അഷ്‌റഫ് എസ്സം വരിക്കോളി

2017 സെപ്റ്റംബർ 5, ചൊവ്വാഴ്ച

അധ്യാപക ദിനം


അധ്യാപക ദിനം
--------------------------------
അധ്യാപകരെ ഞങ്ങൾ
ഇരട്ട പേരിട്ടു വിളിക്കുമായിരുന്നു
ടീച്ചറെയും മാഷിനെയും ചേർത്ത്
ഗോസിപ്പുകൾ പറയുമായിരുന്നു
പക്ഷെ
ഉമ്മയെ പോലെ സ്നേഹിക്കുകയും
ബാപ്പയെപ്പോലെ ബഹുമാനിക്കുകയും
ഗുരുവായി വന്ദിക്കുകയും ചെയ്യുമായിരുന്നു

നിലത്തെഴുത്തിൽ നിന്നും
നിലാവിൽ എഴുതാനുള്ള
ഉയരത്തിൽ വിദ്യ എത്തിയപ്പോൾ
പ്രേമ ലേഖനം വെച്ച് നീട്ടുന്ന
ശിഷ്യന് മുന്നിൽ
തല കുനിച്ചു നിൽക്കുകയാണ്
ടീച്ചറമ്മ
പള്ളികൂടങ്ങളും മദ്യ ഷാപ്പും
തമ്മിലുള്ള അകലം കുറയുമ്പോൾ
മനുഷ്യനും മൃഗവും തമ്മിൽ
വാലിന്റെ കുറവ് മാത്രം.
നന്മയുടെ നാലക്ഷരം പഠിപ്പിച്ചു
ഗുരുനാഥൻ മാർക്ക്
പ്രാർത്ഥനകൾ.

അഷറഫ് എസ്സം വരിക്കോളി 

2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഹാജത്ത്

ഹാജത്ത്
---------------------- രചന: അഷറഫ് എസ്സം വരിക്കോളി

മനസിലൊരാശയുണ്ട്
മരിക്കാതെ കിടക്കുന്നു
മക്കാ മുസല്ലയിലൊരു
സുജൂദ് ചെയ്യാൻ.
ഹജ്ജിന്റെ കീർത്തനം
ചൊല്ലിപ്പറക്കുന്ന
പറവയോടപ്പം പറന്നീടണം

കഅബ വലം വെച്ച്
ഹജറിനെ മുത്തണം
സഫായും മർവ്വായും
മുന്നിലെത്തുമ്പോൾ
ത്യാഗസ്വരൂപിയാം
ഹാജറ ബീവിയെ
ഖല്ബിലെ കണ്ണാലെ
കണ്ടീടണം


നീരുറ വറ്റാത്ത
സംസം കിണർ നോക്കി
ജല്ല ജലാലിനു
തക്ബീർ ചൊല്ലണം


പുണ്യ റസൂലിന്റെ
പാദം പതിഞ്ഞൊരു
മക്കാ മണലിലൂടൊന്നു
നടക്കേണം


അറഫയുടെ മണലിൽ
തൗബ മഴ പെയ്യുമ്പോൾ
പ്രാർത്ഥനകൾ ചൊല്ലി
ഖൽബുരുകി നിൽക്കണം

മിനായിൽ ചെന്ന്
രാപ്പാർക്കണം
തൗബയാൽ കണ്ണ്
നിറഞ്ഞീടണം
പാപങ്ങളൊക്കെ
ഇറക്കി വെച്ച്
കഅബ വലം വെച്ച്
കുഞ്ഞായി മടങ്ങണം

മുത്ത് റസൂലിന്റെ
റൗള കാണാൻ
പുണ്യ മദീനയിൽ
വിരുന്നു പോണം
റൗളാ ഷെരീഫെന്നിൽ
കുളിരു പെയ്യുമ്പോൾ
ഹംദും സ്വലാത്തും
മൊഴിഞ്ഞിടേണം

2017 ഓഗസ്റ്റ് 15, ചൊവ്വാഴ്ച

ഹേ ജനങ്ങളെ

ഹേ ജനങ്ങളെ 
-----------------------------------------✍️അഷ്‌റഫ് എസ്സം 
സ്വാതന്ത്ര്യ ദിനം കഴിഞ്ഞു 
ത്രി വർണ പതാകക്കും, 
"നാനാത്വത്തിൽ ഏകത്വത്തിനും" 
ഇനി വിശ്രമിക്കാം. 
അവരവരുടെ പതാകകൾ ചുമലിലേറ്റി 
നാല് വഴി പിരിഞ്ഞു പോവുക. 
ചെങ്കോട്ടയിൽ കേട്ടത് മറന്നേക്കുക. 
ജാതിയും മതങ്ങളും ഇസങ്ങളും 
പകുത്തെടുത്ത മണ്ണിലൂടെ 
പട്ടിണിയുടെ നെഞ്ചിൽ ചവുട്ടി 
കടന്നു പോവുക 
ശ്വാസം കിട്ടാതെ മരിച്ചുപോയ കുഞ്ഞുങ്ങൾ 
നിങ്ങളുടെ വഴി മുടക്കാതിരിക്കട്ടെ.
ആതുരാലയങ്ങളുടെ അറവു ശാലയിൽ നിന്നും 
വിഹിതം വാങ്ങാൻ മറക്കരുത് 
വിദ്യ വിൽപ്പനക്ക് വെച്ചവന്റെ 
പുത്തൻ നോട്ടുകൾ എണ്ണുമ്പോൾ 
ഗാന്ധിത്തല കണ്ണിൽ പെടാതെ നോക്കണം 
മദ്യ മുതലാളി മാരുടെ 
കാരുണ്യം കൊണ്ട് നേടിയ 
സ്ഥാന മാനങ്ങൾ മറന്നു പോകരുത് 
ആധാർ ഇല്ലാതെ മരിച്ചവന്റെ ശവം 
നിങ്ങളെ അലോസരപ്പെടുത്താതിരിക്കട്ടെ 
എന്ത് കഴിക്കണം എന്ത് ഉടുക്കണം 
എന്ന് തർക്കിച്ചു നമുക്ക് കഴിയാം 
ഭാരതത്തിന്റെ അവസാന ശ്വാസവും 
ഭീമൻ കയ്യിൽ എത്തും മുമ്പ് 
നമുക്ക് ഒന്ന് കൂടി വിളിക്കണം 
മഹാത്മാ ഗാന്ധി കീ ............
ഭാരത് മാതാക്കീ................
ആഗസ്ത് ഇനിയും വരും 
ചെങ്കോട്ടയിൽ പ്രസംഗിക്കും 
ജനം കയ്യടിക്കും 
വന്ദേ മാതരം ഉച്ചത്തി പാടും...................... .!
ശുഭ രാത്രി 
അഷറഫ് എസ്സം വരിക്കോളി

2017 ഓഗസ്റ്റ് 12, ശനിയാഴ്‌ച

അതൃപ്തി
-----------------------#കവിത : അഷ്‌റഫ് എസ്സം
മോങ്ങളുടെ മുലക്കണ്ണിൽ
ചെന്നിനായകം പുരട്ടണം
കുന്നോളം മോഹിച്ചു കിട്ടിയ
കുന്നിക്കുരുവിനെ
നിരാശയിൽ മുക്കി കൊന്ന
അതിമോഹത്തെ മുക്കാലിയിൽ
കെട്ടിയിട്ടു തല്ലണം
കറുപ്പിനെ വെളുപ്പാക്കാനും
രണ്ടു നിറം കൊണ്ട് മഴവിൽ തീർക്കാനും
മനസ്സ് മന്ത്രിക്കുമ്പോൾ
നേരിന്റെ കണ്ണാടി വാതിൽ
പതിയെ തുറക്കണം
നിരാശയുടെ കൊടുങ്കാറ്റ്
മനസ്സിൽ ഓളം തല്ലുമ്പോൾ
വിവേകത്തിന്റെ തീരത്ത്
ആർത്തിയുടെ കൗപീനം വലിച്ചെറിയണം
വളപ്പൊട്ടും മഞ്ചാടിക്കുരുവും
കൗതുകം തീർത്ത ബാല്യം
പൂമ്പാറ്റകൾക്ക് ദാനം ചെയ്യണം
കാടും മലയും താണ്ടി വരുമ്പോൾ
അതൃപ്തിയുടെ ഹേതു ചോദിക്കണം.
എന്നിട്ട്
നിലാവിന്റെ നെറ്റിയിൽ എഴുതി വെക്കണം
ആറടിക്കുഴിവരെ ആശിച്ചു കൊള്ളുക
അഷ്‌റഫ് എസ്സം വരിക്കോളി

2017 ജൂലൈ 31, തിങ്കളാഴ്‌ച

മിന്നുതല്ലാം .......... .....
--------------------------
പുഞ്ചിരിക്കുന്നവരുടെ
ബാഹുല്യം കണ്ടു
നി ഉന്മത്തനായെങ്കിൽ
അതിലെ വഞ്ചനയുടെ
കനലുകളറിയാതെ പോയതാണ്
നിന്റെ നഷ്ടം
നീ മറഞ്ഞ നേരത്ത്
കളിയാക്കി ചിരിക്കാനും
നിന്റെ വളർച്ചയ്ക്ക്
വേലി കെട്ടാനും
തിടുക്കം കൂട്ടുന്ന
പുഞ്ചിരി ക്കൂട്ടങ്ങളെ
മറന്നേക്കുക
അറിയുക
നീ ചിരിക്കാൻ മറന്ന
പല മുഖങ്ങളിൽ
മറഞ്ഞിരിപ്പുണ്ട്
നിന്റ കൈതാങ്ങുകൾ
അഷ്‌റഫ്‌ എസ്സം വരിക്കോളി

2017 ജൂലൈ 30, ഞായറാഴ്‌ച

കുരുത്തം കെട്ടവൻ

കുരുത്തം കെട്ടവൻ
-----------------------------------കഥ
#അഷറഫ_എസ്സം_വരിക്കോളി

പ്രൈമറി സ്‌കൂളിന്റെ തണലിൽ നിന്നും അപ്പർ പ്രൈമറിയുടെ കുതൂഹലത്തിലേക്ക് പറിച്ചു നട്ട ബാല്യകാലം ,
പല നാട്ടിൽ നിന്നും പലരാൽ പഠിപ്പിക്കപ്പെട്ട കുഞ്ഞു സുജായി മാരുടെ സംഗമം

സർക്കാർ സ്‌കൂളിലെ കുട്ടികൾ ബസ്സിന്‌ കല്ലെറിയും എന്നൊക്ക കേട്ടറിവുള്ള കലാമാണ്, മൂത്ത കുട്ടികൾ തട്ടിവിട്ട വീര കഥകളും മനസ്സിലുണ്ട്.
പേടി കൊണ്ടോ കുരുത്തക്കേടിനു സൗകര്യം കണ്ടോ എന്നറിയില്ല ഞാൻ തിരഞ്ഞെടുത്തത് ബേക്ക് ബെഞ്ചായിരുന്നു.

