ആകെ പേജ്‌കാഴ്‌ചകള്‍

2015 ജൂലൈ 29, ബുധനാഴ്‌ച

അനീതി
-----------------------
ദേശീയ ഗാനം ചൊല്ലി കിടന്നുറങ്ങിയവൻ
നേരം പുലരുമ്പോൾ ദേശ ദ്രോഹിയാകുന്ന നാട്ടിൽ
യാഖൂബ്, 
താങ്കൾ മരണത്തിലേക്ക് നടന്നടുക്കുക
എന്നെ പോലെ നീതി പീഠത്തിനുമറിയാം
താങ്കൾക്ക് ഈ വിധി അനീതിയെന്നു
ഫാസിസം വിലെക്കെടുത്ത തെളിവുകൾ
താങ്കളെ മരണത്തിലേക്ക് നയിക്കുന്നു
മുരുകനും പേരരിവാളനും ജീവിക്കുമ്പോൾ
താങ്കൾ തൂക്കിലേറുക, താങ്കൾ മേമനാണ്
ഗോദ്രയും ഗുജറാത്തും ബീവണ്ടിയും
ചർച്ചയിൽ ഒതുങ്ങുമ്പോൾ
താങ്കൾ മരണത്തിലേക്ക് നടക്കുക
ദയ ഇല്ലാത്തവർ നാട് ഭരിക്കുമ്പോൾ
താങ്കൾ മരണം കഴുത്തിലണിയുക
താങ്കൾ വായിക്കുന്നത് ഖുറാനാണ്
താങ്കൾ പുഞ്ചിരിയോടെ നടന്നു പോവുക
നീതി നിഷേധിക്കപ്പെടാത്ത ലോകത്തേക്ക്
ദൈവത്തിന്റെ കോടതിയിലേക്ക്
മരണം ഒരു അന്ത്യമല്ല
അനശ്വരതയിലേക്കുള്ള കവാടം മാത്രം

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 16, വ്യാഴാഴ്‌ച

ഈദ് മുബാറക്

ഈദ് മുബാറക്ക്  ............
-------------------------
ശവ്വാലിൻ ചന്ദ്രപ്പൊട്ട്
വാനിലുയരുമ്പോൾ
തക്ബീര് ശബ്ദങ്ങൾ
മനസ്സിൽ മുത്തമിടും

വ്രതശുദ്ധി മധുരം തീർത്ത
ഹൃദയത്തിലത്തറു പൂശി
പെരുന്നാൾ പിറ കണ്ടാൽ
ഫിത്ത്റുകൾ നൽകീടാം

മനസ്സിന്റെ കൊട്ടാരത്തിൽ
തൃപ്തിയുടെ മത്താപ്പൂക്കൾ
ഉയരട്ടെ നാവുകളിൽ
ആഹ്ലാദ തക്ബീര് ധ്വനികൾ ...

പെരുന്നാൾ മൈതാനത്ത്
സ്നേഹത്തിൻ തിരു മുത്തങ്ങൾ
ഉയരട്ടെ വിണ്ണിൽ നിന്നും
ഒരുമയുടെ തക്ബീർ ധ്വനികൾ

ബന്ധങ്ങളുറപ്പിച്ചു
കുടുംബങ്ങൾ ചേരുന്നേരം
റഹ്മത്തിൻ  കുളിരാകട്ടെ
പെരുന്നാളിൻ സുന്ദര സുദിനം

നന്മകൾ വാടാതിനിയും
പുണ്യമാം പൂ മഴക്കാലം
ആയുസ്സിൽ നൽകണേ
ആലമിന്നുടയവനെ ...

അല്ലാഹു അക്ബർ..വലില്ലാഹിൽ ഹംദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 13, തിങ്കളാഴ്‌ച

തിരിച്ചറിവ്

തിരിച്ചറിവ്
----------------------------
കച്ചവടത്തിൽ ഇടിവുകൾ നേരിട്ടപ്പോലാണ് അയാള് ദൈവത്തെ ഓർത്തത് തന്റെ ഇന്നലെകളിലെ പടയോട്ടങ്ങളിൽ കാണാതെ പോയ പലതും അയാൾ കണ്ടു തുടങ്ങി. തന്റെ സന്തോഷവും ആനന്ദവും മാത്രം ചിന്തിച്ച അയാളിൽ പെട്ടന്നായിരുന്നു മരണ ഭയം തേടിയെത്തിയത്

വളരെ കാലത്തിനു ശേഷം അന്നാദ്യമായ്‌ അയാൾ തന്റെ ഉമ്മയെ വിളിച്ചു. ഉമ്മയുടെ "മോനെ" വിളിയിൽ അയാളുടെ കൈകാലുകൾ വിറച്ചു , ലൈലത്തുൽ കദിർ തന്നെ തേടി വന്നത് പോലെ ആ ഉമ്മ സന്തൊഷിക്കുന്നതായ് അയാൾക് തോന്നി ..

