സൗഹാര്‍ദം
'ഉമ്മെറ്റിയാരെ ഇത്തിന തീ മാണ്ടീനല്ലോളീ"
ചെറുപ്പത്തിൽ നാരായണിയുടെ ശബ്ദം കേട്ടാണ് ഉറക്കം ഉണരുന്നത് , അടുത്ത വീട്ടിലെ അടുപ്പ് പുകയാൻ ഇത്തിരി തീ വേണം , നാരായണി കൊണ്ട് വന്ന ഒരു പൊളി മടലിൽ തീ വെച്ച് മറ്റൊരു മടല് കൊണ്ട് മൂടിയാണ് ഉമ്മാമ തീ കൊടുത്തിരുന്നത് , കാരണം ഒരു പൊളി മടലിൽ തീ കൊടുത്താൽ ആ വീട്ടിലെ ദാരിദ്ര്യം അവസാനിക്കില്ല എന്ന ഒരു വിശ്വാസം പണ്ടുണ്ടായിരുന്നു പോലും , നാരായണിയുടെ അടുപ്പ് എന്നും പുകയാൻ ഉമ്മാമയുടെ ഒരു പൊളി മടൽ ദാനമായി കൊടുക്കുന്ന കാലം , ഒരു പൊളിയുടെ കൂടെ കത്തിക്കാൻ മറു പൊളിയില്ലാഞ്ഞും നാരായണി തീ കടം വാങ്ങിക്കാൻ വരുമായിരുന്നു എന്ന് ഉമ്മാമ പറയാറുണ്ട് ,
"ഉമ്മെറ്റിയാരുടെ തീ കിട്ടിയാൽ അന്നത്തെ ദെവസം ഒയൽച കൊറയും"
എന്നാ നാരായണിയുടെ വാദം..
പഞ്ഞവും പരിവട്ടവും പുര നിറഞ്ഞു നിൽകുമ്പോളും നോമ്പ് കാലം വന്നാൽ ഒരു പടല മണ്ണൻ കായയും ഒരു വെള്ളരിയും നാരാണി എവിടുന്നെങ്കിലും സങ്കടിപ്പിച്ചു ഉമ്മാമാക്ക് കൊണ്ട കൊടുക്കും
ഒറ്റ മുണ്ടുടുത്ത് തോർത്ത് പുതച്ചു നടക്കുന്ന നാരാണിക്ക് , ഉരിയരിയും ഒരു തോർത്ത് മുണ്ടും ഉമ്മാമയും കരുതി വെക്കും. ഓണം വന്നാലും, വിഷു വരുമ്പോളും പട്ടിണി ഇറങ്ങാത്ത നാരായണിയുടെ വീട്ടിൽ , ഉമ്മാമ ഉച്ച ചോറിനു അരിയിടുമ്പോൾ നുള്ളി വെക്കുന്ന ചില്ലറ അരികൾ ചേർത്ത് നാഴിയും ഉരിയുമാക്കി കൊടുക്കുന്ന അരികൊണ്ടായിരുന്നു നാരാണിയും കുടുംബവും സദ്യ ഒരുക്കിയിരുന്നത്, കണ്ണേട്ടന്റെ നിർത്താതെ യുള്ള ചുമയും, പൊക്കിയുടെ പ്രാക്കും അയൽവാസികളായ ഞങ്ങളെ ഒരിക്കലും അലോസര പെടുത്തിയിരുന്നില്ല പകരം , കണ്ണട നെറ്റിയിൽ കയറ്റി വെച്ച് മുട്ടിൽ കൈ കൊടുത്ത് ഉമ്മാമ ഇറയുടെ താഴെ തല വരുത്തി നാരാണിയുടെ വീട്ടിലേക്ക് നോക്കി പറയും ,
"തിയ്യന് തീരെ ബയ്യാന്നു തോന്നക്കളെ ,(ഇതൊരു ജാതി വിളിയല്ല ഭര്ത്താവ് എന്ന അർത്ഥത്തിൽ നാരായണി തന്നെ വിളിക്കുന്ന പേരാണ് )
കൊരച്ചിട്ടു ബീര്പ്പ് മുട്ടിപ്പോവൂവോളീ..". അന്യന്റെ വേദനയിൽ സങ്കടപ്പെടുന്ന മനസ്സ്
സക്കാത്ത് കൊടുക്കാൻ മാത്രം പണക്കാരി അല്ലങ്കിലും തനിക്ക് ആരെങ്കിലും തരുന്നതിൽ നിന്നും ഒരു വിഹിതം നാരാണിക്കും കൊടുക്കുമായിരുന്നു.
അടുത്ത വീട്ടിലെ കുഞ്ഞാമിച്ച വന്നാലും മമ്മദ്ക്കയും വന്നാലും ഉമ്മാമാക്ക് ഒരേ ഭാഷയാണ് . ഒരേ സ്നേഹവും.
കാലത്ത് തന്നെ ഉമ്മറത്ത് അക്കരെയുള്ള ദാസനെയോ പൊക്കനെയൊ കണ്ടാൽ ഉപ്പാപ ഇന്നാലില്ലാഹി ചൊല്ലും. അക്കാലത്ത് അതിരാവിലെ മരണ വാർത്ത അറീക്കാനാണ് പൊക്കനും ദാസനും ഒക്കെ വരാറ്. അതൊരു ജോലി അല്ലങ്കിലും തന്നാലാവുന്നത് താനും ചെയ്യുക എന്ന നല്ല മനസ്സായിരുന്നു അവരെകൊണ്ട് അത് ചെയ്യിക്കുന്നത്.
ജാതിയും വിശ്വാസവും പലതായിരുന്നിട്ടും മനസ്സിൽ സ്നേഹവും സാഹോദര്യവും കൊണ്ട് നടന്നവർക്കിടയിൽ "ഇസ"ങ്ങൾ വന്നപ്പോളാണ് "ത്വങ്ങൾ" ഇല്ലാതായത് . മാപ്പിളക്ക് ഇടങ്ങാഴി കൂടുതൽ കിട്ടിയാൽ ഉരിയരി എനിക്ക് കൂടി കിട്ടും എന്ന അവസ്ഥയിൽ നിന്നും ആരൊക്കയൊ ചെയ്ത പാപത്തിനു നല്ല മനസ്സിനെയും "ജമ്മി"യാക്കി അവന്റെയും ഇടങ്ങാഴിയിൽ കയ്യിട്ടു വാരണം എന്ന "അവകാശം" പടിപ്പിച്ചിടത്താണ് സൗഹാർദം പിഴച്ചത്. ഏച്ചു കൂട്ടിയാൽ മുഴച്ചു നിൽകും എന്നു പറഞ്ഞത് പോലെ ഓരോ മുറിവുകൾ കൂട്ടി തുന്നുംബോളും അകൽച്ച കൂടി വരികയാണ് .
പഴമയിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമാണ് എന്നാൽ പുതുമയിലും ഒരു തിരിച്ചറിവ് അനുവാര്യമാണ് . ഒരേ നിറമുള്ള ചോരയും ഒരു ശ്വാസവും ഉള്ളവർക്ക് പരസ്പരം കലഹിക്കാതെ അനുഗ്രഹാമായി കിട്ടിയ ആയുസ്സ് സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ഒരവസരം കിട്ടിയെങ്കിൽ ...
എല്ലാവർക്കും
ക്ഷമയുടെയും പൊറുക്കലിന്റെയും നല്ല ദിനാശംസകൾ
അഷ്‌റഫ് എസ്സം വരിക്കോളി