അദ്ധ്യാപകന്റെ വരവോടെ സീറ്റുകൾ മാറ്റപ്പെടും പഠിപ്പിസ്റ്റുകളും വികൃതികളും അവരവരുടെ സീറ്റുകൾ പ്രതിഷ്ഠിക്ക പെടുന്നതിനു മുമ്പായിരുന്നു.
അധ്യാപകൻ വന്നപ്പോൾ പലരുടെയും സീറ്റുകൾ മാറി, എന്റെ അഭീഷ്ടം പോലെ ബേക്ക് ബെഞ്ചിന് മാറ്റം ഒന്നും വന്നില്ല. പകരം നടുവിലെ ബെഞ്ചിൽ നിന്നും ഒരു കുട്ടിയെ വിളിച്ചു എന്റെ കൂടെ ഇരിക്കാൻ പറഞ്ഞു.
വെളുത്ത് മെലിഞ്ഞ ആ കുട്ടിക്ക് ചന്ദന സോപ്പിന്റെ മണ മുണ്ടായിരുന്നു,
ചീകി ഒതുക്കിയ മുടിയും വെടിപ്പുള്ള കുപ്പായവും.
സത്യൻ, അതായിരുന്നു അവന്റെ പേര്. കുട്ടിക്കൂറ പൗഡർ മുതുകിലും കൈവെള്ളയിലും കാണുന്ന അവന്റെ തലമുടിയിൽ വാസന തൈലം പുരട്ടാറുണ്ടായിരുന്നു. ഇടതു ഭാഗത്ത് മജീദും വലതു ഭാഗത്ത് സത്യനും. ഞങ്ങൾ നല്ല കൂട്ടുകാരായി. ഞങ്ങൾ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു വാചാല മാവുമ്പോൾ അവൻ കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്യും.

ഒരുദിവസം ഞാൻ സ്‌കൂൾ വിട്ട് അൽപം വൈകിയാണ് വീട്ടിലേക്ക് പോയത്,
അപ്പോൾ ഞാനൊരു കാഴ്ച കണ്ടു.
അങ്ങാടി അവസാനിക്കുന്ന സ്ഥലത്ത് പീടിക കോലായിൽ സത്യൻ നിൽക്കുന്നു ഇടിഞ്ഞു വീഴാറായ പീടിക കോലായി, ഒട്ടും വൃത്തിയില്ലാത്ത പരിസരം. എനിക്ക് പേടി തോന്നി
അയ്യോ ഇവനെ ആരെങ്കിലും തട്ടി കൊണ്ട് വന്നതാണോ.?
ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.

"സത്യാ നീയെന്താ ഇവിടെ ?"

അവന്റെ മുഖം വാടിയിരുന്നു
ചിതലരിച്ചു വീഴാറായ നിരപ്പലയുടെ വിടവിലൂടെ ഒരു മുഷിഞ്ഞ സ്ത്രീ പുറത്തേക്ക് വന്നു സത്യനോട് ചോദിച്ചു

"ഇതാരാ മോനെ"

"അമ്മെ ഇതെന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ് "

വെറ്റിലക്കറ പറ്റിയ പല്ലുകൾ പുറത്ത് കാണിച്ചു അവർ ചിരിച്ചു.
അവരുടെ ഈർപ്പം പറ്റിയ കൈ നിറം മങ്ങിയ സാരിയിലേക്ക് തുടച്ചു അവന്റെ കുപ്പായത്തിന്റെ കുടുക്കുകൾ അഴിച്ചു കൊടുത്തു.
അകത്ത് നിന്നും കൊണ്ട് വന്ന ഒട്ടിയ സ്റ്റീൽ പാട്ടയിൽ നിന്നും മറ്റൊരു പാട്ടയിലേക്ക് ഒന്ന് രണ്ടു പ്രാവശ്യം മാറ്റി മാറ്റി ഒഴിച്ച് വീണ്ടും ഊതി തണുപ്പിച്ചു അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.

"വലിച്ചു കുടിച്ചോ മോനെ."
.
എന്നോട് പറയാൻ ഒന്നുമില്ലാത്ത പോലെ ദയനീയ മായി നോക്കിയപ്പോൾ ഞാൻ പറഞ്ഞു

"സത്യാ ഞാൻ പൊന്നു നാളെ കാണാം ."

അവിടുന്ന് പോന്നെങ്കിലും മനസ്സിൽ നിറയെ ആ കാഴ്ചയായിരുന്നു.
അവന്റെ കിടപ്പ് മുറിയും, കുളിമുറിയും നാല് ചുമരുകൾ ഇല്ലാത്തതായിരുന്നു. അങ്ങാടി ഉറങ്ങുമ്പോൾ കൂടെ ഉറങ്ങുകയും അങ്ങാടി ഉണരുമ്പോൾ കൂടെ ഉണരുകയും ചെയ്യുന്ന ജന്മം. കുളിക്കാൻ റോഡരികിൽ
ദൂരെ പൈപ്പിൽ നിന്നും പിടിച്ചു കൊണ്ട് വരുന്ന വെള്ളം, പ്രാഥമിക ആവശ്യങ്ങൾ റോഡരികിൽ, വഴിയാത്രക്കാരെ കാണാതിരിക്കാൻ നിലത്ത് നോക്കി ഇരിക്കും. കൊതുകും ഈച്ചയും പൂച്ചയും പട്ടിയും, കൂടില്ലാത്തവരുടെ കൂടാരം.
തെരുവ് പട്ടിയുടെ കടിപിടികൾ അവരെ അലോസരപ്പെടുത്തിയില്ല കൊതുകിന്റെ മന്ത്രങ്ങളും കേൾക്കാറില്ല, എവിടുന്നോ വന്നോ എങ്ങോട്ടോ പോകുന്ന നാടോടികളുടെ കൂട്ടത്തിൽ വന്നു ബാക്കിയായ സ്ത്രീ ആയിരുന്നു അവന്റെ അമ്മ.. അച്ഛനെ കുറിച്ച് അമ്മ പറഞ്ഞ ഓർമ്മ മാത്രം.

പിറ്റേ ദിവസം അവൻ ക്ലാസിൽ വന്നപ്പോളും ചന്ദന സോപ്പിന്റെ മണമുണ്ടായിരുന്നു.
ഞാൻ ഇന്നലെ കണ്ട കാഴ്ചകൾ ഓർത്തു. വെള്ളമോ കുളിമുറിയോ ഇല്ലാത്ത അവൻ കുളിച്ചു കുട്ടപ്പനായി വന്നിരിക്കുന്നു. ഞാനോ.? മാറി ഉടുക്കാൻ ഒരുപാട് ഉണ്ടായിട്ടും കയ്യിൽ കിട്ടിയ പാന്റും കുപ്പായവും വാരി വലിച്ചിട്ടു പകുതി കയറിയ സിബ്ബും മുഴുവൻ ഇല്ലാത്ത കുപ്പായ കുടുക്കും. എണ്ണ തൊട്ടിട്ടില്ലാത്ത തലമുടി . അല്ലങ്കിലും കാലത്ത് എഴുനേറ്റ് മദ്രസയിലേക്ക് ഓടുന്ന എനിക്ക് കുളിക്കാൻ എവിടെ സമയം. വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഉമ്മ പറയും.

"പോയി കുളിച്യാളടാ .. "

രണ്ടും കയ്യും തലമാന്തി ഓട്ടം തുള്ളികൊണ്ടു പറയും
"ഞാൻ രാവിലെ കുളിക്കും, ഇപ്പം കാലും മൂടും കവ്വാ "

ഒരു യുദ്ധത്തിന് മുതിരാതെ ഉമ്മയും സമ്മതിക്കും.
പിറ്റേന്ന് രാവിലെ ഉണരാൻ വൈകും .......
ഉണർന്നാൽ തന്നെ "ചണ്ടി കായാൻ" പോകും.
എപ്പോളെങ്കിലും പിടിക്കപ്പെട്ടാൽ ഒരു കുളിയുണ്ട്
അതിനു ഉമ്മ പറയുന്ന പേരാ "കാക്കക്കുളി"

ആക്രി കച്ചവടത്തിൽ നിന്നും കിട്ടുന്ന ചില്ലറകളാണ് അവന്റെ അമ്മയുടെ വരുമാനം, തനിക്ക് കിട്ടാതെ പോയ ദുനിയാവ് ന്റെ മോന് നേടിക്കൊടുക്കണം എന്നായിരുന്നു ആ തള്ളയുടെ നേര്ച്ച.
ഉണ്ണാതെയും ഉടുക്കാതെയും അവർ മകനെ പഠിപ്പിച്ചു.

അവന്റെ വസ്ത്രങ്ങളും ആകാരവും പോലെ വൃത്തിയുള്ളതായിരുന്നു അവന്റെ പുസ്തകങ്ങളും. പൊതിയിട്ടു, വരയിട്ട് എഴുതിയ അവന്റെ പുസ്തകങ്ങൾ കണ്ടു, പുറം ചട്ടയില്ലാത്ത എന്റെ പുസ്തകങ്ങൾ നാണിച്ചിറ്റുണ്ടാവും!