മോനെ ഇന്നലയും കൂടി ഞാൻ ബിജാരിച്ചിക്ക് എന്റെ മോനോന്നു വിളിക്കുവോളീന്നു , എത്ര നാളായി മോനോന്നു വിളിച്ചിട്ട് ഉപ്പ എന്നും പറയും നോമ്പും പെരുന്നാളും ഒക്കെ ആയിട്ടും അബ്ദു ഒന്ന് വിളിചില്ലാലോന്നു ... അയാൾ പരുങ്ങി

അത്.. പിന്നെ.. വിവരങ്ങൾ സൂറ .............

അയാള് മുഴുവിക്കുന്നതിനു മുന്നേ ഉമ്മ തുടർന്ന് , ഓല് ഇബ്ട്യാന്നെങ്കില് മക്കളേങ്കിലും എനക്ക് കാണെനൂ .. നോമ്പ് ഒന്ന് മൊതല് ഞാൻ ബിജാരിക്ക്ന്നു  കുട്ടിയെളെ പോയൊന്നു കാണണന്ന് ... പക്കേങ്കില് ഒരു പേക്കെറ്റ് കാരക്കയെങ്കിലും മാങ്ങാണ്ട് പോയാ ഞാൻ എങ്ങന്യാ മോനെ മക്കളെ മൊത്ത് നോക്കുവാ ...

സൂറ കുട്ടിയെളെ കൂട്ടി ബെരൂന്നു ബിജരിച് കാത്ത് കാത്ത് ഇപ്പൊ നോമ്പ് തീരാനായ് ഇനിയെപ്പം ബെരാനാ മോൻ പരയാഞ്ഞിട്ടാവൂലെ ഓല് ബെരാത്തെ ...

ഉപ്പാന്റെ മരുന്ന് തീര്ന്നിട്ടു രണ്ടാഴ്ചയായി .. കിഴക്കേലെ അമ്മദ് കുറച്ച പൈസ കൊടുത്തപ്പോ മാങ്ങിയതാ .. നിനക്കറിയാലോ ഉപ്പ ആരോടും കൈ നീട്ടൂല , മുമ്പൊക്കെ ആരൊക്കയൊ എന്തൊക്കയോ കൊടുക്കലുന്ടെനൂ ഇപ്പൊ ഓല് പറയും പൈസക്കാരൻ മോനുണ്ടാല്ലോന്നു , പടചോനല്ലേ അറിയൂ ....
തീരെ ബുദ്ദി മുട്ടുമ്പോൾ ഞാമ്പറയും മ്മക്ക് അബ്ദൂനോട് ചോയിചോക്കാന്നു അപ്പൊ ഉപ്പയാ പറയല് മാണ്ട ഓന് അറിഞ്ഞു സഹായിക്കട്ടെന്നു ...............
സൂറ മുംബല്ലം ഇടക്ക് ബെരലുണ്ടെനൂ ഇപ്പം ഓളും ............

അയാൾ ഗദ്ഗദത്തോടെ ചോദിച്ചു .. ഉപ്പാക്കും ഉമ്മാക്കും പെരുന്നാൾ കുപ്പായം .............

ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .. അതൊന്നും ഇല്ലങ്കിലും എയില്ലെനു മോനെ എന്റെ മക്കളെ വിളിച്ച് ഇത്തിന മദിരം കൊടുക്കുവെൻ കയിഞ്ഞെങ്കില് ......അയിറ്റിങ്ങളെ കാണേറ്റ് കണ്ണ് പെടക്ക്ന്നു മോനോന്നു പറയോ സൂറാനോട് മക്കളെയും കൂട്ടി ഒന്നിബിടം ബെരെ ബെരുവെൻ ..........ഉമ്മ കരയുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു

ഉമ്മയുടെ വാക്കുകൾ കേട്ട് അയാളുടെ സാമ്രാജ്യങ്ങളിൽ ബാക്കിയുള്ള മേൽകൂരകൾ ഒന്നടങ്കം അയാളുടെ തലയിൽ പതിച്ചതായ് അയാൾക് തോന്നി .. പള്ളിയിലേക്ക് നടന്ന അയാളുടെ കാലുകൾ വിറക്കാൻ തുടങ്ങി ...നടുവഴിയിൽ ഇരുന്നു അയാൾ അയാളെ തന്നെ ശപിച്ചു കൊണ്ടിരുന്നു  . തന്റെ പ്രാർഥനകൾ സ്വീകരിക്കാതെ പോയതിന്റെ പൊരുൾ അയാൾ തിരിച്ചറിഞ്ഞു ,

എല്ലാം തിരുത്തണം , ഉപ്പാന്റെ കാലു പിടിച്ചു മാപ്പ് പറയണം , ഉമ്മാനെയും സുഹറയെയും ഒന്നിപ്പിക്കണം അന്യമായ് ഞാൻ സമ്പാദിച്ചതൊക്കെ തിരിച്ചു കൊടുക്കണം .. എനിക്ക് ഈമാനോടെ മരിക്കണം ......... അയാളിലെ ശ്വാസം വേഗതയിലായി കൈ കാലുകൾ തളർന്നു ....ഒരു തിരുത്തലിനു അവസരമില്ലാതെ ..................
--------------------------
എല്ലാ ശരീരവും മരണത്തെ പുൽകുക തന്നെ ചെയ്യും
കടമകൾ നിറവേറ്റി തൗബ ചെയ്ത് യാത്രക്കൊരുങ്ങുക

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2015 ജൂലൈ 11, ശനിയാഴ്‌ച

നിർഭാഗ്യം

നിർഭാഗ്യം
-----------------------
പ്രാര്‍ത്ഥനകൾ ആകാശത്തേക്ക്
ഉയര്ന്നു പോകാതെ
ഭൂമിയിൽ തങ്ങി നിൽകുന്നതിലേറെ
നിർഭാഗ്യം മറ്റെന്തുണ്ട്
പറഞ്ഞു തീരാത്ത പിണക്കങ്ങളും
കൊടുത്തു തീരാത്ത ഹക്കുകളും
പരിഗണിക്കാത്ത  അപേക്ഷകളും
നന്ദി  പറയാത്ത കടപ്പാടുകളും
പ്രാർത്ഥനകളെ തടഞ്ഞു വെച്ചിരിക്കയാണ്‌
തൗബയുടെ വാതിലുകൾ
മലർക്കെ തുറന്നിരിക്കുംബോളും
ചെയ്തികൾ കഠിന മാക്കിയ ഹൃദയത്തിൽ
ഒരിറ്റ് ഗദ്ഗദം തപ്പി തിരയുകയാണ്
ഖദിറിന്റെ നിലാവ് ഫജുറോടടുക്കുംബോളും
നിരാശനായ് നിറ കണ്ണുമായ് ................

അഷറഫ് എസ്സം വരിക്കോളി

2015 ജൂലൈ 7, ചൊവ്വാഴ്ച

മീസാൻ കല്ലുകൾ
------------------------------

ഓർമ്മയുടെ നിലാ വെളിച്ചത്തിൽ
മീസാൻ കല്ലുകൾ മാടി വിളിക്കുന്നു
നിശബ്ദ മാക്കപെട്ട റൂഹുകളെ
ഗര്ഭം ധരിച്ചു മൗനമായ് തേങ്ങുന്നുണ്ട്
പേരെഴുതാത്ത മീസാൻ കല്ലുകൾ

ആറടിയിലാളെറെ കിടക്കുന്ന
സ്മശാനങ്ങളിൽ
മാറി മാറി വിളിക്കുന്ന പേരുകൾക്ക്
തല കുലുക്കുന്ന മീസാൻ കല്ലുകൾ
മറവിയുടെ ആഴങ്ങളിലാണ്ട് പോയ
ആത്മാവുകളെ ഓർത്ത്
കണ്ണ് നീര് പൊഴിക്കുന്നുണ്ടാവാം

