സ്വപ്നം പോലെ ...........
-----------------------------
അന്നൊരു ഒഴിവു ദിനമായിരുന്നു ,കിടപ്പു മുറിയിലെ ഏകാന്തതയിൽ നിന്നും മുക്തി അയാൾ ഉദ്യാനത്തിലേക്ക് നടന്നു. പ്രണയങ്ങൾ കൊക്കുരുമ്മുന്ന ഉദ്യാനത്തിലെ ഒഴിഞ്ഞ സിമെന്റ് ബെഞ്ച് ലക്ഷ്യമാക്കി നീങ്ങി, അയാളെ പോലെ സൂര്യനും പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ടായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ചുവന്നു തുടുത്ത മുഖവുമായി തന്നെ നോക്കുന്ന സൂര്യന്‍ സത്യത്തില്‍ അയാള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു. തന്റെ സ്മാര്‍ട്ട് ഫോണില്‍ ആ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കുമ്പോളാണ് അയാളാ കാഴ്ചകണ്ടത്. അടുത്തൊരു ബെഞ്ചില്‍ തന്റെ വാർദ്ധക്യം നിറമിട്ട മുടിയിഴകള്‍ മുഖത്ത് നിന്നും തുടരെ തുടരെ മാറ്റിക്കൊണ്ട് ഫോണില്‍ കണ്ണുകള്‍ ആഴ്ത്തിവെച്ച് തോണ്ടി കൊണ്ടിരിക്കുന്ന, ഒറ്റ നോട്ടത്തില്‍ കുലീന എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ. അയാളുടെ നോട്ടം പതിനാലു സെക്കന്റ് കടന്നത് കൊണ്ടാവാം അവള്‍ തല ഉയര്‍ത്തി അയാളെ നോക്കി. വാർദ്ധക്യത്തിന്റെ ചുളിവുകള്‍ വീണെങ്കിലും എന്നോ കണ്ടു മറന്ന മുഖം. അയാള്‍ കണ്ണുകള്‍ തിരികെ എടുത്ത് ഓര്‍മ്മയുടെ സര്‍വ്വറലേക്ക് ചിന്തകള്‍ പായിച്ചു. കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല മനസ്സ് കുഞ്ഞു കാലങ്ങളിലേക്ക് പാഞ്ഞു പോകുമ്പോളൊക്കെ താന്‍ ഓര്‍മയുടെa ചെപ്പില്‍ നിന്നും പുറത്തെടുത്ത് തുടച്ചു വെക്കാറുള്ള ആ കുഞ്ഞു ഫോട്ടോവുമായി നല്ല സാദൃശ്യമുള്ള മുഖം. അയാള്‍ സിമെന്റ് ബെഞ്ചില്‍ നിന്നും എഴുനേറ്റു രണ്ടടി നടന്നു വീണ്ടും ബെഞ്ചിന്റെ മറ്റേ അറ്റത്ത് ആ സ്ത്രീയുടെ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന അത്രയും ദൂരത്ത് പോയിരുന്നു. അപ്പോളും അവര്‍ തന്റെ ഫോണില്‍ വിരലുകള്‍ ചലിപ്പുകയായിരുന്നു. അയാള്‍ അവളുടെ പേര് പലവുരു മനസ്സില്‍ പറഞ്ഞു നോക്കി. വേണ്ട അഥവാ അവളല്ലങ്കില്‍ ഈ പ്രായത്തില്‍ ഞാന്‍.. പക്ഷെ അയാള്‍ക്ക് ചോദിക്കാതെ അവിടം വിടാന്‍ കഴിയുമായിരുന്നില്ല . അയാള്‍ തന്റെ ചമ്മല്‍ ആങ്കലേയത്തില്‍ പൊതിഞ്ഞു ചോദ്യമുരുവിട്ടു (ചിലര്‍ അങ്ങനെയാ കൂട്ടുകാരനോടായാലും ചില്ലറ കടം ചോദിക്കുമ്പോള്‍ ഭാഷ മാറ്റും )
"ആര് യു സലീന ..?"
അവള്‍ ശബ്ദം കേട്ട് തല ഉയര്‍ത്തി കണ്ണുകളില്‍ യവ്വനതിന്റെ തിളക്കത്തോടെ അവര്‍ മൊഴിഞ്ഞു
"യസ് യസ് " കണ്ണില്‍ ഒരുനൂറു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു .
പിന്നീടുള്ള സംസാരം മലയാളത്തില്‍ തന്നെ ആയിരുന്നു. അവര്‍ ഇന്നിനെ കുറിച്ചോ നാളയെ കുറിച്ചോ സംസാരിച്ചില്ല . അവര്‍ രണ്ടു പേരും ഇന്നലകളിലെക്ക് ഓടിപ്പോവുകയായിരുന്നു. ജീവിതം ഓടിയെത്തിയ രണ്ടു കരകളെ കുറിച്ചായിരുന്നു സംസാരം , ഇരു വഴികളായി കടലോര മെത്തിയ ജനുസ്സുള്ള കഥകള്‍.
കുഞ്ഞു ന്നാളില്‍ കളഞ്ഞു പോയ ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. കളിപ്പാട്ടം കയ്യിലെടുത്ത് ഉമ്മ വെക്കാനും തോളിലിട്ടു നടക്കാനും അയാള്‍ കൊതിക്കുന്നുണ്ടായിരുന്നു പക്ഷെ ............