പുസ്തകങ്ങളെക്കാൾ ഗോട്ടികളെ സ്നേഹിച്ച കാലമായിരുന്നു. കീശ നിറയെ ഗോട്ടികൾ, പുസ്തകങ്ങൾ മറന്നാലും ഗോട്ടി മറക്കുമായിരുന്നില്ല.
"ഗോട്ടി ശൊണ്ണൽ" അതാണ് പ്രധാന വിനോദം.
ഞങ്ങൾ കളിക്കാൻ വിളിച്ചാലും അവൻ വരാറില്ല അവനു ഒരുപാട് പരിമിതികൾ അവന്റെ അമ്മ അവനെ പറയാതെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
ജീവിതത്തെ അവൻ അമ്മയിലൂടെ വായിച്ചെടുക്കുകായായിരുന്നു.
ചുമരുകളില്ലാത്ത ലോകത്ത് കാക്കയും പട്ടിയും റാഞ്ചാതെ തന്നെ മനുഷ്യ കുഞ്ഞായി വളർത്തിയ ആ അമ്മ. അവനു കാണപ്പെട്ട ദൈവം ആയിരുന്നു.
ഇന്റർവെൽ സമയത്ത് കുട്ടികൾ നാരങ്ങാ മിട്ടായിയും കോലൈസും വാങ്ങി കഴിക്കുമ്പോൾ അവൻ ആഗ്രഹിച്ചില്ല.

പരീക്ഷ കഴിഞ്ഞു ഉത്തര കടലാസുകൾ മാർക്കിട്ട് തിരിച്ചു തരുമ്പോളാണ് ഗോട്ടി കളിയുടെ ഫലം അറിയുന്നത്.
അബുല്ല മാഷ് പറഞ്ഞു

:എന്തിനാടോ വാപ്പ ഗള്ഫിന്ന് കഷ്ട്ടപ്പെടുന്ന കാശ് കളയാൻ .....................!"

പക്ഷേ ഇഗ്ളീഷിന്റെ മാഷ് വഴക്ക് പറഞ്ഞില്ല കാരണം
ഇഗ്ളീഷ് പരീക്ഷ എഴുതുമ്പോൾ സത്യൻ അടുത്തുണ്ടായിരുന്നു.
സത്യന്റെ പേപ്പറുമായി ഒത്തു നോക്കിയത് കൊണ്ടാവാം ഹിന്ദി പഠിപ്പിക്കുന്ന ദാമോദരൻ മാഷ് മനപ്പൂർവ്വം മാർക്ക് കുറച്ചിട്ടത്.

പാസ്സ്‌പോർട്ട് കിട്ടിയാൽ ഗൾഫിൽ പോകേണ്ടതാണ് എന്ന് നിനച്ചായിരുന്നു ഉറുദു പഠിക്കാൻ മോഹിച്ചത്. വർഷങ്ങൾക്കിപ്പുറം ഗൾഫിൽ വന്നപ്പോളാണ് അറിഞ്ഞത് ഹബീബ് മാഷും ഫാരിസാ ബീബി ടീച്ചറും പഠിപ്പിച്ച ഉറുദു എവിടെയും ചിലവാകില്ലന്നു.

ചാക്കീരി പാസ് ആയത് കൊണ്ടോ എന്തോ ഏഴാം തരവും പാസ്സായി.

അന്നൊരു ദിവസം കർക്കിട മഴ തിമിർത്ത് പെയ്യുമ്പോൾ സത്യനും അമ്മയും ചുമരില്ലാത്ത വീടും (പീടിക കോലായി ) ഇരുട്ടിലായിരുന്നു. രാത്രി ഏറെ വൈകിയപ്പോൾ അമ്മക്ക് വയ്യാതായി, മഴ തെരുവ് വിളക്കിനെയും കൊണ്ട് പോയിരുന്നു അമ്മയുടെ മുഖമൊന്നു കാണാൻ അവൻ മണ്ണണ്ണ വിളക്കിനു തിരികൊളുത്താൻ ശ്രമിച്ചു. ഈർപ്പം തട്ടിയ തീപ്പെട്ടി കോലുകൾ ഉരഞ്ഞു മിന്നി അവസാനിച്ചതല്ലാതെ തീയായി പുറത്ത് വന്നില്ല. അവസാനത്തെ കോലും ഉരച്ചു കഴിഞ്ഞു. തീപ്പെട്ടി പോലെ അവന്റെ അവന്റെ മനസ്സും ശൂന്യമായിരുന്നു.
അവൻ മഴയിലൂടെ ഇറങ്ങി നടന്നു, തെരുവ് പട്ടികൾ പോലും തിണ്ണകൾ തേടിപ്പോയിരിക്കുന്നു. അവനു ലോകം അവസാനിക്കുന്നത് പോലെ തോന്നി.
വിജനമായ അങ്ങാടിയിലൂടെ എന്തിനെന്നറിയാതെ നടന്നു. ഒടുവിൽ തന്റെ വീടായ പീടിക കോലായിൽ തിരിച്ചെത്തിയപ്പോൾ ആ അമ്മ മോനെ മോനെ എന്ന് വിളിച്ചു തിരയുന്നുണ്ടായിരുന്നു. പിറ്റേ ദിവസം അവനെ ചന്ദന സോപ്പ് മണക്കാത്തത് കൊണ്ട് ചോദിച്ചപ്പോളാണ് അന്ന് രാത്രി നടന്ന കഥ അവൻ പറഞ്ഞത്.

യുപി സ്‌കൂളിന്റെ കുട്ടിക്കളിയിൽ നിന്നും സൗന്ദര്യത്തിന്റെ ഹൈ സ്‌കൂൾ ജീവിതത്തിലേക്ക് പോകുമ്പോൾ സൗഹ്രതങ്ങൾ വീണ്ടും വീതം വെക്കപ്പെട്ടു. പലരും പല വഴിക്കും പിരിഞ്ഞു, സത്യൻ വേറെ ഏതോ സ്‌കൂളിലേക്ക് ചേക്കേറി. അവന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ എല്ലാം അവിടത്തേക്ക് കണ്ണെറിയുമായിരുന്നു ചിലപ്പോൾ ആ അമ്മയെ കാണും അവർ ചിരികൊണ്ടു സ്നേഹം കാണിക്കും. അവർ താമസിച്ചിരുന്നു കെട്ടിടം പൊളിച്ചു മാറ്റിയപ്പോൾ ആ അമ്മയും മോനും എങ്ങോ മറഞ്ഞു. ഇടക്ക് എവിടെയോ കണ്ടപ്പോൾ അവൻ പറഞ്ഞിരുന്നു ബാംഗ്ലൂരിൽ പഠിക്കാൻ പോവുകയാണെന്ന്. അവന്റെ കൂട്ടുകാരി അവിടെയാണ് പഠിക്കുന്നത് എന്നും.
ഹൈസ്‌കൂളും സെക്കണ്ടറിയും കോളേജും കഴിഞ്ഞു,
ഞാൻ ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവനെ കണ്ടിരുന്നു, അവനാകെ മാറിയിരിക്കുന്നു, ഒരു ടെക്കിയുടെ ലുക്ക്, അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ മുഖത്ത് ഒരു ചോദ്യ ഭാവം.


വർഷങ്ങൾക്കിപ്പുറം ഒരു നാൾ സർക്കാർ ആശുപത്രിയുടെ നീണ്ട വരിയുടെ അറ്റത്ത് അവശയായ ഒരു സ്ത്രീ രൂപം എന്നെ ശ്രദ്ദിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അടുത്ത് ചെന്നു, പ്രായവും രോഗവും അവരെ വല്ലാതെ മാറ്റിയിരിക്കുന്നു പക്ഷെ ആ കണ്ണുകളിൽ ഒരു പരിചയത്തിന്റെ ലാഞ്ചന. അവർ എന്നോട് ചോദിച്ചു നീ സത്യന്റെ കൂട്ടുകാരൻ .......... ല്ലേ .. എത്ര കാലം കഴിഞ്ഞു കണ്ടാലും തിരിച്ചറിയാൻ മാത്രം ഒരു അടയാളം ദൈവം എന്റെ മുഖത്ത് തന്നത് കൊണ്ടാവാം അവർ പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞത്. അമ്മയോട് സുഖ വിവരങ്ങൾ ആരാഞ്ഞു അവർക്ക് അപ്പോളും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

"അമ്മെ സത്യന് സുഖമാണോ "

അവരുടെ കണ്ണുകൾ സജലമായത് ഞാൻ കണ്ടില്ല
ശബ്ദം ഇടറിയപ്പോൾ ഞാൻ മുഖത്തേക്ക് നോക്കി
നല്ലതല്ലാത്ത കുറെ കാര്യങ്ങൾ ആ അമ്മക്ക് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി പക്ഷെ അവർ ഒന്നും പറയാതെ മുഖം പൊത്തിക്കരഞ്ഞു.
ആകാശത്തിനു ചോട്ടിൽ തനിക്ക് ആരുമില്ലാതായിട്ടും മകനെ കുറ്റം പറയാൻ ആ അമ്മക്ക് കഴിയുമായിരുന്നില്ല.

എന്റെ ലൈഫ്, എന്റെ കരിയർ ഇതൊക്കെ കളഞ്ഞു സ്വന്തവും ബന്ധവും പറഞ്ഞു ലൈഫ് സ്പോയില് ചെയ്യാൻ ഞങ്ങൾക്കാവില്ല എന്ന് പറയുന്ന ന്യൂജൻ മക്കളുടെ കൂട്ടത്തിൽ അവനും ..................!



