ആകെ പേജ്‌കാഴ്‌ചകള്‍

2018 ഒക്‌ടോബർ 6, ശനിയാഴ്‌ച

ലാസ്റ്റ് സീൻ


കഥ : അഷ്‌റഫ് എസ്സം വരിക്കോളി

രാത്രി കിടക്കുമ്പോളും കാലത്ത് ഉണരുമ്പോളും വാട്സാപ്പ് നോക്കുക എന്നത് സാബിറക്കും ഒരു ശീലം ആയിരിക്കുന്നു,
ആകാശ ഭൂമിക്കിടയിലെ എല്ലാം അവരുടെ സംസാര വിഷയമാണ്. കളിയും ചിരിയും കൊഞ്ചലും കഴിഞ്ഞു സംസാരം സങ്കടത്തിൽ എത്തുമ്പോൾ ആയാൾ ശരിക്കും ഒരു പ്രവാസിയാവും, തന്റെ ഒരു നൂറു സങ്കടങ്ങൾ ഉള്ളിൽ അടക്കി ചിരിച്ചു കാണിക്കും, നടക്കാത്ത സ്വപനങ്ങൾ നെയ്തു കോരിത്തരിപ്പിക്കും, തന്റെ പ്രിയതമയെ ചിരിപ്പിക്കാൻ വേവാത്ത തമാശകൾ പറയും .


ഡ്യൂട്ടിയിലായിരിക്കുന്ന ഭർത്താവ്, വരുമ്പോൾ കേൾക്കാനും വായിക്കാനും ഒരുപാട് കാര്യങ്ങൾ അവൾ പറഞ്ഞു വെക്കുമായിരുന്നു. എന്നും ഡ്യൂട്ടി കഴിഞ്ഞു വന്നു അതിനുള്ള മറുപടി പറഞ്ഞു വെച്ച് അജ്മൽ ഉറങ്ങാൻ പോകും.

അന്ന് കാലത്ത് തന്റെ മൊബൈൽ എടുത്ത് പ്രിയതമന്റെ മറുപടി തിരഞ്ഞപ്പോൾ തലേ ദിവസം താൻ പറഞ്ഞ ശബ്ദങ്ങൾ നീല വരയില്ലാതെ കണ്ടു അവളുടെ ഖൽബ് ഒന്ന് കത്തി.

"യാ റബ്ബേ ഇക്കാക്ക് എന്ത് പറ്റി " 


പതിവുകൾ തെറ്റുമ്പോൾ ഇപ്പൊ ദുരന്തങ്ങളാണ് ഓർമ്മയിൽ എത്തുക.
ഇന്നലെ വാട്സാപ്പിൽ വായിച്ച വാർത്ത അവളുടെ ബേജാറിനു വേഗത കൂട്ടി.
പിന്നീട് അവളുടെ പ്രഭാത കൃത്യങ്ങൾ മൊബൈലുമായി കണക്ട് ചെയ്തായിരുന്നു. ഓരോ മെസ്സേജ് വരുമ്പോളും അവൾ ഓടിവന്നു തുറന്നു നോക്കും,
ഇല്ല "അജ്മൽ ഇക്ക" എന്ന് സേവ് ചെയ്ത ഹാർട്ടിൽ തുളഞ്ഞു കയറുന്ന അമ്പിന്റെ ചിഹ്നമുള്ള ഐഡി ഇപ്പോളും ഓഫ് ലൈനാണു.

അവൾ അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നുനോക്കി, ഉമ്മയോടോ ഉപ്പയോടൊ അജ്മൽക്ക വിളിച്ചിരുന്നോ എന്ന് ചോദിക്കാനാണ് വന്നത് പക്ഷെ അവർ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവളെ കണ്ടപ്പോൾ പെട്ടെന്ന് സംസാരം നിർത്തി.