ഞെങ്ങിയമരുന്ന ആത്മാവുകളുടെ
നിലവിളികൾ കേട്ട് കറുത്ത് പോയ
മീസാൻ കല്ലുകൾ
സാന്ത്വനത്തിന്റെ സ്വര്ണ നൂലുമായെത്തുന്ന
നല്ല മക്കളെ മാടി വിളിക്കുന്നു

വിശുദ്ധ വചനം തെന്നലായ് വീശുന്ന
വിശുദ്ധിയുടെ പുണ്യരാവുകളിൽ
മുമ്പേ നടന്നവരിലുമെത്തണം
മഗ്ഫിറത്തിന്റെ പ്രാർത്ഥനാ മന്ത്രങ്ങൾ

ഞാനുമിതിലൊരു മീസാൻ കല്ലായ് മാറാൻ
അതിദൂരമില്ലെന്ന ഓർമ്മയിൽ
ഒരു നുറുങ്ങു വെട്ടം കയ്യിലേന്താൻ
ആത്മാവ് മന്ത്രിച്ചെങ്കിൽ ...........

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 2, വ്യാഴാഴ്‌ച

സൗഹാര്‍ദം


സൗഹാര്‍ദം


'ഉമ്മെറ്റിയാരെ ഇത്തിന തീ മാണ്ടീനല്ലോളീ"
ചെറുപ്പത്തിൽ നാരായണിയുടെ ശബ്ദം കേട്ടാണ് ഉറക്കം ഉണരുന്നത് , അടുത്ത വീട്ടിലെ അടുപ്പ് പുകയാൻ ഇത്തിരി തീ വേണം , നാരായണി കൊണ്ട് വന്ന ഒരു പൊളി മടലിൽ തീ വെച്ച് മറ്റൊരു മടല് കൊണ്ട് മൂടിയാണ് ഉമ്മാമ തീ കൊടുത്തിരുന്നത് , കാരണം ഒരു പൊളി മടലിൽ തീ കൊടുത്താൽ ആ വീട്ടിലെ ദാരിദ്ര്യം അവസാനിക്കില്ല എന്ന ഒരു വിശ്വാസം പണ്ടുണ്ടായിരുന്നു പോലും , നാരായണിയുടെ അടുപ്പ് എന്നും പുകയാൻ ഉമ്മാമയുടെ ഒരു പൊളി മടൽ ദാനമായി കൊടുക്കുന്ന കാലം , ഒരു പൊളിയുടെ കൂടെ കത്തിക്കാൻ മറു പൊളിയില്ലാഞ്ഞും നാരായണി തീ കടം വാങ്ങിക്കാൻ വരുമായിരുന്നു എന്ന് ഉമ്മാമ പറയാറുണ്ട്‌  ,
"ഉമ്മെറ്റിയാരുടെ തീ കിട്ടിയാൽ അന്നത്തെ ദെവസം ഒയൽച കൊറയും"
എന്നാ നാരായണിയുടെ വാദം..
പഞ്ഞവും പരിവട്ടവും പുര നിറഞ്ഞു നിൽകുമ്പോളും നോമ്പ് കാലം വന്നാൽ ഒരു പടല മണ്ണൻ കായയും ഒരു വെള്ളരിയും നാരാണി എവിടുന്നെങ്കിലും സങ്കടിപ്പിച്ചു ഉമ്മാമാക്ക് കൊണ്ട കൊടുക്കും
ഒറ്റ മുണ്ടുടുത്ത് തോർത്ത് പുതച്ചു നടക്കുന്ന നാരാണിക്ക് , ഉരിയരിയും ഒരു തോർത്ത് മുണ്ടും ഉമ്മാമയും കരുതി വെക്കും. ഓണം വന്നാലും, വിഷു വരുമ്പോളും  പട്ടിണി ഇറങ്ങാത്ത നാരായണിയുടെ വീട്ടിൽ , ഉമ്മാമ ഉച്ച ചോറിനു അരിയിടുമ്പോൾ നുള്ളി വെക്കുന്ന ചില്ലറ അരികൾ ചേർത്ത് നാഴിയും ഉരിയുമാക്കി കൊടുക്കുന്ന അരികൊണ്ടായിരുന്നു നാരാണിയും കുടുംബവും സദ്യ ഒരുക്കിയിരുന്നത്, കണ്ണേട്ടന്റെ നിർത്താതെ യുള്ള ചുമയും, പൊക്കിയുടെ പ്രാക്കും അയൽവാസികളായ ഞങ്ങളെ ഒരിക്കലും അലോസര പെടുത്തിയിരുന്നില്ല പകരം , കണ്ണട നെറ്റിയിൽ കയറ്റി വെച്ച് മുട്ടിൽ കൈ കൊടുത്ത് ഉമ്മാമ ഇറയുടെ താഴെ തല വരുത്തി  നാരാണിയുടെ വീട്ടിലേക്ക് നോക്കി പറയും ,
"തിയ്യന് തീരെ ബയ്യാന്നു തോന്നക്കളെ  ,(ഇതൊരു ജാതി വിളിയല്ല ഭര്ത്താവ് എന്ന അർത്ഥത്തിൽ നാരായണി തന്നെ വിളിക്കുന്ന പേരാണ് )
കൊരച്ചിട്ടു ബീര്പ്പ് മുട്ടിപ്പോവൂവോളീ..". അന്യന്റെ വേദനയിൽ സങ്കടപ്പെടുന്ന മനസ്സ്
സക്കാത്ത് കൊടുക്കാൻ മാത്രം പണക്കാരി അല്ലങ്കിലും തനിക്ക് ആരെങ്കിലും തരുന്നതിൽ നിന്നും ഒരു വിഹിതം നാരാണിക്കും കൊടുക്കുമായിരുന്നു.
അടുത്ത വീട്ടിലെ കുഞ്ഞാമിച്ച വന്നാലും മമ്മദ്ക്കയും വന്നാലും ഉമ്മാമാക്ക് ഒരേ ഭാഷയാണ് . ഒരേ സ്നേഹവും.