കഥയും കഥാപാത്രവും സങ്കൽപം മാത്രം
അഷ്‌റഫ് എസ്സം വരിക്കോളി






2017 ജൂലൈ 27, വ്യാഴാഴ്‌ച

ഇരുട്ട് മൂടിയ മുറിയിൽ വക്കുപൊട്ടിയ നാല് കല്ലുകളായിരുന്നു പണ്ടത്തെ അടുപ്പ്. പുക തിന്നു മടുത്ത ഒരു ഉപ്പു പാത്രം തിണ്ണയിൽ കാവുലുണ്ടാവും. ഉറിയും മുറവും കഞ്ഞിക്കലവും സ്ഥാനം തെറ്റിയാൽ ചിലപ്പോൾ തിരഞ്ഞാൽ കിട്ടില്ല അത്രക്ക് ഇരുട്ടായിരിക്കും അന്ന് "നിറായി" എന്ന് പറയുന്ന അടുക്കളക്ക്, ചിരവയാണ് അവിടുത്തെ ചാരു കസേര. അടിച്ചൂട്ടിയാണ് കുഞ്ഞു പീഠം.
അമ്മിയുടെ ശബ്ദം കേട്ടാൽ അറിയാം അത് ഇഞ്ചി കുത്തുന്നതാണെന്ന്
ചിരവയെ പിടിച്ചു മലർത്തി കിടത്തി അമ്മിയിലേക്ക് തേങ്ങ മഴ പെയ്യിക്കുന്നത് കാണാൻ നല്ല ചേലായിരിക്കും,
ഉതിർന്നു വീണ തേങ്ങയിലേക്ക് ചെല്ലുന്ന കുഞ്ഞി കൈ പിടിച്ചു ഉമ്മ പറയും,
"പൊഞ്ഞ പെണ്ണ് കെട്ടുമ്മം
കോടാന്തിരം മയ പെയ്യും "
എനിക്ക് ഇരിക്കാൻ അടിച്ചൂറ്റി മാണ്ട ചെര മതീന്ന് പറഞ്ഞാൽ ഉമ്മ പറയും
"ആണ്കുട്ടിയെള് ചെരമ്മല് കുത്തിരിഞ്ഞാൽ കായ്യണം( സ്ത്രീധനം ) കിട്ടൂലാന്നു".
ഓലക്കണി വെച്ച് ഊതിയ അടുപ്പിൽ നിന്നും പറന്നുയരുന്ന വെണ്ണീർ, കിണ്ണത്തിൽ കലക്കി വെച്ച ഗോതമ്പ് മാവിൽ ചെന്ന് വീണാലും ഉമ്മാമ കാണൂല.
പലപ്പോളും മൂഷികൻ മോഷ്ടിച്ച് പോയ "നെയ് കുച്ചു" (ദോശ കല്ലിൽ നെയ് പുരട്ടുന്ന "യന്ത്രം" ) കാണാതെ പാവം എലിയെ മുട്ടൻ വഴക്ക് പറയുന്നത് കാണാം.
മധുരം ഉണ്ടെന്നും ഇല്ലന്നും പറയാവുന്ന കട്ടൻ ചായയും, ഇപ്പുറത്ത് നിന്ന് നോക്കിയാൽ അപ്പുറം കാണാവുന്ന ദോശയും ഉള്ളിക്കറിയിൽ മുക്കി കഴിക്കുമ്പോൾ കിട്ടിയ രുചി ഇന്നത്തെ കുഴി മന്തിയോളം വരും.
ഉച്ച ആയാൽ
അടിച്ചൂറ്റിയിൽ തല വെച്ചു കഞ്ഞിക്കലത്തിലേക്ക് സുജൂദ് ചെയ്ത ചോറ്റു പാത്രം കാണാം
മുളകും മഞ്ഞളും കൂട്ടി അരച്ച് കൈവിരല് കൊണ്ട്
വടിച്ചെടുത്ത് അടുക്കള പോലെ കറുത്ത മീൻ ചട്ടിയിലേക്ക് ഒഴിച്ച് വറ്റിച്ചെടുത്ത ബരട്ടിയതും, (മീൻ വറ്റിച്ചത് )
തണ്ണിപിഞ്ഞാണത്തിൽ വറ്റുകാണാത്ത കഞ്ഞിയും
അടുക്കളപ്പടിയിൽ ഇരുന്നു കുടിക്കണം. അതിനു മുഹബ്ബത്തിന്റെ ചേലുണ്ടായിരുന്നു.
കഴുങ്ങിന്റെ പട്ട കൊണ്ട് (ഓല ) കെട്ടിയ മാച്ചില് (ചൂല് ) അടുപ്പിന്റെ നേരെ മുകളിലെ അട്ടത്ത് വിശ്രമിക്കുന്നുണ്ടാവും. അകം അടിച്ചു ചെറുതാവുമ്പോൾ മാച്ചില് മുറ്റം അടിക്കാൻ എടുക്കും പിന്നെ അതിന്റെ പേരു വെറും "ചൂല്". അവിടുന്നും പെൻഷൻ ആവുമ്പോൾ ആല അടിക്കാൻ കൊടുക്കും.
അടുക്കളയിലെ മൂലയിൽ ജേഷ്ടൻ കൈലും(വലിയ കൈൽ ) അനിയൻ കൈലും (തവി ) മന്തും (ഇളക്കാൻ ഉപയോഗിക്കുന്നത് ) തൂങ്ങി കിടക്കുന്ന "കൈലുറി ".
ആശാരി പണി തുടങ്ങുന്നത് കൈല് കുത്തിയാണ് അവസാനവും അത് തന്നെ എന്നാണ് ചൊല്ല്.
ദിവസവും കുത്ത് കൊണ്ട് തഴമ്പിച്ച ഉരൽ പടിക്ക് പുറത്താണെങ്കിലും തന്നെ കുത്തികൊണ്ടിരിക്കുന്ന ഇരട്ട ചുറ്റുള്ള ഉലക്കയെ തോളിലേന്തി അടുക്കളയിലേക്ക് ഏന്തി നോക്കുന്നുണ്ടാവും.
അടുക്കളയിലെ ഏറ്റവും മുഷിഞ്ഞ അംഗമാണ് "കൈക്കിൽചീള്" എന്നാൽ ഇന്നത്തെ "ഹാൻഡ് ടൗവലിന്റ" ദുർഗന്ധമൊന്നും അതിനുണ്ടായിരുന്നില്ല.
ജാഡിയിൽ മൂടി വെച്ച വെള്ളത്തിൽ കാക്ക കൊക്കിടാതിരിക്കാൻ ഒരു കാക്കച്ചിറക് കാവലിരുത്തും.
അടുക്കളയിൽ വെളിച്ചം എത്തിയപ്പോൾ അടുപ്പ് "നിന്നടുപ്പായി", അടുപ്പിനൊപ്പം അമ്മിയും ഉയരത്തിലായി,
ഉറി പോയി അലമാരയായി, അടുക്കളയുടെ ചുമരിനൊപ്പം പാത്രവും തിളങ്ങി.
കൈലുകൾ കാലം ചെയ്തു. സഫൂണുകൾ വിരുന്നുകാരായി.
പച്ചരി ചോറിൽ നിന്നും പുഴുങ്ങലരിയിലേക്ക് ജീവിത നിലവാരം ഉയർന്നു.
അടുക്കളക്കാരിയും മാറി,
അടുപ്പ് ഊതി കണ്ണ് കഴച്ചപ്പോൾ ആശ്വാസമായി
പുകയില്ലാത്ത അടുപ്പ് വന്നു. .
കരി പുരളാത്ത പാത്രങ്ങൾ അടുക്കളക്ക് മോഡി കൂട്ടി.
ഗ്യാസ് വന്നപ്പോൾ പുകയില്ലാത്ത അടുപ്പും, ആണ്ടറുതിക്കും സംഗ്രാന്തിക്കും കത്തിക്കുന്ന നിലവിളക്ക് പോലെ എപ്പോളെങ്കിലും തീ കാണാൻ തുടങ്ങി.
കരി പിടിച്ച അടുക്കളക്ക് പകരം "ഫൈവ് സ്റ്റാർ കിച്ചണുകൾ" വന്നു.
ഭക്ഷണത്തിന്റെ മെനുവും മാറി.
ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിപ്പിക്കുന്നതും സന്തോഷമായി കണ്ടവർ അത് ഒരു ജോലിയായി കാണാൻ തുടങ്ങി. ഒറ്റക്ക് തീരാത്ത ജോലിക്ക് വേലക്കാരി വന്നു.
എന്നിട്ടും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പുറത്തെ ഭക്ഷണം വേണമെന്ന് ആഗ്രഹിക്കുന്ന പുതു തലമുറ വളർന്നു വന്നു.
പുഴുങ്ങി തിരുമ്പലും, കുത്തി തിരുമ്പലും, അടിച്ചു തിരുമ്പലും, മാറി "സോക്ക് വാഷിംഗും," "വിൻഡ് ഡ്രയറും" അലക്ക് ഭാഷയായി.
ശിലായുഗത്തിൽ നിന്നും നാഗരികതയിലേക്കുള്ള പ്രയാണം അനിവാര്യത തന്നെ മാറ്റത്തിൽ നമുക്ക് അഭിമാനിക്കാം പക്ഷെ വഴിക്ക് എവിടെയോ മറന്നു പോയ കൂട്ടായ്മയും സ്നേഹവും കരുതലും തിരിച്ചു പിടിക്കണം.
കണ്ണും വിരലും മെബൈൽ ജാലകത്തിലേക്ക് തറപ്പിച്ചു ആയുസ് കളയുമ്പോൾ വല്ലപ്പോളും തല ഉയർത്തി നോക്കുക ചുറ്റും ഇനിയും മരിച്ചിട്ടില്ലാത്ത സ്വന്തവും, ബന്ധവും, സ്നേഹവും ബാക്കിയുണ്ടെന്ന് തിരിച്ചറിയുക.




സ്നേഹപൂർവം
അഷറഫ് എസ്സം

2017 ജൂലൈ 19, ബുധനാഴ്‌ച

ഘർവാപ്പസി

ഘർവാപ്പസി
-------------------- ഹാസ്യ രചന .........(ഒരു പുനർ വായന )
#അഷറഫ്_എസ്സം_വരിക്കോളി

വൃദ്ധ സദനത്തിൽ ചൂടുള്ള ചർച്ചയാണ്.

ഉരൽ അമ്മിയോടു പറഞ്ഞു ഞാൻ എത്ര നെല്ലുകൾ അരിയാക്കി കൊടുത്തിറ്റുണ്ട് എന്റെ നെഞ്ചിൽ ഓരോ പ്രാവശ്യം പ്രഹരിക്കുംബോളും ഒരു പരിഭവവും ഞാൻ പറഞ്ഞിരുന്നില്ല എന്നിട്ടും ............

ഇത് കേട്ട് അമ്മി പറഞ്ഞു നിങ്ങൾക്കറിയോ ,
മുളക് അരച്ച എരിവും, അരി അരച്ച നനവും
ഇഞ്ചി കുത്തിയ വേദനയും സഹിച്ചവളാണ് ഞാൻ
മതിയായ ജല സ്നാനം പൊലുമവർ എനിക്ക് തന്നിരുന്നില്ല
എന്നിട്ടും ഞാൻ പരിഭവിച്ചില്ല പക്ഷെ ..