സംസാരം യുഗങ്ങള്‍ താണ്ടിയപ്പോള്‍ അവരിരുവരും ഒരേ ഇരുപ്പിടത്തില്‍ അടുത്തടുത്തായ് ഇരുന്നു. കളങ്കമില്ലാത്ത മനസ്സുമായ് അവര്‍ ഇന്നലെയെ കുറിച്ച വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു . ഇന്നിന്റെ തിരിച്ചറിവുകള്‍ അവരുടെ മനസ്സുകളെ രോഖാധുര മാക്കിയില്ല.
അരികെ ധാന്യങ്ങൾ കൊത്തിപ്പെറുക്കുന്ന ഒറ്റ മൈനയെ ചൂണ്ടി അവൾ പറഞ്ഞു .
"ഞാനും ഇവളും ഒരു പോലെയാണ്"
അയാൾ കൗതുകത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
"അപ്പോൾ ഭർത്താവ് ..?"
"നിങ്ങൾ ചോദിക്കരുതേ എന്ന് ഞാൻ ആശിച്ച ചോദ്യമായിരുന്നു അത് . ഇല്ല എന്ന് പറഞ്ഞാൽ കള്ളമാണ് ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ പിന്നീട് ചോദിക്കുന്നതിനൊന്നും എനിക്ക് മറുവടി പറയാൻ കഴിയില്ല.."
അവരുടെ സംസാരം തെല്ലിട നിന്നു ,
മൗനത്തെ മുറിച്ചു കൊണ്ട് അവൾ തുടർന്ന്
"നിങ്ങൾ ..?"
"ഞാൻ ഹാപ്പിയാണ് എല്ലാരും ഉണ്ട് എല്ലാരും ...."
അയാളുടെ "എല്ലാരും" എന്ന ആവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു ഒരു ആരുമില്ലായ്മ.
ഇത്തിരി കൂടി അടുത്തേക്ക് ഇരുന്നു അവള്‍ ചോദിച്ചു
"നിങ്ങള്‍ എപ്പോളെങ്കിലും എന്നെ കാണുമെന്നു കരുതിയിരുന്നോ ..?"
ഒരു കൌമാരക്കാരിയുടെ ചോദ്യം .. അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു
ഒരു പടിഞ്ഞാറന്‍ കാറ്റ് അവരെ തഴുകി കടന്നു പോയി , അടുത്തുള്ള ചോല മരത്തില്‍ തട്ടി ഉടഞ്ഞു വീണു.
ആ ഉണങ്ങിയ ശിഖരങ്ങള്‍ ചൂണ്ടി അവര്‍ ചോദിച്ചു .."ശുഭ ലക്ഷണം ആണോ ..?"
"അപ്പോള്‍ നീ ഒറ്റ മൈനയെ കണ്ടത് ..?"
അവര്‍ രണ്ടുപേരും കുലുങ്ങി ചിരിച്ചു
സൂര്യന്‍ അസ്തമിച്ചതും ഇരുട്ട് പടരുന്നതും അറിയാതെ അവര്‍ ഉദ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.
അവരുടെ ഇരുപ്പിടത്തിലെ അകലം കുറഞ്ഞു വന്നു , വാക്കുകൾ പതിഞ്ഞതും ശ്വാസം തുടരെ തുടരെ വലിക്കുന്നതും കേൾക്കാമായിരുന്നു .
പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നു അയാൾ പതിയെ എഴുനേറ്റു , പറഞ്ഞു തീരാത്ത കഥയുമായി അവളും ബാങ്ക് തീരുന്നത് വരെ തന്റെ സാരിത്തലപ്പ് കൊണ്ട് തല മറച്ചു ഭവ്യതയോടെ നിന്നു.
"പ്രാർത്ഥനക്ക് സമയമായി നമുക്ക് പിരിയാം"
"നിങ്ങൾ എന്താണ് ദൈവത്തോട് ചോദിക്കുക ..? "
"എന്റെ തെറ്റുകൾ പൊറുക്കാനും എന്നെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പാട് പുണ്യം നൽകാനും. എന്റെ ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കാനും "
"അതിൽ ഞാനുണ്ടാവുമോ ..?"
"ശത്രു പക്ഷത്ത് ഏതായാലും ഇല്ല പിന്നെ പ്രണയം അതിൽ ദൈവ കോപമില്ലങ്കിൽ തീർച്ചയായും "
നമുക്കിടയിൽ പ്രണയം ഉണ്ടായിരുന്നോ ?
"എനിക്കറിയില്ല , നീ ദൂരെ പറന്നു പോയപ്പോൾ എന്റെ മനസ്സ് വേദനിച്ചിരുന്നു ."
നീ പ്രാർത്ഥിക്കാറുണ്ടോ .?"
"ഇല്ല.. ഇതുരവരെ ഇല്ല " "ഇപ്പോൾ പ്രാർത്തിക്കണം എന്ന് തോന്നുന്നു. "
നിലാവും നക്ഷത്രങ്ങളും പെയ്തിറങ്ങുന്ന ഈ ഉദ്യാനത്തിൽ ഏതെങ്കിലും ഒരു ചെടിയായി അല്ലങ്കിൽ ഒരു ഇരിപ്പിടമായി , എന്നും ഇങ്ങനെ .................
നമസ്കാരത്തിനുള്ള വിളി വന്നു
"ദൈവം അനുവദിച്ചാൽ നമുക്ക് വീണ്ടും കാണാം".
വഴി വിളക്കുകൾ വെളിച്ചമിട്ട വഴിയിലൂടെ അവൾ ധൃതിയിൽ നടന്നു പോയി.
ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് അയാൾ കൊതിക്കുന്നുണ്ടായിരുന്നു ...
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