കാലത്ത് തന്നെ ഉമ്മറത്ത്  അക്കരെയുള്ള ദാസനെയോ പൊക്കനെയൊ കണ്ടാൽ ഉപ്പാപ ഇന്നാലില്ലാഹി ചൊല്ലും. അക്കാലത്ത് അതിരാവിലെ മരണ വാർത്ത അറീക്കാനാണ് പൊക്കനും ദാസനും ഒക്കെ വരാറ്. അതൊരു ജോലി അല്ലങ്കിലും തന്നാലാവുന്നത് താനും ചെയ്യുക എന്ന നല്ല മനസ്സായിരുന്നു അവരെകൊണ്ട് അത് ചെയ്യിക്കുന്നത്.

ജാതിയും വിശ്വാസവും പലതായിരുന്നിട്ടും മനസ്സിൽ സ്നേഹവും സാഹോദര്യവും കൊണ്ട് നടന്നവർക്കിടയിൽ "ഇസ"ങ്ങൾ വന്നപ്പോളാണ് "ത്വങ്ങൾ" ഇല്ലാതായത് . മാപ്പിളക്ക് ഇടങ്ങാഴി കൂടുതൽ കിട്ടിയാൽ ഉരിയരി എനിക്ക് കൂടി കിട്ടും എന്ന അവസ്ഥയിൽ നിന്നും ആരൊക്കയൊ ചെയ്ത പാപത്തിനു നല്ല മനസ്സിനെയും "ജമ്മി"യാക്കി അവന്റെയും   ഇടങ്ങാഴിയിൽ കയ്യിട്ടു വാരണം എന്ന "അവകാശം" പടിപ്പിച്ചിടത്താണ് സൗഹാർദം പിഴച്ചത്. ഏച്ചു കൂട്ടിയാൽ മുഴച്ചു നിൽകും എന്നു പറഞ്ഞത് പോലെ ഓരോ മുറിവുകൾ കൂട്ടി തുന്നുംബോളും അകൽച്ച കൂടി വരികയാണ് .
പഴമയിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമാണ് എന്നാൽ പുതുമയിലും ഒരു തിരിച്ചറിവ് അനുവാര്യമാണ് . ഒരേ നിറമുള്ള ചോരയും ഒരു ശ്വാസവും ഉള്ളവർക്ക് പരസ്പരം കലഹിക്കാതെ അനുഗ്രഹാമായി കിട്ടിയ ആയുസ്സ് സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ഒരവസരം കിട്ടിയെങ്കിൽ ...
എല്ലാവർക്കും
ക്ഷമയുടെയും പൊറുക്കലിന്റെയും നല്ല ദിനാശംസകൾ

അഷ്‌റഫ്‌ എസ്സം വരിക്കോളി