ഒരു മൂലയിൽ മിണ്ടാതെ കിടന്നിരുന്ന ചിരവ ഓടി വന്നു നിങ്ങൽക്കറിയൊ..? തെങ്ങയായ തേങ്ങയൊക്കെ പൂ മഴ പെയ്യിച്ചു ഊട്ടിയവളാണ് ഞാൻ ഒന്നും മിണ്ടാതെ അടുക്കളയുടെ മൂലയിൽ ചാരി കിടക്കും എന്നിട്ടും .. അവൾക് വാക്ക് മുഴുമിക്കാൻ കഴിഞ്ഞില്ല

മുറവും, ഉറിയും മന്ച്ചട്ടിയും കഞ്ഞിക്കലവും ഒന്ന് മുരണ്ടു പുതപ്പ് തലയിൽ വലിച്ചു കയറ്റി വീണ്ടും ചുരുണ്ട് കിടന്നു ,

അരിവാൾ പൊട്ടിക്കരഞ്ഞു അടിചൂറ്റി കഞ്ഞിക്കലത്തെ കെട്ടിപ്പിടിച്ചു കിടന്നു,
സദനം ആകെ മ്ളാനത
അപ്പോളാണ് നിറം മങ്ങിയ ചുവന്ന സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ കയറി വരുന്നത് ,
സിലിണ്ടറിനെ കണ്ടപ്പോൾ അമ്മി ചോദിച്ചു "

അല്ല നീ ഇത്രവേകം ഇവിടെ എത്തിയോ ....?

സിലിണ്ടർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ,
എന്റെ ചികിത്സാ ചെലവ് കൂടുതൽ ആണെന്നും പറഞ്ഞു എന്നും വയക്കാരിന്നു ഒടുവിലവരെന്നെ ..!

നിങ്ങൾ സങ്കടപ്പെടേണ്ട നിങ്ങൾക്ക് പാരയായ മിക്സിയും ഗ്രൈന്റെരും ഒക്കെ പിന്നാലെ വരുന്നുണ്ട് , അവസാനം വീട്ടുകാർ നിങ്ങളെ തേടി വരും .. ആട്ടി ഓടിക്കണം അസത്തുകളെ ...

നിങ്ങൾ ക്കറിയോ കിണറുകളിൽ പമ്പ് വെച്ച് ദൂര്ത്തടിച്ചു കുടി വെള്ളം താഴൊട്ട് പോയി
ഇന്നവർ കൊട്ടക്കൊരി തേടി ഓടുകയാണ്..

അലക്ക് യന്ത്രത്തിൽ തുണിവേളുപ്പിച്ചവന്റെ പോകറ്റുവെളുത്തു , കെട്ടിയോളെ ഊരയും പോയി ,

കഞ്ഞിവെള്ളം നിലം തൊടാതെ ഓടയിൽ ഒഴുക്കിയപ്പോൾ കന്നുകാലികളുടെ ശാപം കിട്ടി,

എച്ചിലുകൾ പ്ലാസ്റ്റിക്ക് ബാഗിൽ കെട്ടി ഭദ്രമാക്കിയപ്പോൾ പക്ഷികളും ശപിച്ചു ,

മീൻവെള്ള മൊഴിച്ചിടത്ത് പൊടിച്ച മുളക് തൈ മുതൽ കുപ്പയിലെ മണ്ണിര വരെ ഇല്ലാതായി..

കാക്കക്ക് വന്നിരിക്കാൻ കദളി വാഴയില്ല,

മണ്ടരിയും മണ്ടോതരിയുമാണ് ഇന്ന് വീടുകളിൽ
എല്ലാം കേട്ട് ഉരൽ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
നമുക്കും വരും ഒരു അച്ഛാദിൻ....😀

അഷ്‌റഫ്‌ എസ്സം വരിക്കോളി

2017 ജൂലൈ 15, ശനിയാഴ്‌ച

ജീവകാരുണ്യം

ജീവകാരുണ്യം
------------------------------
ചരിത്ര കഥയായി പറയുന്ന ഒരു കാര്യം വിശതീകരിക്കാം
അന്നൊരു നാട്ടിൽ താനാണ് ഏറ്റവും നന്നായി ഭരണം നടത്തുന്നത് എന്നു ധരിച്ചിരുന്ന ഒരു രാജാവ് ഉണ്ടായിരുന്നു , അദ്ദേശം വേറൊരു രാജ്യത്തെ ജനപ്രിയ രാജാവിനെ കുറിച്ചു കേട്ടറിഞ്ഞു , തന്റെ രാജ്യത്തെ മഹിമ അയാളെ കാണിക്കാൻ ആ രാജാവിനെ തന്റെ നാട്ടിലേക്ക് വിളിച്ചു , തന്റെ കൊട്ടാരത്തിൽ വിതരണം ചെയ്യുന്ന ധർമ്മ കഞ്ഞിയുടെ വലുപ്പവും , കൊട്ടാരത്തിൽ അഭയം കൊടുത്തിരിക്കുന്ന നിർധനരായ അന്തേവാസികളേയും കാണിച്ചു അദ്ധേഹം ഗമ നടിച്ചു . എല്ലാം കണ്ട അയൽ രാജാവ് ചോദിച്ചു

പ്രഭോ നിങ്ങളുടെ രാജ്യത്ത് ഇത്രയും ദാരിദ്ര്യം പട്ടിണിയും ആണോ ?
ഇത്രയും ആൾകാർ വീട് ഇല്ലാത്തവരോ ..? നിങ്ങൾ ജന പ്രിയ രാജാവേ അല്ല

അതു കേട്ട രാജാവ് തല കുനിച്ചു കൊണ്ടു പറഞ്ഞു

പ്രഭോ താങ്കൾ എന്നെ ഉപദേശിച്ചാലും ,

നിങ്ങൾ സൗജന്യം നിർത്തൽ ചെയ്യൂ , അവരെ പണിയെടുക്കാനും , അതിനുള്ള അവസരവും ഒരുകൂ , വീടും അന്നവും അവർ തനിയെ കണ്ടെത്തിക്കൊള്ളും .

ഭാഗം 2
അവർ പതിവ് പോലെ ആ കൊല്ലവും വന്നു ഹാജി കഴിഞ്ഞ വർഷം കൊടുത്തിലും നൂർ രൂപ അതികം കൊടുത്തു, ഭവ്യതയോടെ കാശ് കൈ പറ്റി അവർ ഇങ്ങനെ പ്രാർത്ഥിച്ചു
പടച്ചോനെ ഹാജ്യാര്ക്ക് ഇനിയും ഒരുപാട് തരാനും എനിക്ക് വാങ്ങാനും ഈ ആപതാക്കണേ ...................
പ്രാർത്ഥന കേട്ടപ്പോൾ ഹാജിക്ക് അരിശം വന്നു കൊടുത്ത കാശ് തിരിച്ചു വാങ്ങിക്കൊണ്ടു അയാൾ പറഞ്ഞു ജീവിത കാലം മുഴുവൻ ഇങ്ങനെ വാങ്ങി കഴിയാനാണ് മോഹം അല്ലെ.. ഞാൻ അതിനു കൂട്ടില്ല ...

ഇന്നത്തെ ഈ ഫോട്ടോ ഫിഗർ സൗജന്യ കിറ്റ് വിതരണവും വീട് നിർമ്മിച്ചു നൽകലും വസ്ത്രം വാങ്ങിക്കൊടുക്കലും കാണുമ്പോൾ അന്നത്തെ ഹാജിയെ ഓർത്തു പോവുകയാണ് , റമസാൻ വരുമ്പോൾ അതിന്റ ഒരുക്കമായി വല്ലതും ജോലി ചെയ്തു ഉണ്ടാക്കാൻ ഈ കിറ്റ് സ്വീകരണ കാരെ ത്വോരിത പ്പെടുത്താത്തത് അവരുടെ കിറ്റ് പ്രതീക്ഷയാണ് പെരുന്നാളിന് വസ്ത്രം വാങ്ങാൻ അന്ന് വരെ കീട്ടിയ കാശ് മിച്ചം വെക്കാതിരിക്കാനും അവരെ ബോധനം ചെയ്യുന്നത് പെരുന്നാളിന് പെരുമ കാണിക്കാൻ വിതരണം ചെയ്യുന്ന സൗജന്യങ്ങളാണ് ,

വാലറ്റം:
സക്കാത്ത് സദഖകൾ ഒരു സമൂഹത്തിന്റെ അവസ്ഥ മാറാൻ സഹായക മാവണം , അല്ലാതെ അവരെ വീണ്ടും വീണ്ടും "ഇരക്കുന്നവർ" ആക്കാതിരിക്കട്ടെ

