- കാത്തിരിപ്പ്
- ------------------------
- അരിയിടുമ്പോൾ ഉരിയരി കൂട്ടുവാൻ
- കാക്ക, വാഴത്തലപ്പിൽ ഇരുന്നു ചൊല്ലി
- പടിഞ്ഞാറ് നിന്നും കാറ്റ് വന്നപ്പോൾ
- അത്തറിൻ മണവും കൊണ്ട് വന്നു
- മാരൻ വരുന്നെന്ന് നിനച്ചപ്പോൾ അവളുടെ
- മനസ്സിൽ കുളിരുള്ള കാറ്റ് വീശി ..
- മുറ്റമടിക്കണം മാറാല തട്ടണം
- മണിയറ ക്കട്ടിലിൽ വിരിപ്പിടേണം
- ഊണ് കാലാവുമ്പോൾ ആളിന് കൂട്ടുവാൻ
- മാമ്പഴ പുളിശ്ശേരി കൂട്ടി വെക്കാം
- തോരൻ വേണം ചമ്മന്തി വേണം
- എത്ര നാളായവർ ഇരുന്നുണ്ടിട്ട്
- ഏതു തുടങ്ങണമെന്നറിയാതെ അവൾ
- അടുക്കള ചുറ്റിൽ കറങ്ങി നിന്ന്
- കയ്യിലെ പാത്രം അറിയാതെ വീണപ്പോൾ
- ഓർമ്മയിൽ അവളും മടങ്ങി എത്തി
- മുറ്റത്തിറങ്ങി ചൂലെടുത്തപ്പോൾ
- കൊലുസുകൾക്കെന്തൊ കിലുകിലുപ്പ്
- ഖൽബിൽ അടക്കിയ മണിയറ പുസ്തകം
- വെറുതെ അവളൊന്നു നിവർത്തി നോക്കി
- കൊലുസുകൾ പിന്നെയും ചില ചിലച്ചു
- അരിയിട്ട വെള്ളം തൂവി മറിഞ്ഞപ്പോൾ
- അമ്മായിയമ്മ വാളെടുത്തു
- വെയിലുറച്ചിട്ടും പ്രാതൽ കഴിക്കാതെ
- വിഭവങ്ങൾ ഓരോന്നൊരുക്കി വെച്ച്
- പുത്തൻ വിരിപ്പിട്ട മണിയറ കട്ടിലിൽ
- വെറുതെ അവളൊന്നു പാളി നോക്കി
- സിഗരറ്റിൽ ഗന്ധം മൂക്കിലടിച്ചപ്പോൾ
- അവളങ്ങു വല്ലാതെ ചൂളിപ്പോയി
- കാലനക്കങ്ങൾ കാതോർത്ത് നിൽക്കവേ
- ഉമ്മറത്താരോ വന്നു പോയി
- ഊണ് കാലായിട്ടും ഉണ്ണാനിരിക്കാതെ
- വീട്ടുകാരൊക്കെ തരിച്ചിരിപ്പൂ
- ആളുകൾ എന്തോ അടക്കി പറയുന്നു
- അമ്മച്ചി നിശ്ചല പ്രതിമയായി
- മുറ്റം നിറയെ ആളുകൾ വന്നപ്പോൾ
- അറിയാതെ അവളും കരഞ്ഞു പോയി
- അഷ്‌റഫ് എസ്സം വരിക്കോളി

ആകെ പേജ്‌കാഴ്‌ചകള്‍
2017 മേയ് 2, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