അവളുടെ സംശയങ്ങൾ ബേജാറിലേക്ക് വഴി മാറി. വെറുതെ തന്റെ പൊട്ട വിചാരം ആണെന്ന് അവൾ മനസ്സിനെ ആശ്വസിപ്പിച്ചു പക്ഷെ പിന്നെയും പിന്നെയും വയറിനകത്ത് ഓരോ കാളൽ.
ഉമ്മയും ഉപ്പയും പറയുന്നത് ഒളിഞ്ഞു കേൾക്കുന്ന പതിവ് അവൾക്ക് ഇല്ലായിരുന്നു എന്നാൾ അന്നവൾക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി.
അവ്യെക്തമായ അവരുടെ സംസാരങ്ങൾ അവളുടെ നെഞ്ചിടിപ്പ് കൂട്ടി ഒടുവിൽ ഒരു നിലവിളി പോലെ അവൾ ഉമ്മാനോട് ചോദിച്ചു.

"ഉമ്മാ അജ്മൽക്ക ഇങ്ങളെ വിളിച്ചിക്കോ ?"

"ഇല്ലാലോ അതാ ഞാളും പറേന്നെ
ഇന്നലെ ഓനിക്ക് എന്തോ അസുഖം മന്നൂന്നു ഇബ്രായിക്ക കുറച്ചു മുമ്പ് വിളിച്ചപ്പോൾ പറഞ്ഞിക്കെനൂ ."

ഉമ്മാന്റെ സംസാരം കേട്ടപ്പോൾ അവളുടെ കാലിൽ നിന്നും തുടങ്ങി തലയിൽ അവസാനിച്ച തിരയോട്ടം കണ്ണും കാതും അടപ്പിച്ചു. ദുനിയാവിൽ ശ്വാസം തീർന്നു പോയത് പോലെ.
"ഹേ പൊട്ടിപ്പെണ്ണേ".. അവൾ അവളെ തന്നെ വിളിച്ചു
"ഒന്നുമില്ലന്നെ" അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
പക്ഷെ

വീട്ടിലേക്കുള്ള വഴിയിൽ വാഹനങ്ങൾ വരാൻ തുടങ്ങി വന്നവർ വന്നവർ വീട്ടിലേക്ക് കയറാതെ അവിടവിടങ്ങളിൽ നിന്നും തമ്മിൽ തമ്മിൽ പിറുപിറുക്കുകയാണ്.
ആളുകളെ കണ്ടു ഹസ്സനിക്ക ഇറങ്ങി ചെന്നു

"എന്താടോ ഇങ്ങള് ഇങ്ങനെ ബയീല് നിക്കുന്നെ കാരി കുത്തിരിക്കിൻ"
കൂട്ടത്തിൽ മുതിർന്ന മൊയിദീൻക്കയാണ് വിഷയം അവതരിപ്പിച്ചത്.
"അജ്മലിന്...
"ഇന്നലെ ഡ്യൂട്ടി സ്ഥലത്ത് നിന്നും ഒരു നെഞ്ച് വേദന വന്നതാണ് ഹോസ്പിറ്റലിൽ എത്തും മുന്നേ.. "

ഹസ്സനിക്കാനേ താങ്ങിപ്പിടിച്ചാണ് ആളുകൾ വീട്ടിൽ എത്തിച്ചത് അതോടെ വീട്ടിൽ കൂട്ട നിലവിളി. പിന്നീട് ചർച്ച മയ്യത്തിനെ പറ്റിയാണ്, അവിടെ മറവു ചെയ്യണോ നാട്ടിൽ കൊണ്ടുവരണോ ?

കല്യാണം കഴിഞ്ഞു ആദ്യത്തെ പോക്ക് പോയതാണ് ഓളെ കൂടെ ജീവിച്ചു പൂതി മാറിയിട്ടില്ല പക്ഷെ പടച്ചോന്റെ വിധി.
ഓക്ക് ഒരു നോക്ക് കാണാൻ പൂതി ഉണ്ടാവില്ലേ ?
സാമ്പത്തികമായി വളരെ ബുദ്ദിമുട്ടിൽ ഉള്ള ഹസ്സനിക്കയുടെ കുടുംബത്തിന് മൃതദേഹം നാട്ടിൽ എത്തിക്കാൻ വരുന്ന ചിലവ് താങ്ങാവുന്നതിലും അപ്പുറത്ത് ആയിരുന്നു. മാത്രവുമല്ല സമയവും ഇപ്പോളത്തെ നിയമവും.