2017 ജൂലൈ 12, ബുധനാഴ്‌ച

ഒരു മംഗളത്തിന്റെ കഥ

ഒരു മങ്ങലത്തിന്റെ ഓർമ്മകൾ
-------------------------------------------കഥ: #അഷ്‌റഫ്എസ്സം_വരിക്കോളി
പോക്കർ ഹാജി നിശ്ചയത്തിന്റെ അന്ന് തന്നെ എല്ലാരോടും പറഞ്ഞു
"എടൊ മമ്മദിന്റെ മോളെ മംഗലാ
ഇങ്ങക്ക് അറിയാലോ
ഓനക്കൊണ്ടു പൊന്തിച്ചാ പൊന്തൂലാന്നു
ഇങ്ങളെല്ലാം ഉല്സായിച്ചിട്ട്
ഭംഗിയായിക്കൊടുക്കണം."
ഒരു പ്രേത്യക പ്രസ്ഥാവനയുടെ ആവശ്യം ഒന്നുമില്ല അന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നവർ തന്നെ ആയിരുന്നു, ഇനി നിവൃത്തി ഉള്ളവർ തന്നെ ആയാലും ,അയൽക്കാരും കൂട്ടുകാരും ചേർന്ന് നടത്തുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്, പന്തൽ മുതൽ വിളമ്പാനുള്ള വിഭവം വരെ തീരുമാനിക്കുന്നത് നാട്ടുകാർ ആയിരുന്നു. പന്തലിടൽ, ലിസ്റ്റ് ഇടൽ, അരികുത്ത്, അത്തായോട്ടു, ഇങ്ങനെ പലഘട്ടങ്ങൾ ഉണ്ടാവുമെങ്കിലും ഒന്നിലും ഒരു ആഡംബരം ഉണ്ടായിരുന്നില്ല, വീട്ടുകാരന്റെ മികവ് കാട്ടാനല്ല കൂട്ടായ്മയുടെ വിജയത്തിന് വേണ്ടിയായിരുന്നു ഈ ഘട്ടങ്ങൾ.
നിശ്ചയം കഴിഞ്ഞു പന്തലിടുന്ന അന്ന് രാവിലെ തന്നെ ഹാജി ബഡാപ്രത്ത് ഹാജരായിരുന്നു. മുറ്റത്ത് കൂടി നിന്ന ഹമീദും ഇബ്രാഹിയും, ഹാജിയാരുടെ മുഖത്ത് നോക്കി നിൽക്കുകയാണ്, കൂട്ടത്തിൽ പൊക്കനും രാജനും ഉണ്ട് കയ്യിൽ ഒരു മഴു, കയർ, വാക്കത്തി , രാജന്റെ കയ്യിൽ ഒരു പടന്നയും മങ്കോട്ടയും.
എല്ലാവീട്ടിലും പന്തലിനു നേതൃത്വം കൊടുക്കുന്ന ആളാണ് കാദര്ക്ക. മൂപ്പർ എഴുനേറ്റ് നിന്ന് മുറ്റത്തേക്ക് ചൂണ്ടി പറഞ്ഞു
"ദാ ആടന്നു ഇബിടം ബെരെ പന്തല് മാണം
ഊട്ടോര ബയ്യാപ്രം മയി, "
പന്തലിന്റെ നീളവും വീതിയും അനുസരിച്ചു കഴുങ്ങു വേണം അതാണ് നോട്ടത്തിന്റെ പൊരുൾ അത് മനസിലാക്കി ഹാജി പറഞ്ഞു.
വടക്കേ പറമ്പില് രണ്ടു കവുങ്ങുണ്ട് അത് മുറിച്ചോ
തെങ്ങുമ്മൽ ബീവാണ്ട് നോക്കണാനാണെ.
അപ്പൊ കദർക്കയും പറഞ്ഞു ,
"എന്ടാടേയും ഉണ്ട് ഒരു കവുങ്ങ് അതും മുറിച്ചോളീ.
പിന്നെ ഓല ..
ഞാൻ കൂലികൊടുത്ത് മടയിച്ചതാ,
എടുത്തോ പക്കേങ്കിൽ നാഷാക്കര്. "
അങ്ങിനെ കവുങ്ങും ഓലയും വാഗ്ദാനം ആയപ്പോൾ ജോലിക്കാർ സജീവമായി, രാജൻ ചെത്തി നിരത്തുകയും നാരായണി മങ്കോട്ടയിലാക്കി വിടവുകൾ നികത്തുകയും ചെയ്തു.
കവുങ്ങു മുറിച്ചു പാകമാക്കി കുട്ടികൾ ചുമലിലേറ്റി കൊണ്ട് വന്നു കുഴിയുണ്ടാക്കി തൂണും ഇഡിയയും വെച്ചുകെട്ടി മുറ്റം നിറയെ പന്തൽ
മുറ്റം പോലെ മമ്മദുകാക്കാന്റെ ഖല്ബിലും തണൽ.
പത്ത് മണിയായപ്പോൾ ഹാജി പറഞ്ഞു
"ഡോ കുട്ടിയെക്കു കത്തടക്കാൻ ഒന്നൂല്ലേ. "
ആവി പറക്കുന്ന പൂളയും മത്തിക്കറിയും കോലായിൽ വിരിച്ച പായിൽ കൊണ്ട് വെച്ച്, പന്തലിടാൻ തുടങ്ങുന്ന സമയത്ത് ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു ചായ കുടിക്കാൻ. വീട്ടുന്നു കിട്ടുന്നതിനേക്കാൾ മെച്ചമുള്ള ഭക്ഷണം ആയത് കൊണ്ടല്ല കല്യാണപ്പുരയിൽ സാനിദ്യം അത് സ്നേഹബന്ധത്തിന്റെ ഒരു ആഴം കൂടി ആയിരുന്നു.
ളുഹർ ബാങ്ക് കൊടുക്കുമ്പോളേക്കും പണികൾ ഏകദേശം പൂർത്തിയാവും നിസ്കാരത്തിനു പിരിഞ്ഞാൽ പിന്നെ ഉച്ച ഭക്ഷണത്തിനു അടുത്ത ആളുകൾ മാത്രം.
ചിമ്മിനി വിളക്ക് കത്തിച്ചിരുന്ന വീട്ടിൽ അന്ന് കാന്ത വിളക്ക് തെളിഞ്ഞു കദളിപ്പഴത്തിന്റെയും പൊട്ടിയപ്പത്തിന്റെയും മണം, ആടിന്റെ നിലവിളി
പഞ്ചസാര കെട്ടും മൂഢയും ഒരുക്കി വെച്ച മുറി.
വീട്ടുകാരിയുടെ വെപ്രാളത്തിനു പേര് തന്നെ ഉണ്ട് "ബാവുന്ന കുട്ടീന്റെ ഉമ്മ കളിക്കുമ്പോലെ", കണ്ണും കാതും അടഞ്ഞു പോയി യന്ത്രം കണക്കെ ഓടുന്ന പാവം.
അരികുത്ത്,
മാമിയും സാറയും നാരായണിയും പൊക്കിയും എല്ലാരും ഒരുങ്ങി ഇരുന്നു വീട്ടുകാരി അകത്തേക്ക് പോയി കാരണോത്തിയോടും നിലവിലുള്ള പുതിയാപ്പിളയുടെ ഉമ്മാനോടും സമ്മദം എടുത്ത് വന്നു പറഞ്ഞു
തൊടങ്ങിക്കോളീ,
ഹജ്ജുമ്മ ഒരു മുറം അരിയെടുത്ത് കൊടുക്കുന്നതോടെ അരികുത്ത് തുടങ്ങി ( കുത്താൻ ഒന്നുമില്ല നെല്ലും പതിരും ഉണ്ടെങ്കിൽ വേർതിരിച്ചു അളന്നു തിട്ടപ്പെടുത്തി വെക്കും ).
പൊട്ടും പൊളിയും, ഇടങ്ങാറും, മുടക്കൊന്നും ഇല്ലാണ്ട്
ഇതൊന്നു ഒരിയാനെ കഴിഞ്ഞൂഡ്യാ മതിയെന്നും പടച്ചോനേ,
ഉമ്മാമ ആരോടൊന്നില്ലാതെ പറയുന്നുണ്ടായിരുന്നു.
"അത്തായോട്ടു,: കല്യാണത്തിന്റെ തലേ ദിവസത്തിന് അങ്ങിനെ ഒരു പേര് വന്നത് എങ്ങിനെ എന്ന് എനിക്കറിയില്ല പക്ഷെ ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും സന്തോഷം കിട്ടുന്ന ദിവസമായിരുന്നു അത്. ഇന്നത്തെ പോലെ ഗാനമേള ഒന്നുമില്ലെങ്കിലും അറപ്പാട്ടും അറപന മട്ട് എന്നിത്യാദികൾ പണക്കാരുടെ വീടുകളിൽ ഉണ്ടാവാറുണ്ട്.
അരികുത്തലിന്റെ അന്ന് തുടങ്ങിയ പൊട്ടിയപ്പവും ചായയും അത്തായോട്ടിനും തുടരുന്നുണ്ടായിരുന്നു , ചില പാത്രങ്ങളിൽ പഴങ്ങളും ഉണ്ടാവും, അന്ന് കാന്ത വിളക്കിന്റെ എണ്ണം കൂടി ഇടക്ക് ഇടക്ക് ശബ്ദമുണ്ടാക്കുന്ന കാന്ത വിളക്കിനു കാറ്റടിക്കാൻ കാത്ത് നിൽക്കുന്ന ചില കേമൻ മാർ തക്കം പത്ത് നിൽക്കുന്നുണ്ട് .
ഏകദേശം പത്ത് മണിയോടെ ആളുകളുടെ വരവ് കുറഞ്ഞു.
കാദര്ക്ക പറഞ്ഞു
ദാ.. മമ്മദേ... ന്നാല് മ്മള് ചോറ് വിളമ്പുവാല്ലേ .....
കരിങ്ങാലി വെള്ളവും തേങ്ങാ ചമ്മന്തിയും നല്ല കൊതിപ്പിക്കുന്ന ഇറച്ചി ചോറും, മഞ്ഞ ചോറിന്റെ അവിടവിടങ്ങളിൽ ഒളിച്ചിരിക്കുന്ന ഇറച്ചിയിലേക്ക് ഊളിയിടുന്ന കുഞ്ഞുങ്ങൾ. തപ്പൽ വിലക്കി കൊണ്ട് വിളമ്പക്കാരൻ. കണ്ണിറുക്കി കാണിക്കുന്ന ചങ്ങായിക്ക് സ്പെഷലായി വിളമ്പുന്ന ചങ്ങായി മാർ.
അവസാനത്തെ സുപ്പറയിൽ ഇരിക്കാൻ കാത്ത് നിൽക്കുന്ന തീറ്റ മത്സരക്കാർ ആളുടെ എണ്ണം കൂടുന്നത് കാണ്ടപ്പോൾ ചാടി ഇരിക്കാൻ തുടങ്ങി.
അപ്പോളും വീട്ടുകാരന്റെ മനസ്സിൽ പ്രാർത്ഥനകൾ മാത്രം
എല്ലാർക്കും എത്തണേ റബ്ബേ.
രാത്രിയിൽ കസേരകൾ ചേർത്ത് വെച്ച് അതിൽ കിടന്നുറങ്ങുന്ന കുട്ടികൾ.
കാക്കകൾ നിലവിളി കൂട്ടുന്ന പ്രഭാതത്തിൽ കൂട്ടിയിട്ട കസേരകൾക്കിടയിലൂടെ ചൂലുമായി നൃത്തം വെക്കുന്ന നാരായണിയെ ആണ് കണി.
ഉറക്ക ച്ചടവിൽ കണ്ണുകൾ വീർത്ത പെണ്ണുങ്ങൾക്കിടയിൽ ഒരു കപ്പ് ചായ കിട്ടാൻ വല്ല വഴിയുമുണ്ടോ... എന്ന് നോക്കാം
പകൽ വെളുക്കുന്നതിനനുസരിച്ചു മമ്മദിന്റെ മനസ്സിലെ തീയും പുകഞ്ഞു കൊണ്ടിരുന്നു ആരൊക്കെ വരും ആരൊക്കെ വരാതിരിക്കും എന്റെ ഭാഗത്ത് വല്ല പിഴവും ഉണ്ടാവുവോളീ...
ആളുകൾ വന്നു തുടങ്ങി, പന്തലിന്റെ മൂലയിൽ ഈന്തൊല പട്ടകൊണ്ട് വളച്ചു കെട്ടിയ ഭാഗത്താണ് സർബത്ത് കൊടുക്കുന്ന സ്ഥലം കുട്ടികൾ കൂട്ടമായി ഗ്ലാസുകളിലേക്ക് ഒഴിച്ച് വെച്ച് വരുന്നവരെ തിരഞ്ഞു കസേരയിൽ ഇരുത്തി വേണം വെള്ളം കൊടുക്കാൻ.
വെറ്റില മുറുക്കുന്നവർക്ക് വെറ്റില ചെല്ലവും മുറുക്കി തുപ്പാൻ മുറ്റത്ത് തന്നെ വാഴപ്പോളയിൽ തീർത്ത് മണൽ നിറച്ച ചതുരവും ഉണ്ടായിരുന്നു.
ബീഡി സിഗരറ്റ് വിതരണം ചെയ്യാൻ ഒരു കൊച്ചു പയ്യൻ. വലിച്ചു തുടങ്ങാത്ത കുട്ടികൾ പോലും പഠിച്ചു തുടങ്ങുന്നത് കല്ല്യാണ വീടുകളിൽ നിന്നാണ്.
പ്രധാന വ്യക്തികൾക്ക് രഹസ്യമായി കൊടുക്കുന്ന ചായ സൽക്കാരവും പരസ്യമാണ്.
നെയ്ച്ചോറിന്റെ മണം കല്ല്യാണ വീടിനെ പൊതിയുമ്പോൾ പൊട്ടിയപ്പത്തിന്റെയും പഴത്തിന്റെയും പുത്തൻ പെയിന്റിറ്റിയും മണം പിൻവലിയുന്നു.
നിക്കാഹിനുള്ള ആളുകൾ പുറപ്പെട്ടു കൃത്യ സമയത്ത് ഇറങ്ങാനിരുന്നതാണ് പുതിയാപ്പിളയുടെ പുതിയാപ്പിള എത്തീല മൂപ്പറെ കത്ത് നിന്നാണ് വൈകിയത്, നികാഹ് കഴിഞ്ഞു അളിയൻ കുട്ടിയെ ഒരു ഒരു വഴികാട്ടിയായി ബാക്കി വെച്ച്, പാവം അവൻ അട്ടത്ത്നിന്നും വീണ പൊട്ടനെപ്പോലെ .......!
പുതിയാപ്പിള മഗ്‌രിബിന്‌ ശേഷം വരുമെന്നാണ് പറഞ്ഞത് അസർ നിസ്കരിച്ചു വന്നത് മുതൽ തുടങ്ങിയിരിക്കുന്നു പുതിയാപ്പിളക്കുള്ള ഒരുക്കങ്ങൾ, മമ്മദ്ക്ക നെഞ്ച് തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നടക്കുകയാണ്.
ഇത് കണ്ടു മമ്മാലി ചോദിച്ചു .
" അല്ല അമ്മദ്ക്ക ഇത്തിരത്തോളം ആയില്ലേ
പിന്നെ എന്താ ഒരു ബേജാർ, "
ഇനിക്കെന്ത് തിരിഞ്ഞിക്കാനേ
ബാക്കീള്ളോന്റെ നെഞ്ഞത്തുന്നു ഇപ്പൊ
അളക്കുവോ ചെരിയൊ ചീന്ന.
പടച്ചോൻ സലാമത്ത് ആക്കട്ടെ"
അയാൾ വയലിനക്കരെക്ക് കണ്ണും നട്ടു കോനിക്കൽ പോയിരുന്നു. ഒരു ഏഴ് മണിയായിക്കാണും ദൂരെ നിന്നും കാന്ത വിളക്കിന്റെ വെളിച്ചം കണ്ടപ്പോൾ നാസർ വിളിച്ചു പറഞ്ഞു
"ഒരുങ്ങിക്കോളീ പുയ്യാപ്‌പ്ല വരുന്നുണ്ട്,"
കേട്ടവർ കേട്ടവർ വരമ്പിലേക്ക് നോക്കി നിന്ന് അപ്പോൾ ഒരു സംഘഗാനം വയലിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.
തലയിൽ ഒരു കാന്ത വിളക്ക് വെച്ച് ഒരാൾ മുന്നിൽ പിന്നാലെ പാട്ടും ബഹളവുമായി ചങ്ങായി മാർ, കാന്ത വെളിച്ചം അടുക്കുമ്പോൾ പാട്ടിന്റെ ഇമ്പവും കൂടി വരുന്നുണ്ടായിരുന്നു.
"ഇതവരുന്നേ ഇതാ വരുന്നി ......................
വീടിനു അടുത്ത് എത്തിയപ്പോൾ അതെ വരെ പുതിയാപ്പിള വീട്ടിൽ കാവലിരുന്നു ബോറടിച്ച അളിയൻ കുട്ടി മുറ്റത്തേക്ക് ഓടി, അവൻ അകത്തേക്ക് വലിയുമ്പോൾ കാരണവർ അവനെ പിടിച്ചു നിർത്തി കയ്യിൽ ഒരു കിണ്ടി കൊടുത്തിട്ട് പറഞ്ഞു
"നോക്കടാ
ഇഞ്ഞി പുതിയാപ്പിള കയറി വരുമ്പോ
ഓന്റെ കാലുമ്മല് ഈ കിണ്ടി വെള്ളം പാർന്നു കൊടുക്കണം"
"കാലുമ്മലോ" എന്തിനു "അവനു കൗതുകം തോന്നി
"അതെടാ , അപ്പൊ ഓന് കിണ്ടീല് ഒരു പൊന്നിന്റെ മോതിരം ഇടും
അത് എടുത്തിട്ട് എനക്ക് കൊണ്ടത്താട്ടോ"
അളിയൻ കുട്ടിയുടെ അവസാന റോളും അഭിനയിച്ചു കുട്ടി അകത്തേക്ക് ഓടി.
മുറ്റത്ത് ആരോ ചോദിക്കുന്നുണ്ടായിരുന്നു ആരാ പുയ്യാപ്ല.
മമ്മാലി പറഞ്ഞു..
"ആന്താ പോത്തേ
ഇനിക്ക് അറിഞ്ഞൂടെ
ആ വെള്ള കുപ്പായോ, മുണ്ടൂ ഇട്ട് തലേലെ വെള്ള ത്വവ്വല് ചെവീമ്മൽ ഇറുക്കി വെച്ച ഓനില്ലേ അതാ പുയ്യാപ്ല "
പുതിയാപ്പിള വന്നു കയറിയപ്പോൾ പിന്നെ ഹാജിക്ക് മാത്രമേ ശബ്ദം ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നി, ശ്വാസം അടക്കി പിടിച്ചു എല്ലാരും അവരെ സത്കരിക്കാൻ ഉത്സാഹിച്ചു. പെണ്ണാത്ത് കൂട്ടി (നിക്കാഹിനു ശേഷം പെണ്ണിനെ ഒന്നിപ്പിക്കുന്നത് അപ്പോളാണ്)
പെണ്ണാത്തൂട്ടും അമ്മായിയുടെ പാൽ സൽക്കാരവും കഴിഞ്ഞു പുതിയാപ്പിള ഇറങ്ങുമ്പോൾ, വീട്ടിൽ കയറുമ്പോൾ നിർത്തിയ പാട്ട് വീണ്ടും ആരംഭിച്ചു
"അമ്മായി സമ്മതം തന്നോളീ
മാരനെ ഞങ്ങള് കൊണ്ടോണ്"
അവർ പിരിഞ്ഞു പോയതി ശേഷമാണ് വീട് സജീവമായത്.
കോണിക്കൽ നിന്ന് ചിരിച്ചും കൈ കൊടുത്തും ക്ഷീണിച്ച മമ്മദ്ക്ക പച്ച വെള്ളം കുടിച്ചോ എന്ന് പോലും ആരും ചോദിച്ചില്ല. മനസ്സിലെ ആധി കൊണ്ടാവാം അയാൾക്ക് സ്വന്തമായി കഴിക്കാനും തോന്നി കാണില്ല.
പണപ്പയറ്റിന്റെ പുസ്തകം മടക്കി കയ്യിൽ കൊടുത്ത്
അല്ലാഹു മ്മളെ സലാമത്താക്കീക്ക് മമ്മദേ എന്ന് ഹാജി പറഞ്ഞപ്പോൾ ആ പാവത്തിന്റെ കണ്ണുകൾ സജലമായിരുന്നു.
ഒടുവിൽ ഒരു കൂട്ടായ്മയുടെ ഫലമായി തന്റെ മകൾ സന്തോഷത്തോടെ ഇറങ്ങി പോകുന്നത് കണ്ടു അയാൾ നെടുവീർപ്പിടുമ്പോൾ അതിനു വേണ്ടി ഉത്സാഹിച്ചവരും സന്തോഷിക്കുന്നുണ്ടായിരുന്നു.
ഒരുമ നഷ്ട്ടപെട്ടു പെരുമ മാത്രം ബാക്കിയായ ഈ കാലത്ത്
ഇത്തരം മംഗളം ഒരു പാഠമായിരുന്നെങ്കിൽ ...!
അഷറഫ് എസ്സം വരിക്കോളി