കൂട്ടത്തിൽ ഒരാൾ ചോദിച്ചു ഹല്ലാ മയ്യത്ത് അവിടെ മറവു ചെയ്യാൻ പറ്റുവോ ? ഇബ്രായി വിളിച്ചപ്പോ അങ്ങനെ ഒരു അഭിപ്രായം ചോദിച്ചിരുന്നു.

"ഇങ്ങള് ഓളോട് ചോയിക്കീൻ "

ഓളോട് ചോദിച്ചാൽ ഇപ്പൊ......... .?

ആദ്യത്തെ ഷോക്കിൽ നിന്നും മുക്തമായ സാബിറ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ മുഖം തുടച്ചു എഴുനേറ്റ് വന്നു. ഉപ്പയുടെ മുഖത്തു നോക്കിയപ്പോൾ അയാൾ തല കുനിച്ചു ,അവളുടെ നോട്ടം മറ്റുള്ളവരിലേക്ക് നീണ്ടു ആർക്കും ധൈര്യമില്ല ചോദിക്കാൻ. ഒടുവിൽ അവൾ തന്നെ പറഞ്ഞു

"ഇക്കാനെ അവിടെ തന്നെ മറവു ചെയ്തോട്ടെ
പടച്ചോൻ വേഗം വിളിച്ചതല്ലേ താമസിപ്പിക്കണ്ട
ഇക്കാന്റെ ജീവനില്ലാത്ത മുഖം എനിക്ക് കാണണ്ട
അവർ എന്നെങ്കിലും തിരിച്ചു വരും എന്ന് ഞാൻ ബിജാരിച്ചോട്ടെ...അതാണ് എനിക്ക് ................"
.
കരച്ചിൽ നിലവിളിയിലേക്ക് നീളുമെന്ന് കണ്ടപ്പോൾ അവൾ അകത്തേക്ക് ഓടി കട്ടിലിൽ കമഴ്ന്നു കിടന്നു പ്രാർത്ഥിച്ചു

"യാ റബ്ബ് നീ എനക്ക് സബൂർ തരണേ.."

സന്ദർശകർ കൂടി ,നൂറായിരം അഭിപ്രായങ്ങൾ സാബിറയെ കുറ്റം പറയുന്നവരും നിസാര മാക്കുന്നവരും ഏറെ.
എല്ലാം കണ്ടും കെട്ടും അവൾ മിണ്ടാതെ കിടന്നു. തന്റെ റൂഹും ആകാശത്തേക്ക് പറന്നെങ്കിൽ എന്നവൾ കൊതിച്ചു. പുറത്ത് മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.
പതിയെ പതിയെ ശബ്ദം നിലച്ചു

പിറ്റേ ദിവസം പ്രഭാതം സാബിറ തന്നെ മൊബൈൽ തുറന്നു നോക്കി
തന്റെ പ്രിയതമന്റെ ഐഡി, അതിൽ ഒരു സന്ദേശവും പുതിയത് ഉണ്ടാവില്ല എന്നവൾക്ക് അറിയാം എന്നിട്ടും...
അവൻ അവസാനമായി പറഞ്ഞ വാക്കുകൾ അവൾ ഒന്ന് കൂടി കേട്ടു

"ഡീ ഇനി കാത്തത്രയൊന്നും കാക്കണ്ട വരുന്ന ഡിസംബറിൽ ഞാൻ വരും സത്യം, നീ പറഞ്ഞ എല്ലാ സ്ഥലത്തും മ്മക്ക് പോവാ. പിന്നെ മ്മക്ക് ഒരു മോൾ ഒക്കെ ശരിയാവുമെടി അല്ലാഹ് അല്ലെ വലുത് ഇഞ്ഞി പ്രാർത്ഥിക്ക്. "

അവൾ വെറുതെ ടൈപ്പിംഗ് പാഡിൽ കൈ അമർത്തി
പതിവ് പോലെ ടൈപ്പ് ചെയ്തു
"ഇക്കാ ഇക്കാക്ക് സുഖമാണോ ?

പെട്ടെന്നായിരുന്നു സന്ദേശം സ്വീകരിച്ചു നീല ടിക്ക് കാണുന്നത്, അവൾ മൊബൈലിലേക്ക് തറപ്പിച്ചു നോക്കി മുകളിൽ എഴുതി കാണിക്കുന്നു
അജ്മൽ ടൈപ്പിംഗ്...............!


✍️
അഷറഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