2017 മേയ് 2, ചൊവ്വാഴ്ച


  • കാത്തിരിപ്പ്
  • ------------------------
  • അരിയിടുമ്പോൾ ഉരിയരി കൂട്ടുവാൻ
  • കാക്ക, വാഴത്തലപ്പിൽ ഇരുന്നു ചൊല്ലി
  • പടിഞ്ഞാറ് നിന്നും കാറ്റ് വന്നപ്പോൾ
  • അത്തറിൻ മണവും കൊണ്ട് വന്നു

  • മാരൻ വരുന്നെന്ന് നിനച്ചപ്പോൾ അവളുടെ 
  • മനസ്സിൽ കുളിരുള്ള കാറ്റ് വീശി ..
  • മുറ്റമടിക്കണം മാറാല തട്ടണം 
  • മണിയറ ക്കട്ടിലിൽ വിരിപ്പിടേണം 

  • ഊണ് കാലാവുമ്പോൾ ആളിന് കൂട്ടുവാൻ 
  • മാമ്പഴ പുളിശ്ശേരി കൂട്ടി വെക്കാം 
  • തോരൻ വേണം ചമ്മന്തി വേണം 
  • എത്ര നാളായവർ ഇരുന്നുണ്ടിട്ട് 

  • ഏതു തുടങ്ങണമെന്നറിയാതെ അവൾ 
  • അടുക്കള ചുറ്റിൽ കറങ്ങി നിന്ന് 
  • കയ്യിലെ പാത്രം അറിയാതെ വീണപ്പോൾ 
  • ഓർമ്മയിൽ അവളും മടങ്ങി എത്തി 

  • മുറ്റത്തിറങ്ങി ചൂലെടുത്തപ്പോൾ 
  • കൊലുസുകൾക്കെന്തൊ കിലുകിലുപ്പ് 
  • ഖൽബിൽ അടക്കിയ മണിയറ പുസ്തകം 
  • വെറുതെ അവളൊന്നു നിവർത്തി നോക്കി  
  • കൊലുസുകൾ പിന്നെയും ചില ചിലച്ചു 

  • അരിയിട്ട വെള്ളം തൂവി മറിഞ്ഞപ്പോൾ 
  • അമ്മായിയമ്മ വാളെടുത്തു 
  • വെയിലുറച്ചിട്ടും പ്രാതൽ കഴിക്കാതെ 
  • വിഭവങ്ങൾ ഓരോന്നൊരുക്കി വെച്ച് 

  • പുത്തൻ വിരിപ്പിട്ട മണിയറ കട്ടിലിൽ 
  • വെറുതെ അവളൊന്നു പാളി നോക്കി 
  • സിഗരറ്റിൽ ഗന്ധം മൂക്കിലടിച്ചപ്പോൾ 
  • അവളങ്ങു വല്ലാതെ ചൂളിപ്പോയി 

  • കാലനക്കങ്ങൾ കാതോർത്ത് നിൽക്കവേ 
  • ഉമ്മറത്താരോ വന്നു പോയി 
  • ഊണ് കാലായിട്ടും ഉണ്ണാനിരിക്കാതെ 
  • വീട്ടുകാരൊക്കെ തരിച്ചിരിപ്പൂ 

  • ആളുകൾ എന്തോ അടക്കി പറയുന്നു 
  • അമ്മച്ചി നിശ്ചല പ്രതിമയായി 
  • മുറ്റം നിറയെ ആളുകൾ വന്നപ്പോൾ 
  • അറിയാതെ അവളും കരഞ്ഞു പോയി 




  • അഷ്‌റഫ് എസ്സം വരിക്കോളി 

2017 ഫെബ്രുവരി 27, തിങ്കളാഴ്‌ച


  • മിന്നാമിനുങ്ങു
  • ------------------------------------
  • പൂനിലാപ്പൊട്ടിനെ വാലിൽ ചുമന്നു
  • മിന്നിപ്പറക്കും മിന്നാമിനുങ്ങേ
  • കാടും മലയും താണ്ടിക്കഴിഞ്ഞാൽ
  • ഇത്തിരി വെട്ടം കടം തരുമോ

  • വയലുകൾ തൂർത്തത് ഞാനല്ല 
  • ചെടികൾ പിഴുതതും ഞാനല്ല 
  • കായിലും പൂവിലും 
  • മരണം കുടഞ്ഞതും 
  • പുഴകളും വഴികളും  
  • മലിനമായി തീർത്തതും  
  • പാറ തുരന്നതും ഞാനല്ല 

  • മുകിലുകൾ കോപിച്ചു 
  • സൂര്യനും കോപിച്ചു 
  • കാറ്റുകൾ രൗദ്രമായി വന്നുപോയി 
  • ഇടിയൊച്ച കേട്ടാൽ ഭയമാണെനിക്ക് 
  • കുന്നുകൾ താളം തെറ്റി നിൽപ്പൂ 

  • മണലുകൾ പണമായി കടത്തി വിട്ടു  
  • തീരം തിരമാല കൊണ്ടുപോയി 
  • ആറ്റിലും തോട്ടിലും വിണ്ടു മാത്രം 
  • ആടിയും മേടവും ഓർമ്മയായി 

  • തെങ്ങും പിലാവും പുളിമരവും 
  • കോൺക്രീറ്റ് കാടായ് ഉയർന്നു വന്നു 
  • ഇറവെള്ളമൊക്കെ ഒലിച്ചു പോയി 
  • കടലാസ് തോണിയും മരിച്ചു പോയി 

  • ഭരണങ്ങളേറെ മാറി വന്നു
  • കള്ളനും പോലീസും ധന്യരായി 
  • നാളെ പിറക്കുന്ന കുഞ്ഞിന്റെ അന്നവും 
  • വട്ടമിരുന്നവർ സ്വന്തമാക്കി 

  • മിന്നാമിനുങ്ങേ മിന്നും പ്രദോഷമേ 
  • ഇത്തിരി വെട്ടം കടം തരുമോ 
  • പകരമായ് ഞാനെന്റെ മനസ്സ് തരാം 
  • പൂവില്ലെനിക്ക് പൂന്തോട്ടവും 
  • ഉള്ളതോ കൃത്രിമ പൂവ് മാത്രം

  • കായലെ മാപ്പ് കടലേ മാപ്പ് 
  • മിന്നാ മിനുങ്ങേ മാപ്പ് .... 

  • അഷ്‌റഫ് എസ്സം വരിക്കോളി 

2017 ജനുവരി 21, ശനിയാഴ്‌ച

ഓർമ്മകൾ


  • ഓർമ്മകൾ
  • ------------------------
  • ബാങ്കൊലി കേൾക്കുന്നു
  • ഹൃത്തിൽ കുളിരു പടരുന്നു
  • കുറ്റിച്ചൂലുകൾ മുറ്റം നിറയെ
  • ഓടി നടക്കുന്നു
  • മഞ്ഞിൻ തുള്ളികൾ തലയിൽ ചൂടി
  • പുൽക്കൊടി നിൽക്കുന്നു
  • കാക്ക ചിലക്കുന്നു കൂട്ടിൽ
  • കോഴികൾ കൂവുന്നു
  • ഓലകീറു തുളച്ചിട്ടർക്കൻ
  • മണ്ണിൽ ചൂട് പരത്തുന്നു
  • കുഞ്ഞിക്കാലുകൾ കലപില കൂട്ടി
  • ഓത്ത് പഠിക്കാൻ പോകുന്നു
  • ആവി പറക്കും കട്ടൻ ചായയിൽ
  • ഉമ്മ ചിരിക്കുന്നു
  • സ്നേഹക്കൈകൾ തലയിൽ വെച്ച്
  • "ബെക്കം" പോകാൻ ചൊല്ലുന്നു
  • "ബിസ്മിക റബ്ബീ അതുലൂ ദർസീ"
  • ചൊല്ലിപ്പഠിക്കുന്നു
  • നാഴിക നാല് കഴിഞ്ഞാൽ പിന്നെ
  • പള്ളിക്കൂടം പൂകുന്നു
  • രാമുവും ദാസനും റാഫിയുമൊരുമയിൽ
  • പാഠം ചൊല്ലി പഠിക്കുന്നു
  • കളിയാവുമ്പോൾ
  • രാമുവും റാഫിയും
  • തമ്മിൽ തമ്മിൽ തല്ലുന്നു
  • തല്ലുകൾ എന്നും തല്ലുകളായി
  • ക്ലാസിലൊതുങ്ങി തീരുന്നു
  • അപ്പുക്കുട്ടൻ മണിയടി കേട്ടാൽ
  • ജനഗണ ചൊല്ലുന്നു
  • ചേമ്പില ചൂടി പാട്ടും പാടി
  • ഓടിച്ചാടി നടക്കുന്നു
  • എന്തൊരു രസമാനെന്തൊരു
  • സുഖമാണിന്നലെ യോര്ത്ത് കിടന്നീടാൻ
  • ഇന്നലെയെന്നും ഇന്നുകളായി
  • ഓർമ്മച്ചെപ്പിലിരിപ്പുണ്ട്


  • അഷ്‌റഫ് എസ്സം വരിക്കോളി

2017 ജനുവരി 14, ശനിയാഴ്‌ച

സത്ഭരണം

സത്ഭരണം
----------------------------------
സെൽഫിയിലാണ് തുടക്കം
സെൽഫിഷ് ആണ് മുഖ്യം
ഗാന്ധിയാണെന്നാണ് ഭാവം
ഗോഡ്സെയാണ് ദൈവം
കളവാണ് ഭാഷ
കള്ളത്തരമാണ് ജോലി
ഡിജിറ്റലാണ് മന്ത്രം
ശിലായുഗമാണ് തന്ത്രം
ക്യാഷ്‌ലെസ്സ് ആണ് ലക്ഷ്യം
യൂസ്‌ലെസ് ആണ് ഫലം

എങ്കിലും കണ്ണടച്ചോളൂ
വാ പൊത്തിപ്പിടിച്ചു കൊള്ളുക
അരുതാത്ത വല്ലതും മൊഴിഞ്ഞാൽ
കൽബുർഗിക്ക് പിന്നാലെ
നിങ്ങളും ....

അഷ്‌റഫ് എസ്സം വരിക്കോളി